മനാമ: പ്രവാസലോകത്തെ മറ്റൊരു പൂരപ്പറമ്പാക്കി സോപാനം വാദ്യസംഗമം 2025ന് കൊടിയിറങ്ങി. നാടിന്റെ താളസ്പന്ദനം കേട്ടറിയുവാന്‍ പതിനായിരത്തിലധികം കാണികള്‍ അദാരി പാര്‍ക്ക് ഗ്രൗണ്ടിലേക്ക് ഒഴുകിയെത്തി. സോപാനം വാദ്യകലാസംഘവും കോണ്‍വെക്‌സ് ഇവന്റും സംയുക്തമായി ബഹ്‌റൈന്‍ ടൂറിസം മന്ത്രാലയ അനുമതിയോടെ സംഘടിപ്പിച്ച പരിപാടികള്‍ ജനബാഹുല്യവും സംഘാടന മികവും സാംസ്‌കാരികതയും ഒത്തുചേര്‍ന്ന അരങ്ങായിരുന്നു. കാണികള്‍ക്ക് വിസ്മരിക്കാനാവാത്ത ദൃശ്യവിരുന്നായിയിരുന്നു സ്വഘാടകര്‍ ഒരുക്കിയത്.

To advertise here,

50 മീറ്റര്‍ നീളമുള്ള വേദിയില്‍ തായമ്പകയുടെ യുവപ്രതിഭകളും സംഘവും തായമ്പകകൊട്ടി വാദ്യസംഗമത്തിനു ആരംഭം കുറിച്ചു, തുടര്‍ന്ന് നൂറില്‍പരം നര്‍ത്തകരുടെ വര്‍ണ്ണോത്സവം നൃത്തപരിപാടി അരങ്ങേറി. താലപ്പൊലിയും മുത്തുകുടകളും വാദ്യമേളങ്ങളും നാടന്‍ കലാരൂപങ്ങളും അണിനിരന്ന വര്‍ണ്ണാഭമായ സ്വീകരണഘോഷയാത്ര കാണികള്‍ക്ക് ഉത്സവപ്രതീതി സമ്മാനിച്ചു. ബഹ്‌റൈന്‍ പാര്‍ലമെന്റ് അംഗം മുഹമ്മദ് ഹുസൈന്‍ അല്‍ ജനാഹി, ബഹ്‌റൈനിലെ ഇന്ത്യന്‍ അംബാസഡര്‍ വിനോദ് ജേക്കബ്, മട്ടന്നൂര്‍ ശങ്കരന്‍കുട്ടി മാരാര്‍, നടന്‍ ജയറാം, ചലച്ചിത്ര പിന്നണി ഗായിക ലതിക, കാഞ്ഞിലശ്ശേരി പത്മനാഭന്‍, അമ്പലപ്പുഴ വിജയകുമാര്‍, സോപാനം ഡയറക്ടര്‍ സന്തോഷ് കൈലാസ്, കോണ്‍വെക്‌സ് ചെയര്‍മാന്‍ അജിത് നായര്‍, ഏലൂര്‍ ബിജു, സംഗീതജ്ഞന്‍, അമ്പിളിക്കുട്ടന്‍, ഫോഗ് സി.ഇ.ഒ. ബിംഗ്ലി ചന്ദ്രന്‍, സനല്‍ കുമാര്‍ നീലേശ്വരം, ചെയര്‍മാന്‍ ചന്ദ്രശേഖരന്‍, കണ്‍വീനര്‍ ജോഷി ഗുരുവായൂര്‍ എന്നിവര്‍ വേദിയില്‍ സന്നിഹിതരായി.

സംഗീതലോകത്തിനു നല്‍കിയ സമഗ്രസംഭാവനകളെ മാനിച്ച് സോപാനം സംഗീതരത്‌നം പുരസ്‌കാരം പ്രശസ്ത സംഗീതജ്ഞന്‍ അമ്പിളിക്കുട്ടന് സമര്‍പ്പിച്ചു, ചലച്ചിത്ര പിന്നണി ഗാനരംഗത്ത് അരനൂറ്റാണ്ട് പിന്നിട്ട ഗായിക ലതിക ടീച്ചറെ വാദ്യസംഗമം വേദിയില്‍ ആദരിച്ചു.

എഴുപതില്‍പരം സോപാനഗായകര്‍ പങ്കെടുത്ത ആദ്യ വിദേശ സോപാന അരങ്ങ് ബഹറിനില്‍ അരങ്ങേറി. പ്രവാസലോകത്ത് ഗുരു സന്തോഷ് കൈലാസിന്റെ ശിക്ഷണത്തില്‍ സോപാന സംഗീതം അഭ്യസിച്ച ഇരുപത്തിയൊന്ന് പുതുമുഖങ്ങളും വാദ്യസംഗമം അരങ്ങിലെത്തി. അമ്പലപ്പുഴ വിജയകുമാര്‍, ഏലൂര്‍ ബിജു, സന്തോഷ് കൈലാസ് എന്നിവരുടെ നേതൃത്വത്തിലാണു സോപാനസംഗീതം അരങ്ങേറിയത്. മുന്നൂറില്‍ പരം വാദ്യകലാകാരന്മാര്‍ പങ്കെടുത്ത ജയറാം, മട്ടന്നൂര്‍ ശങ്കരന്‍കുട്ടി മാരാര്‍ പ്രാമാണികരായി നടന്ന പഞ്ചാരിമേളം അഭൂതപൂര്‍വ്വമായ ജനതിരക്കിനു സാക്ഷിയായി. പതിനായിരത്തിലധികം ജനങ്ങള്‍ ഇത്തവണ വാദ്യസംഗമത്തില്‍ എത്തിച്ചെര്‍ന്നു. പ്രവാസലോകത്ത് ചെണ്ട വാദ്യകല അഭ്യസിച്ച മുപ്പത്തിരണ്ട് പുതുമുഖങ്ങള്‍ ഗുരു സന്തോഷ് കൈലാസിന്റെ ശിക്ഷണത്തില്‍ അരങ്ങിലെത്തി.

ഗായിക ലതിക ടീച്ചറും മിഥുന്‍ ജയരാജും ചേര്‍ന്നവതരിപ്പിച്ച കാതോട് കാതോരം സംഗീതപരിപാടി കാണികള്‍ക്ക് നവ്യാനുഭവമായി. എണ്‍പത്, തൊണ്ണൂറ് കാലഘട്ടങ്ങളിലെ ചലച്ചിത്രഗാനങ്ങളും, ഈണങ്ങളുമായി നടന്ന പരിപാടി ആസ്വദിക്കാന്‍ രാവേറെ ചെന്നിട്ടും ആസ്വാദകര്‍ കാത്തിരുന്നു. ഇന്ത്യയുടേയും ബഹ്‌റൈന്റേയും സാംസ്‌കാരിക വൈവിധ്യം കോര്‍ത്തിണക്കിയ നൃത്ത സമന്വയം വാദ്യസംഗമം വേദിയെ വര്‍ണ്ണാഭമാക്കി. ഭാരതത്തിനു പുറത്ത് ഏറ്റവും കൂടുതല്‍ കലാകാരന്മാര്‍ അണിനിരന്ന സോപാന സംഗീതം, ഏറ്റവും കൂടുതല്‍ വാദ്യകലാകാരന്മാര്‍ പങ്കെടുത്ത പഞ്ചാരിമേളം, ഏറ്റവും വലിയ മേളകലാ അരങ്ങ്, തുടങ്ങി നിരവധി അപൂര്‍വ്വതകള്‍ വാദ്യസംഗമം 2025നുണ്ട്. അടുത്ത വാദ്യസംഗമത്തിനായുള്ള പ്രതീക്ഷകള്‍ പങ്കുവെച്ചാണ് കലാ ആസ്വാദകര്‍ വാദ്യസംഗമം പരിപാടിയില്‍നിന്ന് പിരിഞ്ഞത്.