മനാമ: ബഹ്‌റൈൻ കിരീടാവകാശിയും പ്രധാനമന്ത്രിയുമായ പ്രിൻസ് സൽമാൻ ബിൻ ഹമദ് അൽ ഖലീഫ യുണൈറ്റഡ് അറബ് എമിറേറ്റിൽ (യുഎഇ) എത്തിച്ചേർന്നു. സന്ദർശന വേളയിൽ അദ്ദേഹം യുഎഇ പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാനുമായി കൂടിക്കാഴ്ച നടത്തും.

To advertise here,

വിവിധ മേഖലകളിലെ സഹകരണം, പങ്കാളിത്തം, ഏകോപനം എന്നിവയിൽ അധിഷ്ഠിതമായ ബഹ്‌റൈനും യുഎഇയും തമ്മിലുള്ള ദീർഘകാല ചരിത്രപരമായ ബന്ധത്തിന് കൂടുതൽ കരുത്തുപകരുന്നതാണ് ഈ സന്ദർശനം. യുഎഇയിലെത്തിയ കിരീടാവകാശിയെ അബുദാബി കിരീടാവകാശി ഷെയ്ഖ് ഖാലിദ് ബിൻ മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാനും, യുഎഇയിലെ ബഹ്‌റൈൻ അംബാസഡർ ഷെയ്ഖ് ഖാലിദ് ബിൻ അബ്ദുള്ള അൽ ഖലീഫയും ചേർന്ന് സ്വീകരിച്ചു.

ഉന്നതതല സംഘം

ധനകാര്യ-ദേശീയ സമ്പദ്‌വ്യവസ്ഥാ മന്ത്രി ഷെയ്ഖ് സൽമാൻ ബിൻ ഖലീഫ അൽ ഖലീഫ, കാബിനറ്റ് കാര്യ മന്ത്രി ഹമദ് ബിൻ ഫൈസൽ അൽ മാലിക്കി, കിരീടാവകാശിയുടെ പ്രൈവറ്റ് സെക്രട്ടറി ഷെയ്ഖ് അബ്ദുള്ള ബിൻ ഈസ അൽ ഖലീഫ, സ്ട്രാറ്റജിക് സെക്യൂരിറ്റി ബ്യൂറോ ചെയർമാൻ ഷെയ്ഖ് അഹമ്മദ് ബിൻ അബ്ദുൽ അസീസ് അൽ ഖലീഫ, പ്രധാനമന്ത്രിയുടെ ഓഫീസിലെ പോളിസി ആൻഡ് കോർഡിനേഷൻ ഡയറക്ടർ ജനറൽ ഷെയ്ഖ് ഫഹദ് ബിൻ അബ്ദുൽ റഹ്‌മാൻ അൽ ഖലീഫ, പ്രധാനമന്ത്രിയുടെ ഓഫീസ് ഡയറക്ടർ ജനറൽ ഹമദ് യാക്കൂബ് അൽ മഹമീദ്, കിരീടാവകാശിയുടെ കൊട്ടാരത്തിലെ പ്രോട്ടോക്കോൾ ചീഫ് മുഹമ്മദ് ഖാലിദ് അൽ ഫദാല എന്നിവരടങ്ങുന്ന ഉന്നതതല സംഘവും കിരീടാവകാശിയെ അനുഗമിക്കുന്നുണ്ട്.