മനാമ: സംസ്കൃതി ബഹ്റൈൻ ഷിഫ അൽ ജസീറ ഹോസ്പിറ്റലുമായി സഹകരിച്ച് വനിതകൾക്കായി പ്രത്യേക സൗജന്യ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു. മനാമയിലെ ഷിഫ അൽ ജസീറ ഹോസ്പിറ്റലിൽ നടന്ന ക്യാമ്പിന്റെ പ്രധാന ലക്ഷ്യങ്ങൾ സ്തനാർബുദത്തെക്കുറിച്ച് അവബോധം വളർത്തുക, രോഗം നേരത്തേ കണ്ടെത്തുന്നതിന്റെ പ്രാധാന്യം ജനങ്ങളിലെത്തിക്കുക, വനിതകളുടെ ആരോഗ്യസംരക്ഷണവും രോഗപ്രതിരോധ പ്രവർത്തനങ്ങളും പ്രോത്സാഹിപ്പിക്കുക എന്നിവയായിരുന്നു.

To advertise here,

ക്യാമ്പിന്റെ ഭാഗമായി രക്തത്തിലെ പഞ്ചസാര, കൊളസ്ട്രോൾ, യൂറിക് ആസിഡ്, ക്രിയാറ്റിനിൻ, രക്തസമ്മർദം എന്നിവയുടെ സൗജന്യ പരിശോധനകളും ജനറൽ ഫിസിഷ്യന്റെ കൺസൾട്ടേഷനും ലഭ്യമാക്കി. ആരോഗ്യകരമായ ജീവിതശൈലിയെക്കുറിച്ചുള്ള ബോധവൽക്കരണ ക്ലാസും സംഘടിപ്പിച്ചു. കൂടാതെ, ആശുപത്രിയിലെ ലബോറട്ടറി പരിശോധനകൾക്ക് 50 ശതമാനം ഇളവും അനുവദിച്ചു.

സംസ്കൃതി ബഹ്റൈൻ വൈസ് പ്രസിഡന്റ് ആനന്ദ് സോണിയുടെ നേതൃത്വത്തിലാണ് പരിപാടി സംഘടിപ്പിച്ചത്. റീന ബിനീഷ്, പ്രിയ മണികണ്ഠൻ എന്നിവർ പ്രോഗ്രാം അഡ്മിനിസ്ട്രേറ്റർമാരായും സംഗീത സുധീഷ്, നിജി സുധീഷ്, ലിഷ സജീഷ് കുമാർ, രമ സന്തോഷ്, സീന സുബിൻ, ലിബി രഞ്ജിത്ത്, ശ്രീജിത എം.കെ. എന്നിവർ കോർഡിനേറ്റർമാരായും പ്രവർത്തിച്ചു.

സംസ്കൃതിയിലെ വനിതാ അംഗങ്ങളുടെയും സന്നദ്ധപ്രവർത്തകരുടെയും സജീവ പങ്കാളിത്തം പരിപാടിയുടെ വിജയത്തിൽ നിർണായകമായി. സംസ്കൃതി ബഹ്റൈൻ പ്രസിഡന്റ് ദീപക് നന്ദ്യാല, ജനറൽ സെക്രട്ടറി റെജു ആൻഡ്രൂ, എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങൾ, റീജിയണൽ പ്രസിഡന്റുമാരായ രജീഷ് ടി. ഗോപാൽ, വിനയ് ചന്ദേൽ, പ്രേം സാഗർ എന്നിവർ സംഘാടകരെയും കോർഡിനേറ്റർമാരെയും സന്നദ്ധപ്രവർത്തകരെയും അഭിനന്ദിക്കുകയും നന്ദി അറിയിക്കുകയും ചെയ്തു.

ക്യാമ്പിന് ആവശ്യമായ സഹകരണവും പിന്തുണയും നൽകിയ ഷിഫ അൽ ജസീറ ഹോസ്പിറ്റൽ മാനേജ്മെന്റിനും മെഡിക്കൽ ടീമിനും പ്രത്യേക നന്ദി രേഖപ്പെടുത്തി. വനിതകളുടെ ആരോഗ്യസംരക്ഷണം, കുടുംബക്ഷേമം, സാമൂഹിക സേവനം എന്നിവയ്ക്ക് മുൻഗണന നൽകി കൂടുതൽ ജീവകാരുണ്യ-സാമൂഹികക്ഷേമ പ്രവർത്തനങ്ങൾ തുടർന്നും സംഘടിപ്പിക്കുമെന്ന് സംസ്കൃതി ബഹ്റൈൻ അറിയിച്ചു.