മനാമ: കേരള പ്രദേശ് കോണ്‍ഗ്രസ് കമ്മിറ്റിയുടെ (കെ.പി.സി.സി) പ്രസിദ്ധീകരണ വിഭാഗമായ പ്രിയര്‍ശിനി പബ്ലിക്കേഷന്റെ പ്രവര്‍ത്തനം ഗള്‍ഫ് മേഖലയിലേക്കും വ്യാപിപ്പിക്കുന്നു. പ്രവാസികള്‍ക്കിടയില്‍ വായനയും എഴുത്തും പ്രോത്സാഹിപ്പിക്കുക എന്ന ഉദ്ദേശത്തോടെ വിവിധ ഗള്‍ഫ് രാജ്യങ്ങളിലേക്ക് പ്രിയര്‍ശിനി പബ്ലിക്കേഷന്‍ കോ-ഓര്‍ഡിനേറ്റര്‍മാരെ നിയമിച്ചു. ഒ.ഐ.സി.സി. ദേശീയ ജനറല്‍ സെക്രട്ടറി സൈദ് എം.എസിനെ ബഹ്റൈന്‍ കോ-ഓര്‍ഡിനേറ്ററായി തിരഞ്ഞെടുത്തതായി കെ.പി.സി.സി. ജനറല്‍ സെക്രട്ടറിയും പ്രിയര്‍ശിനി പബ്ലിക്കേഷന്‍ വൈസ് ചെയര്‍മാനുമായ അഡ്വ. പഴകുളം മധു അറിയിച്ചു. 

To advertise here,

പ്രവാസി മലയാളികള്‍ക്കിടയില്‍ സാഹിത്യ അഭിരുചി വളര്‍ത്തിയെടുക്കുകയാണ് ഗള്‍ഫിലേക്ക് പ്രവര്‍ത്തനം വ്യാപിപ്പിക്കുന്നതിലൂടെ പ്രിയര്‍ശിനി പബ്ലിക്കേഷന്‍ ലക്ഷ്യമിടുന്നത്. സാഹിത്യ, സാംസ്‌കാരിക ചടങ്ങുകള്‍ സംഘടിപ്പിക്കുക, പുസ്തക മേളകള്‍ സംഘടിപ്പിക്കുക, പ്രവാസികളുടെ മക്കള്‍ക്കിടയില്‍ എഴുത്തിനെയും വായനയെയും പ്രോത്സാഹിപ്പിക്കുക, ദേശീയ നേതാക്കന്മാരുടെയും സ്വാതന്ത്ര്യ സമര സേനാനികളുടെയും പുസ്തകങ്ങള്‍ പ്രവാസി സമൂഹത്തിന് ലഭ്യമാക്കുക, ഫാസിസ്റ്റ് വിരുദ്ധരായ എഴുത്തുകാര്‍ അരികുവത്കരിക്കപ്പെടുന്നതിനെ പ്രതിരോധിക്കുക തുടങ്ങിയവയും പ്രിയര്‍ശിനി പബ്ലിക്കേഷന്റെ ലക്ഷ്യങ്ങളാണ്. 

സംഘടനയുടെ നേതൃത്വത്തില്‍ ബഹ്റൈനിലും നിരവധിയായ സാഹിത്യ സാംസ്‌കാരിക ചടങ്ങുകള്‍ സംഘടിപ്പിക്കുവാനുള്ള ശ്രമങ്ങളുമായി മുന്നോട്ട് പോവുകയാണെന്ന് ബഹ്റൈന്‍ കോ-ഓര്‍ഡിനേറ്റര്‍ സൈദ് എം.എസ്. പറഞ്ഞു. ബഹ്റൈനില്‍ നിരവധി മികച്ച എഴുത്തുകാരും വായനക്കാരുമുണ്ട്. അവരെ എല്ലാവരെയും ചേര്‍ത്ത് പിടിച്ച് മുന്നോട്ട് പോകുവാനാണ് ശ്രമിക്കുന്നത് . എഴുത്തുകാരെ പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി അവരുടെ കൃതികള്‍ പ്രസിദ്ധീകരിക്കുവാനുള്ള സൗകര്യം സംഘടന ചെയ്തു കൊടുക്കും. കൂടാതെ എഴുത്തിന്റേയും വായനയുടേയും വഴിയിലേക്ക് പുതിയ പ്രവാസി തലമുറയെയും കൊണ്ട് വരുന്നതിന് വിവിധങ്ങളായ പരിപാടികള്‍ സംഘടന നടപ്പാക്കുമെന്നും അദ്ദേഹം പറഞ്ഞു. 

തൊഴില്‍ കഴിഞ്ഞ് മറ്റ് സാംസ്‌കാരിക പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുവാന്‍ സാധിക്കാതെ ഏകാന്തത അനുഭവിക്കുന്ന പ്രവാസികളെ വായനയുടെ പുതിയ ലോകത്തേക്ക് കൂട്ടികൊണ്ട് പോകുവാനും, മാനസിക സംഘര്‍ഷം ഇല്ലാതാക്കി, മാനസികാരോഗ്യം മെച്ചപ്പെടുത്തി, ജീവിതം നയിക്കുവാന്‍ സാധിക്കുന്ന പ്രവര്‍ത്തനങ്ങള്‍ ലക്ഷ്യമിട്ടുള്ള പ്രവര്‍ത്തനങ്ങള്‍ നടപ്പിലാക്കാനും. പ്രസ്തുത ലക്ഷ്യം പൂര്‍ത്തീകരിക്കുന്നതിന് അക്ഷര സ്‌നേഹികളായ മുഴുവന്‍ ബഹ്റൈന്‍ പ്രവാസികളുടെയും പിന്തുണ അഭ്യര്‍ത്ഥിക്കുന്നതായും സൈദ് എം.എസ്. അറിയിച്ചു.