മനാമ: ഗൾഫ് സഹകരണ കൗൺസിൽ (ജി.സി.സി) രാജ്യങ്ങളിൽ നിന്നുള്ള സർക്കാർ സ്ഥാപനങ്ങൾ, വ്യവസായ സ്ഥാപനങ്ങൾ, നിക്ഷേപകർ, വിദഗ്ധർ എന്നിവരുടെ വിപുലമായ പങ്കാളിത്തത്തോടെ 'എക്‌സിബിഷൻ വേൾഡ് ബഹ്റൈനിൽ' മൂന്ന് ദിവസങ്ങളിലായി നടന്ന 'മെയ്ഡ് ഇൻ ജി.സി.സി. 2026' ഫോറവും പ്രദർശനവും ബഹ്റൈൻ വിജയകരമായി പൂർത്തിയാക്കി. തന്ത്രപ്രധാനമായ മേഖലകളിലെ നിരവധി കരാറുകൾ, പങ്കാളിത്തങ്ങൾ, വ്യാവസായിക പദ്ധതികൾ എന്നിവയുടെ പ്രഖ്യാപനത്തിന് പരിപാടി സാക്ഷ്യം വഹിച്ചു. ജി.സി.സി. രാജ്യങ്ങളിലെ വ്യവസായ- വാണിജ്യ മന്ത്രിമാർ, ജി.സി.സി. സെക്രട്ടറി ജനറൽ, വ്യവസായ പ്രമുഖർ, നിക്ഷേപകർ, വിദഗ്ധർ എന്നിവരുടെ സാന്നിധ്യത്തിൽ, ബഹ്റൈൻ രാജാവ് ഹമദ് ബിൻ ഈസ അൽ ഖലീഫയ്ക്ക് വേണ്ടി കിരീടാവകാശിയും പ്രധാനമന്ത്രിയുമായ പ്രിൻസ് സൽമാൻ ബിൻ ഹമദ് അൽ ഖലീഫയാണ് ഫോറവും പ്രദർശനവും ഉദ്ഘാടനം ചെയ്തത്.

To advertise here,

20,000 ചതുരശ്ര മീറ്ററിലധികം വിസ്തൃതിയുള്ള പ്രദർശന സ്ഥലത്ത് നടന്ന പ്രഥമ പരിപാടിയിൽ 10,500-ലധികം സന്ദർശകരും 120-ലധികം പ്രദർശകരും പങ്കെടുത്തു. ആഗോള വിപണികളിലേക്കുള്ള പ്രവേശനം, വിതരണ ശൃംഖലയുടെ കരുത്ത് സംയുക്ത നിക്ഷേപം, സ്മാർട്ട് ഫാക്ടറികളും നവീകരണവും, സുസ്ഥിരത, ധനസഹായം, അടിസ്ഥാന സൗകര്യങ്ങൾ, സാമ്പത്തിക മേഖലകൾ എന്നിവ ഉൾക്കൊള്ളുന്ന എട്ട് പ്രധാന സെഷനുകളിലായി 30-ലധികം പ്രഭാഷകരും വിദഗ്ധരും പങ്കെടുത്തു. ഊർജം, ഊർജ്ജ സംഭരണം, അലുമിനിയം, ഭക്ഷ്യ വ്യവസായങ്ങൾ, വാഹന നിർമാണം, ബാറ്ററി നിർമാണം, ലോജിസ്റ്റിക്‌സ്, വ്യാവസായിക ധനകാര്യം, സുസ്ഥിര നിർമാണം തുടങ്ങിയ മേഖലകളിലെ കരാറുകൾ, പങ്കാളിത്തങ്ങൾ, വ്യാവസായിക വിപുലീകരണങ്ങൾ എന്നിവയുടെ പ്രഖ്യാപനത്തിന് ഫോറവും പ്രദർശനവും വേദിയായി. ഗൾഫ് ഉത്പന്നങ്ങൾക്കായി പുതിയ വിപണികൾ തുറക്കുന്നതിനും കയറ്റുമതി ശക്തിപ്പെടുത്തുന്നതിനുമുള്ള പദ്ധതികളും പ്രഖ്യാപിക്കപ്പെട്ടു.

ജി.സി.സി. രാജ്യങ്ങൾക്കിടയിൽ സംയുക്ത വ്യാവസായിക- നിക്ഷേപ അവസരങ്ങൾ വികസിപ്പിക്കുന്നതിനുള്ള അടിത്തറ പരിപാടിയിലൂടെ പാകിയതായി വ്യവസായ-വാണിജ്യ മന്ത്രി അബ്ദുല്ല ബിൻ അദെൽ ഫഖ്റോ പറഞ്ഞു. മേഖലയിലെ വിഭവങ്ങൾ, വ്യാവസായിക ശേഷി, മികച്ച അടിസ്ഥാന സൗകര്യങ്ങൾ, ലോജിസ്റ്റിക്‌സ്, സാമ്പത്തിക സേവനങ്ങൾ, വിദഗ്ധ തൊഴിലാളികൾ എന്നിവ ഗൾഫ് മൂല്യ ശൃംഖലകളെ ശക്തിപ്പെടുത്തുന്നതിനും അന്താരാഷ്ട്ര വിപണികളിൽ ഗൾഫ് ഉൽപ്പന്നങ്ങളുടെ സാന്നിധ്യം വർദ്ധിപ്പിക്കുന്നതിനും സഹായകമായ അടിത്തറയൊരുക്കുന്നുവെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.

പരിപാടിയുടെ വിജയത്തിന് കാരണമായ കൂട്ടായ പരിശ്രമങ്ങളെ അദ്ദേഹം അഭിനന്ദിച്ചു. 'ടീം ബഹ്റൈൻ' എന്ന മനോഭാവവും സർക്കാർ- സ്വകാര്യ മേഖലകൾ തമ്മിലുള്ള സഹകരണവുമാണ് ഇതിന്റെ നടത്തിപ്പിൽ പ്രതിഫലിച്ചതെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ഫൗലാത്ത് ഹോൾഡിങ്, അലുമിനിയം ബഹ്റൈൻ (അൽബ), മിഡാൽ കേബിൾസ്, ബാങ്ക് ഓഫ് ബഹ്റൈൻ ആൻഡ് കുവൈറ്റ്, എ.പി.എം. ടെർമിനൽസ് ബഹ്റൈൻ, ബഹ്റൈൻ ചേംബർ ഓഫ് കൊമേഴ്സ് ആൻഡ് ഇൻഡസ്ട്രി എന്നിവ ഉൾപ്പെടെ സംഘാടക സമിതികൾ, പങ്കാളികൾ, സ്വകാര്യ മേഖലയിലെ പിന്തുണക്കാർ എന്നിവരുടെ സംഭാവനകളെ ഫഖ്റോ പ്രത്യേകം പരാമർശിച്ചു.

ലേബർ ഫണ്ട് (താംകീൻ), ബഹ്റൈൻ ടൂറിസം ആൻഡ് എക്‌സിബിഷൻസ് അതോറിറ്റി കൂടാതെ സേവനങ്ങളിലൂടെയോ മറ്റോ പിന്തുണ നൽകിയ മറ്റ് പങ്കാളികൾ എന്നിവരുടെ സഹകരണത്തെയും അദ്ദേഹം അഭിനന്ദിച്ചു. രിപാടിക്കിടയിൽ രൂപപ്പെട്ട വ്യാവസായിക- ിക്ഷേപ ബന്ധങ്ങൾ കൂടുതൽ വിപുലീകരിക്കുന്നതിനും, പ്രാദേശിക വ്യാവസായിക ഏകീകരണം, വൈവിധ്യവത്കരണം, മത്സരക്ഷമത എന്നിവ ശക്തിപ്പെടുത്തുന്നതിനായി ജി.സി.സി. സ്ഥാപനങ്ങളും കമ്പനികളും തമ്മിലുള്ള സഹകരണം വർധിപ്പിക്കുന്നതിനും ഊന്നൽ നൽകിക്കൊണ്ടാണ് ആദ്യ പതിപ്പ് സമാപിച്ചത്.