മനാമ: ഇന്ത്യൻ യൂത്ത് കൾച്ചറൽ കോൺഗ്രസ് (ഐ.വൈ.സി.സി) ബഹ്റൈന്റെ നേതൃത്വത്തിൽ വിപുലമായ മെമ്പർഷിപ്പ് ക്യാമ്പയിന് തുടക്കമായി. 2026 നവംബർ 1 മുതൽ ഡിസംബർ 31 വരെ രണ്ടുമാസം നീണ്ടുനിൽക്കുന്ന അംഗത്വ ക്യാമ്പയിൻ ബഹ്റൈനിലെ ഒമ്പത് ഏരിയ കമ്മിറ്റികളുടെ നേതൃത്വത്തിൽ ബഹുജന പങ്കാളിത്തത്തോടെ സംഘടിപ്പിക്കാനാണ് സംഘടനയുടെ തീരുമാനം.
‘സാമൂഹിക നന്മയ്ക്ക് സമർപ്പിത യുവത്വം’ എന്ന മുദ്രാവാക്യമുയർത്തിയാണ് ഇത്തവണത്തെ മെമ്പർഷിപ്പ് ക്യാമ്പയിൻ സംഘടിപ്പിക്കുന്നത്. പ്രവാസി യുവജനങ്ങളെ സംഘടനാ പ്രവർത്തനങ്ങളുമായി കൂടുതൽ അടുപ്പിക്കുക, സാമൂഹിക പ്രതിബദ്ധതയുള്ള യുവജന കൂട്ടായ്മ ശക്തിപ്പെടുത്തുക, പുതിയ തലമുറയ്ക്ക് പൊതുപ്രവർത്തന രംഗത്ത് അവസരങ്ങൾ ഒരുക്കുക തുടങ്ങിയ ലക്ഷ്യങ്ങളോടെയാണ് ക്യാമ്പയിൻ ആരംഭിച്ചിരിക്കുന്നത്.
ബഹ്റൈനിൽ കഴിഞ്ഞ 13 വർഷമായി സാമൂഹിക, സാംസ്‌കാരിക, ജീവകാരുണ്യ മേഖലകളിൽ പ്രവർത്തിച്ചുവരുന്ന ഐ.വൈ.സി.സി, സംഘടനയുടെ പ്രവർത്തനങ്ങൾ കൂടുതൽ വിപുലീകരിക്കുന്നതിനും പുതിയ അംഗങ്ങളെ വിവിധ പ്രവർത്തന മേഖലകളിലേക്ക് കൊണ്ടുവരുന്നതിനുമാണ് അംഗത്വ ക്യാമ്പയിനിലൂടെ ലക്ഷ്യമിടുന്നത്.
ഗുദൈബിയ, ഹമദ് ടൗൺ, മുഹറഖ്, സൽമാനിയ, ടുബ്ലി-സൽമാബാദ്, റിഫ, ഹിദ്ദ്-അറാദ്, ബുദയ്യ, മനാമ എന്നീ ഒമ്പത് ഏരിയ കമ്മിറ്റികളാണ് മെമ്പർഷിപ്പ് ക്യാമ്പയിന് നേതൃത്വം നൽകുന്നത്.
ഓരോ ഏരിയ കമ്മിറ്റിയും അതത് പ്രദേശങ്ങളിലെ പ്രവാസി മലയാളികളുമായി ബന്ധപ്പെടുകയും സംഘടനയുടെ പ്രവർത്തനങ്ങളെക്കുറിച്ച് പരിചയപ്പെടുത്തുകയും അംഗത്വ നടപടികൾ ഏകോപിപ്പിക്കുകയും ചെയ്യും. പരമാവധി യുവജനങ്ങളിലേക്ക് സംഘടനയുടെ സന്ദേശം എത്തിക്കുന്നതിനാണ് ക്യാമ്പയിനിൽ പ്രാധാന്യം നൽകുന്നത്.
ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ ആശയങ്ങളോട് ആഭിമുഖ്യമുള്ള പ്രവാസി യുവജനങ്ങളുടെ കൂട്ടായ്മയായ ഐ.വൈ.സി.സി ബഹ്റൈൻ, രാഷ്ട്രീയ പ്രവർത്തനങ്ങളിൽ മാത്രം ഒതുങ്ങിനിൽക്കുന്ന സംഘടനയല്ലെന്നും വിവിധ സാമൂഹിക മേഖലകളിൽ പ്രവർത്തിക്കുന്ന യുവജന കൂട്ടായ്മ കൂടിയാണെന്നും സംഘടനാ നേതൃത്വം വ്യക്തമാക്കി.
കായികരംഗത്ത് താൽപര്യമുള്ളവർക്ക് സ്പോർട്സ് വിഭാഗത്തിലൂടെയും കലാപരമായ കഴിവുകളുള്ളവർക്ക് കലാ-സാംസ്‌കാരിക വിഭാഗത്തിലൂടെയും സാമൂഹിക സേവനങ്ങളിൽ താൽപര്യമുള്ളവർക്ക് ചാരിറ്റി വിഭാഗത്തിലൂടെയും പ്രവർത്തിക്കാനുള്ള അവസരം സംഘടന ഒരുക്കുന്നുണ്ട്.
സാങ്കേതികവിദ്യ, ഡിജിറ്റൽ മീഡിയ, വാർത്താവിനിമയം തുടങ്ങിയ മേഖലകളിൽ കഴിവും താൽപര്യവുമുള്ള യുവജനങ്ങൾക്ക് ഐ.ടി, മീഡിയ വിഭാഗങ്ങളിലൂടെയും സംഘടനാ പ്രവർത്തനങ്ങളിൽ പങ്കാളികളാകാം.
പ്രവാസി സമൂഹത്തിന്റെ ആവശ്യങ്ങൾ മനസ്സിലാക്കി സാമൂഹിക ഇടപെടലുകൾ നടത്തുക, ജീവകാരുണ്യ പ്രവർത്തനങ്ങളിൽ പങ്കാളികളാകുക, യുവജനങ്ങളുടെ നേതൃത്വപാടവവും സംഘടനാ കഴിവുകളും വളർത്തിയെടുക്കുക എന്നിവയ്ക്കും ഐ.വൈ.സി.സി പ്രാധാന്യം നൽകുന്നു.
Content Highlights: IYCC Bahrain has launched a two-month membership campaign to expand its community engagement and encourage expatriate youth to participate in social, cultural and charitable activities.
Published: 05 Nov 2026, 11:14 pm IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented