മനാമ: പരിസ്ഥിതി അവബോധവും പ്രകൃതിസ്നേഹവും പ്രോത്സാഹിപ്പിക്കുന്നതിനായി ഇന്ത്യൻ സ്കൂൾ ബഹ്റൈൻ (ഐഎസ്ബി) ജൂനിയർ കാമ്പസിൽ വിവിധ പരിപാടികളോടെ ദേശീയ വൃക്ഷത്തൈ നടീൽ വാരം ആഘോഷിച്ചു.

To advertise here,

2035-ഓടെ 36 ലക്ഷം മരങ്ങൾ നട്ടുപിടിപ്പിക്കാൻ ലക്ഷ്യമിടുന്ന ദേശീയ വനവൽക്കരണ പദ്ധതിയിലൂടെയുള്ള ബഹ്റൈന്റെ പരിസ്ഥിതി സുസ്ഥിരതാ പ്രതിബദ്ധതയും 2060-ഓടെ നെറ്റ് സീറോ കാർബൺ ന്യൂട്രാലിറ്റി കൈവരിക്കുകയെന്ന രാജ്യത്തിന്റെ ലക്ഷ്യവും ഈ സംരംഭം അടിവരയിട്ടു. ഹരിത ഇടങ്ങൾ സംരക്ഷിക്കുക, പ്രകൃതിവിഭവങ്ങൾ കാത്തുസൂക്ഷിക്കുക, സുസ്ഥിരമായ ജീവിതരീതികൾ സ്വീകരിക്കുക എന്നിവയുടെ പ്രാധാന്യവും ആഘോഷം എടുത്തുകാട്ടി.

സ്കൂൾ വൈസ് ചെയർമാനും എച്ച്.എസ്.എസ്.സി അംഗവുമായ ഡോ. മുഹമ്മദ് ഫൈസൽ, സെക്രട്ടറി വി. രാജപാണ്ഡ്യൻ എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി. അസിസ്റ്റന്റ് സെക്രട്ടറിയും അക്കാദമിക് അംഗവുമായ രഞ്ജിനി മോഹൻ, പ്രോജക്ട്സ് ആൻഡ് മെയിന്റനൻസ് അംഗം മിഥുൻ മോഹൻ, പ്രിൻസിപ്പൽ ശാന്തകുമാർ ദസരി, ജൂനിയർ വിങ് പ്രിൻസിപ്പൽ പമേല സേവ്യർ, വൈസ് പ്രിൻസിപ്പൽ പ്രിയ ലാജി എന്നിവരും സന്നിഹിതരായിരുന്നു.

കാമ്പസിലെ വിവിധ സ്ഥലങ്ങളിൽ സംഘടിപ്പിച്ച വൃക്ഷത്തൈ നടീൽ പരിപാടിയിൽ പ്രധാന അധ്യാപകർ, കോർഡിനേറ്റർമാർ, സ്റ്റാഫ് അംഗങ്ങൾ, പ്രിഫെക്റ്റ് കൗൺസിൽ അംഗങ്ങൾ, വിദ്യാർഥികൾ എന്നിവർ പങ്കെടുത്തു. പരിസ്ഥിതി സംരക്ഷണത്തിന്റെ പ്രാധാന്യത്തെക്കുറിച്ച് വിദ്യാർഥികളിൽ അവബോധം വളർത്തുന്നതിനായി പ്രത്യേക അസംബ്ലിയും സംഘടിപ്പിച്ചു.

മരങ്ങളുടെ പാരിസ്ഥിതിക നേട്ടങ്ങൾ വ്യക്തമാക്കുന്ന വിജ്ഞാനപ്രദമായ വീഡിയോ അവതരണവും നടന്നു. ദേശീയ വൃക്ഷത്തൈ നടീൽ വാരത്തിന്റെ പ്രാധാന്യവും പ്രകൃതിയെ സംരക്ഷിക്കേണ്ടതിന്റെ ആവശ്യകതയും ഊന്നിപ്പറഞ്ഞ് ഹെഡ് ഗേൾ യാന ഫെബിഷ് പ്രസംഗിച്ചു. ജൂനിയർ വിങ് നേച്ചർ ക്ലബ് സ്കൂളിലേക്ക് നിരവധി സസ്യങ്ങൾ സംഭാവന ചെയ്തു. പരിസ്ഥിതി ഉത്തരവാദിത്തത്തിന്റെയും സുസ്ഥിര ജീവിതത്തിന്റെയും സന്ദേശം പകരുന്ന പോസ്റ്ററുകൾ, പ്രസംഗങ്ങൾ, സംഗീതാവതരണം എന്നിവയും ആഘോഷങ്ങൾക്ക് മാറ്റുകൂട്ടി.

ഇത്തരം സംരംഭങ്ങളിലൂടെ പരിസ്ഥിതി ഉത്തരവാദിത്തമുള്ള പൗരന്മാരെ വളർത്തിയെടുക്കാനും സുസ്ഥിരമായ ഭാവിക്കായി സംഭാവന ചെയ്യാൻ യുവതലമുറയെ പ്രചോദിപ്പിക്കാനും കഴിയുമെന്ന് സ്കൂൾ ചെയർമാൻ അഡ്വ. ബിനു മണ്ണിൽ വർഗീസ് പറഞ്ഞു.