മനാമ: ഗള്‍ഫ് രാജ്യങ്ങളില്‍ ചൂട് ശക്തി പ്രാപിക്കുകയും അന്തരീക്ഷ ഈര്‍പ്പമുണ്ടാകുകയും ചെയ്യുന്ന ഈ വേനല്‍ക്കാലത്ത് തുറസായ സ്ഥലങ്ങളില്‍ ജോലി ചെയ്യുന്ന തൊഴിലാളികള്‍ക്ക് പഴവര്‍ഗങ്ങളും ജ്യൂസും കുടിവെള്ളവും എത്തിച്ച് പ്രവാസി വെല്‍ഫെയറിന്റെ ജനസേവന വിഭാഗമായ വെല്‍കെയര്‍. തുറന്ന പ്രദേശങ്ങളിലും വഴിയോരങ്ങളിലും നിര്‍മാണ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്ന തൊഴിലാളികള്‍ക്കാണ് വെല്‍കെയര്‍ പഴവര്‍ഗ്ഗങ്ങളും ജ്യൂസും കുടിവെള്ളവും എത്തിച്ചു നല്‍കുന്നത്. തൊഴിലാളികളുടെ ആരോഗ്യവും ക്ഷേമവും മുന്‍നിര്‍ത്തിയാണ് വെല്‍കെയറിന്റെ നേതൃത്വത്തില്‍ പ്രവാസി ആശ്വാസ് എന്ന പേരില്‍ വേനല്‍ക്കാല പദ്ധതി നടപ്പിലാക്കുന്നത്.

To advertise here,

വ്യത്യസ്ത സാമൂഹിക സംഘടനകളുടെയും സ്ഥാപനങ്ങളുടെയും പിന്തുണയിലാണ് വെല്‍കെയര്‍ സനാബീസ്, സീഫ്, ഗഫൂള്‍, മനാമ, സല്‍മാനിയ എന്നീ വ്യത്യസ്ത പ്രദേശങ്ങളില്‍ പഴക്കിറ്റുകള്‍ നല്‍കിയത്. പ്രവാസി വെല്‍ഫെയര്‍ ജനറല്‍ സെക്രട്ടറി സി.എം. മുഹമ്മദലിയുടെ നേതൃത്വത്തില്‍ വെല്‍കെയര്‍ കോഡിനേറ്റര്‍മാരായ ബഷീര്‍ വൈക്കിലശ്ശേരി, മൊയ്തു തിരുവള്ളൂര്‍, രാജീവ് നാവായിക്കുളം, ഫസല്‍ റഹ്‌മാന്‍, ഇര്‍ഷാദ് കോട്ടയം എന്നിവര്‍ നേതൃത്വം നല്‍കി.

ചൂട് കനക്കുന്ന വരും ദിവസങ്ങളിലും വെല്‍കെയര്‍ പഴക്കിറ്റുകളുടെ വിതരണം തുടരുമെന്ന് വെല്‍കെയര്‍ കണ്‍വീനര്‍ മുഹമ്മദലി മലപ്പുറം പറഞ്ഞു. വെല്‍കെയര്‍ പ്രവാസി ആശ്വാസ് പദ്ധതിയുമായി സഹകരിക്കാന്‍ ആഗ്രഹിക്കുന്ന വ്യക്തികള്‍ക്കും കൂട്ടായ്മകള്‍ക്കും സ്ഥാപനങ്ങള്‍ക്കും 36703663 എന്ന നമ്പറില്‍ ബന്ധപ്പെടാവുന്നതാണ്.