മനാമ: അറിവല്ല, തിരിച്ചറിവാണ് മനുഷ്യന് വേണ്ടതെന്നും വിദ്യാഭ്യാസം നേടി വിവേകമില്ലാതായാല്‍ പ്രയോജനമില്ലെന്നും ബഹ്‌റൈനില്‍ സന്ദര്‍ശനം നടത്തിയ കേരള നിയസഭ ഡെപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാര്‍ പറഞ്ഞു. പ്രവാസികളുടെ ആവശ്യങ്ങളില്‍ അനുഭാവപൂര്‍ണ്ണമായ സമീപനം സ്വീകരിക്കുന്ന ഇടതുപക്ഷ സര്‍ക്കാര്‍ ഇനിയും പ്രവാസികള്‍ക്കായുള്ള പുതിയ പല കര്‍മ്മ പരിപാടികളും പരിഗണിക്കുന്നുണ്ടെന്നും കൂട്ടി ചേര്‍ത്തു.

To advertise here,

ബഹ്‌റൈന്‍ നവകേരള പ്രവര്‍ത്തകര്‍ സല്‍മാബാദിലെ റൂബി റസ്റ്റോറന്റില്‍ നല്‍കിയ സ്വീകരണത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. പ്രവാസികളുടെ പെന്‍ഷന്‍ തുക വര്‍ധിപ്പിക്കേണ്ടതിന്റെയും ക്ഷേമനിധിയില്‍ ചേരാനുള്ള വയസ്സിന്റെ പരിധി കഴിഞ്ഞവര്‍ക്ക് പ്രവാസി ക്ഷേമനിധിയില്‍ അംഗമാകുന്നതിനു അദാലത്തുകള്‍ സംഘടിപ്പിക്കണമെന്നുമുള്ള നവകേരള പ്രവര്‍ത്തകരുടെ ആവശ്യം സര്‍ക്കാറിന്റെ ശ്രദ്ധയില്‍െപ്പടുത്താമെന്ന് ചിറ്റയം ഗോപകുമാര്‍ പറഞ്ഞു.

കേന്ദ്ര കമ്മിറ്റി പ്രസിഡന്റ് എന്‍.കെ. ജയന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ ലോക കേരളസഭാഗം ഷാജി മൂതല, ജേക്കബ് മാത്യു, അസീസ് ഏഴാകുളം, പ്രവീണ്‍ മേല്പ്പത്തൂര്‍ എന്നിവര്‍ സംസാരിച്ചു. എ.കെ. സുഹൈല്‍ സ്വാഗതവും സുനില്‍ദാസ് നന്ദിയും രേഖപ്പെടുത്തി.