മനാമ: കഴിഞ്ഞ ഒരു വര്‍ഷമായി നടന്നുവരുന്ന ബഹ്‌റൈന്‍ പ്രതിഭയുടെ നാല്‍പതാം വാര്‍ഷിക ആഘോഷങ്ങളുടെ സമാപന സമ്മേളനം ബഹ്‌റൈന്‍ കേരളീയ സമാജത്തില്‍ നടന്നു. പ്രതിഭ സ്ഥാപക അംഗങ്ങളില്‍ ഒരാളും മുന്‍ പ്രസിഡന്റുമായ പി.ടി. തോമസ് രചിച്ച് ചിട്ടപ്പെടുത്തി സ്വരലയയിലെ നാല്‍പത് ഗായകര്‍ ആലപിച്ച അവതരണ ഗാനത്തോടെയാണ് സമാപന പരിപാടികള്‍ ആരംഭിച്ചത്. അശ്വമേധം ഫെയിം ജി.എസ്. പ്രദീപ് പരിപാടി ഉദ്ഘാടനം ചെയ്തു.
ചടങ്ങില്‍ മനാമയില്‍നിന്നുള്ള ബഹ്‌റൈന്‍ പാര്‍ലമെന്റ് അംഗം മുഹമ്മദ് ഹുസൈന്‍ അല്‍ ജനാഹി മുഖ്യാതിഥി ആയിരുന്നു. ബഹ്‌റൈന്‍ പ്രതിഭ ജനറല്‍ സെക്രട്ടറി മിജോഷ് മൊറാഴ സ്വാഗതം പറഞ്ഞു. പ്രസിഡന്റ് ബിനു മണ്ണില്‍ അധ്യക്ഷനായിരുന്നു. നാല്പതാം വാര്‍ഷിക ആഘോഷങ്ങളുടെ സംഘാടകസമിതി ചെയര്‍മാനും ലോക കേരളസഭ അംഗവുമായ പി. ശ്രീജിത്ത്, ബഹ്‌റൈന്‍ കേരളീയ സമാജം പ്രസിഡന്റും ലോക കേരളസഭ അംഗവുമായ പി.വി. രാധാകൃഷ്ണപിള്ള, പ്രതിഭ സ്ഥാപക നേതാക്കളില്‍ ഒരാളും ലോക കേരളസഭ അംഗവുമായ സി.വി. നാരായണന്‍. നാല്‍പതാം വാര്‍ഷിക സംഘാടകസമിതി ജനറല്‍ കണ്‍വീനറും ലോക കേരള സഭാംഗവുമായ സുബൈര്‍ കണ്ണൂര്‍, പ്രതിഭ രക്ഷാധികാരി സമിതി അംഗം എ.വി. അശോകന്‍, പ്രതിഭ ജോയിന്റ് സെക്രട്ടറി സജിഷ പ്രജിത്ത്, വനിത വേദി സെക്രട്ടറി റീഗ പ്രദീപ്, സാമ്പത്തിക വിഭാഗം കണ്‍വീനര്‍ എന്‍.കെ. വീരമണി എന്നിവര്‍ ആശംസകള്‍ നേര്‍ന്നു. പ്രോഗ്രാം കമ്മിറ്റി കണ്‍വീനര്‍ റാം നന്ദി പ്രകാശിപ്പിച്ചു.
എലിഗന്റ് കിച്ചന്‍ മുഖ്യ പ്രയോജകരായ ബഹ്‌റൈന്‍ പ്രതിഭ മലയാളി ജീനിയസ് ജി.എസ്. പ്രദീപ് ഷോ വമ്പിച്ച ജനപങ്കാളിത്തത്തോടെ ബഹ്‌റൈന്‍ കണ്ട ഏറ്റവും മികച്ച വിജ്ഞാന സദസ്സായി മാറി. മൂന്നര മണിക്കൂര്‍ നീണ്ടുനിന്ന വിജ്ഞാന യുദ്ധത്തില്‍ 1,11,111 രൂപയും പ്രത്യേകം തയ്യാര്‍ ചെയ്ത ഫലകവും നേടി ശ്രീജ ബോബി പ്രതിഭ മലയാളി ജീനിയസ് പട്ടത്തിന് അര്‍ഹയായി. മുന്നൂറില്‍പ്പരം മത്സരാര്‍ഥികളില്‍ നിന്ന് അവസാന റൗണ്ടില്‍ ഇടം നേടിയ അനീഷ് മാത്യു, ഷാജി കെ.സി, ജോസി തോമസ്, സലിം തയ്യില്‍, സോണി കെ.ആര്‍. എന്നിവര്‍ 11,111 രൂപയും ഫലകവും കരസ്ഥമാക്കി. തുടര്‍ന്ന് പ്രതിഭ ബാലവേദി അംഗങ്ങള്‍ അവതരിപ്പിച്ച നൃത്തം പൂമാതെ പൊന്നമ്മ, കലാമണ്ഡലം ജിദ്യ ജയന്‍ പരിശീലിപ്പിച്ച നൃത്തം പഞ്ചദളം, ശ്രീനേഷ് ശ്രീനിവാസന്റെ ശിഷ്യര്‍ അവതരിപ്പിച്ച നൃത്തം വിബ്ജിയോര്‍, ഡോ. ശിവകീര്‍ത്തി രവീന്ദ്രന്‍ രചനയും സംവിധാനവും നിര്‍വഹിച്ച ഡേ സീറോ, പ്രതിഭ അംഗങ്ങള്‍ അവതരിപ്പിച്ച ദ ലാന്റ് വിത്തൗട്ട് വാട്ടര്‍ എന്ന സംഗീത നാടകം, മധുലാല്‍ കൊയിലാണ്ടി അവതരിപ്പിച്ച സൗണ്ട് മാജിക് മിമിക്രിയിലുടെ ഒരുയാത്ര എന്നീ കലാപരിപാടികള്‍ അരങ്ങേറി. തുടര്‍ന്ന് സമ്മാനദാനവും, എം.ടി.യുടെ വിവിധ രചനകളെ ആസ്പദമാക്കി വി.ആര്‍. സുധീഷ് രചിച്ച, അന്തരിച്ച നാടക കലാകാരന്‍ പ്രശാന്ത് നാരായണന്‍ രംഗഭാഷ ഒരുക്കി, വിനോദ് വി. ദേവന്‍ സംവിധാനം ചെയ്ത മഹാസാഗരം എന്ന നാടകവും അരങ്ങേറി.
പ്രതിഭാ നാടക വേദിയിലെ നാടക കലാകാരന്മാര്‍ അണിനിരന്ന മഹാസാഗരം കേരള സമാജത്തില്‍ നിറഞ്ഞ സദസ്സിന് പുത്തന്‍ അനുഭവമായി മാറി. നാടകത്തിന്റെ ലൈറ്റ് ഡിസൈന്‍ ചെയ്ത കാമിയോ സ്റ്റുഡിയോ ഡയറക്ടര്‍ ശ്രീകാന്ത് കാമിയോ, ജി.എസ് പ്രദീപ് ഷോ ടെക്‌നിക്കല്‍ ഡയറക്ടര്‍ വിഷ്ണു എന്നിവര്‍ക്കുള്ള ഉപഹാരങ്ങളും ചടങ്ങില്‍ കൈമാറി.
Content Highlights: Bahrain Prathibha celebrated its 40th anniversary
Published: 17 Dec 2024, 05:07 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented