മനാമ: തുടർച്ചയായ രണ്ടാം വർഷവും 'സിറ്റിസ്‌കേപ്പ് ബഹ്റൈൻ 2026'-ൽ ബഹ്റൈൻ രാജ്യത്തിന്റെ 'ഗോൾഡൻ റെസിഡൻസി'പദ്ധതി പങ്കെടുക്കുന്നു. റിയൽ എസ്റ്റേറ്റ് നിക്ഷേപകർക്കുള്ള ഗോൾഡൻ റെസിഡൻസി ഉടമകളുടെ എണ്ണം കഴിഞ്ഞ വർഷം ഇരട്ടിയിലധികമായി വർധിച്ചു. നാഷണാലിറ്റി, പാസ്പോർട്ട് ആൻഡ് റെസിഡൻസ് അഫയേഴ്സ് റിയൽ എസ്റ്റേറ്റ് നിക്ഷേപത്തിനുള്ള കുറഞ്ഞ പരിധി 200,000 ബഹ്റൈൻ ദിനാറിൽനിന്ന് 130,000 ബഹ്റൈൻ ദിനാറായി കുറച്ചതാണ് ഇതിന് കാരണം.
അന്താരാഷ്ട്ര റിയൽ എസ്റ്റേറ്റ് നിക്ഷേപകർക്ക് യോഗ്യതാ മാനദണ്ഡങ്ങൾ വിപുലീകരിച്ചതോടെ, ഈ പദ്ധതിയിലുള്ള താൽപ്പര്യം വർധിച്ചുവെന്ന് ഇത് വ്യക്തമാക്കുന്നു. സാമ്പത്തിക സേവനങ്ങൾ, ആരോഗ്യം, വിദ്യാഭ്യാസം, വ്യോമയാനം എന്നീ മേഖലകളിലെ പങ്കാളികളുമായി സഹകരിച്ച് ഗോൾഡൻ റെസിഡൻസിയിൽ കൂടുതൽ ആനുകൂല്യങ്ങൾ ഉൾപ്പെടുത്തിയിട്ടുണ്ട്.
ഗോൾഡൻ റെസിഡൻസി പദ്ധതിയുടെ സംഘം, അപേക്ഷിക്കാൻ താൽപ്പര്യമുള്ളവർ, റിയൽ എസ്റ്റേറ്റ് നിക്ഷേപകർ, ബഹ്റൈനിൽ ദീർഘകാല താമസാനുമതി നേടാൻ ആഗ്രഹിക്കുന്ന സന്ദർശകർ എന്നിവരുമായി 'സിറ്റിസ്‌കേപ്പ്' നേരിട്ട് ആശയവിനിമയം നടത്തും.
റിയൽ എസ്റ്റേറ്റ് ഉടമകൾക്ക് പുറമെ, ബഹ്റൈനിൽ കുറഞ്ഞത് അഞ്ച് വർഷമെങ്കിലും ജോലി ചെയ്തിട്ടുള്ള പ്രൊഫഷണലുകൾക്കും ഗോൾഡൻ റെസിഡൻസിക്ക് അർഹതയുണ്ട്. ഇവർക്ക് ഈ കാലയളവിൽ പ്രതിമാസം ശരാശരി 2,000 ബഹ്റൈൻ ദിനാറിൽ കൂടുതൽ അടിസ്ഥാന ശമ്പളം ലഭിച്ചിരിക്കണം. കൂടാതെ, ഈ ശമ്പള നിലവാരത്തിൽ 'സോഷ്യൽ ഇൻഷുറൻസ് ഓർഗനൈസേഷൻ' പരിരക്ഷയും ഇവർക്ക് ഉണ്ടായിരിക്കണം.
ബഹ്റൈനിൽ കുറഞ്ഞത് 15 വർഷമെങ്കിലും ജോലി ചെയ്യുകയും, പ്രതിമാസം ശരാശരി 2,000 ബഹ്റൈനി ദിനാർ എങ്കിലും പെൻഷൻ ലഭിക്കുകയും ചെയ്യുന്ന വിരമിച്ച വ്യക്തികൾക്കും ബഹ്റൈനിൽ താമസിക്കാത്തവരും എന്നാൽ പ്രതിമാസം ശരാശരി 4,000 ബഹ്റൈനി ദിനാർ അല്ലെങ്കിൽ അതിൽ കൂടുതൽ പെൻഷൻ ലഭിക്കുന്നവരുമായ വിരമിച്ച വ്യക്തികൾക്കും ഈ പദ്ധതിയുടെ ഭാഗമാകാം.
സംരംഭകർ, ഗവേഷകർ, ശാസ്ത്രജ്ഞർ, കലാകാരന്മാർ, നൂതനാശയങ്ങൾ കൊണ്ടുവരുന്നവർ, ശ്രദ്ധേയമായ നേട്ടങ്ങൾ കൈവരിച്ച കായികതാരങ്ങൾ തുടങ്ങിയ കഴിവുള്ള വ്യക്തികൾക്കും 'ഗോൾഡൻ റെസിഡൻസി' ലഭിക്കാൻ അർഹതയുണ്ട്. ഇത്തരക്കാരുടെ അപേക്ഷകൾ, കഴിവുകൾ വിലയിരുത്തുന്നതിനായി നിയോഗിക്കപ്പെട്ട പ്രത്യേക സമിതി പരിശോധിക്കുകയും അംഗീകരിക്കുകയും ചെയ്യേണ്ടതുണ്ട്.
ബഹ്റൈനിലെ 'ഗോൾഡൻ റെസിഡൻസി' എന്നത് ഒരു സ്ഥിര താമസപദ്ധതിയാണ്. ഇതിലൂടെ അർഹരായ വ്യക്തികൾക്കും അവരുടെ കുടുംബാംഗങ്ങൾക്കും ബഹ്റൈനിൽ ദീർഘകാലത്തേക്ക് താമസിക്കാനും ജോലി ചെയ്യാനും നിക്ഷേപം നടത്താനും സാധിക്കും. ഈ പദവി ഉള്ളവർക്ക് ബഹ്റൈനിലേക്ക് പലതവണ വരികയും പോകുകയും ചെയ്യാം; ഇവിടെ താമസിക്കണമെന്ന് നിർബന്ധിതമായി നിശ്ചിത കാലയളവ് നിഷ്‌കർഷിച്ചിട്ടില്ല. കൂടാതെ, പങ്കാളി, മക്കൾ, മാതാപിതാക്കൾ തുടങ്ങിയ കുടുംബാംഗങ്ങളെ സ്‌പോൺസർ ചെയ്യാനും ഇവർക്ക് അവസരമുണ്ട്.
Content Highlights: Bahrain's 'Golden Residency' program, participating in 'Cityscape Bahrain 2026' for the second consecutive year, has seen a significant increase in holders due to the reduced real estate investment threshold from 200,000 to 130,000 Bahraini Dinars. The program has expanded eligibility criteria for international real estate investors and includes additional benefits in collaboration with sectors like finance, health, education, and aviation. Eligible individuals for the Golden Residency include real estate investors, professionals with a minimum five-year work history in Bahrain, retirees with specific pension criteria, and talented individuals such as entrepreneurs, researchers, and artists, with applications reviewed by a special committee.
Published: 26 Nov 2026, 02:17 pm IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented