മനാമ: പ്രശസ്ത സഞ്ചാര സാഹിത്യകാരനായിരുന്ന എസ്.കെ. പൊറ്റെക്കാട്ടിന്റെ സ്മരണാർഥം നൽകി വരുന്ന സാഹിത്യപ്രതിഭാ പുരസ്‌കാരം ബഹ്റൈൻ പ്രവാസിയും പ്രമുഖ എഴുത്തുകാരനും സംവിധായകനുമായ അജിത് നായർക്ക്. എസ്.കെ. പൊറ്റെക്കാട്ട് സ്മാരക സമിതി പ്രഖ്യാപിച്ച വിവിധ സാഹിത്യ പുരസ്‌കാരങ്ങളിലാണ് അജിത് നായർ നേട്ടം കൈവരിച്ചത്. ഫെബ്രുവരി 28-ന് മാഹി കലാഗ്രാമത്തിൽ നടക്കുന്ന ചടങ്ങിൽ പ്രശസ്ത എഴുത്തുകാരൻ എം. മുകുന്ദൻ പുരസ്‌കാരങ്ങൾ വിതരണം ചെയ്യും.
മൂന്ന് പതിറ്റാണ്ടിലേറെയായി ബഹ്റൈൻ പ്രവാസിയായ അജിത് നായർ, സാഹിത്യം- സിനിമാ സംവിധാനം- ഛായാഗ്രഹണം- യാത്ര തുടങ്ങിയ മേഖലകളിൽ തന്റേതായ വ്യക്തിമുദ്ര പതിപ്പിച്ച വ്യക്തിയാണ്. വയനാട് കൽപറ്റ സ്വദേശിയായ അദ്ദേഹത്തിന്റെ ഏറ്റവും പുതിയ പുസ്തകമായ 'പറഞ്ഞാലും തീരാത്ത കഥകൾ' എന്ന കൃതി ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. മനുഷ്യജീവിതത്തിലെ ലളിതമായ നിമിഷങ്ങളെ ആഴമുള്ള ആഖ്യാനശൈലിയിലൂടെ അവതരിപ്പിച്ചതിനാണ് അദ്ദേഹത്തിന് അംഗീകാരം ലഭിച്ചത്.
ബഹ്റൈനിൽ പൂർണമായും ചിത്രീകരിച്ച ആദ്യമലയാള സിനിമയായ 'നിലാവ്' സംവിധാനംചെയ്തത് അജിത് നായർ ആയിരുന്നു. കൂടാതെ ബിബിസി, നാഷണൽ ജിയോഗ്രാഫിക് തുടങ്ങിയ അന്താരാഷ്ട്ര ചാനലുകൾക്ക് വേണ്ടി ഡോക്യുമെന്ററികൾ നിർമിക്കുകയും ചെയ്തിട്ടുണ്ട്. അമ്പതിലധികം രാജ്യങ്ങൾ സന്ദർശിച്ചിട്ടുള്ള അദ്ദേഹം തന്റെ യാത്രാനുഭവങ്ങളെ മുൻനിർത്തി നടത്തിയ സർഗരചനകൾ ഏറെ പ്രശംസ പിടിച്ചുപറ്റിയിട്ടുണ്ട്.
റിട്ട. എയർ ഫോഴ്‌സ് ഉദ്യോഗസ്ഥനായ രാഘവൻ നായരുടെയും ഭാരതി നേത്യാരുടെയും മകനായ അജിത് നായർക്ക് എല്ലാ കലാപ്രവർത്തനങ്ങൾക്കും പൂർണ്ണ പിന്തുണയുമായി ഭാര്യ സിന്ധുവും മക്കളായ നന്ദുവും ഗോപുവും കൂടെയുണ്ട്. പ്രവാസത്തിന്റെ വിരസതയിലേക്ക് ഒതുങ്ങിപ്പോകാതെ, യാത്രകളിലൂടെയും കലയിലൂടെയും ലോകത്തെ തൊട്ടറിഞ്ഞ പുരസ്‌കാരം പുതിയ യാത്രകൾക്കുള്ള ഇന്ധനമാ ണെന്ന് അജിത് നായർ പറഞ്ഞു.
അർഷാദ് ബത്തേരി എഴുതിയ 'നമ്മുടെ കിടക്ക ആകെ പച്ച' എന്ന നോവലിനാണ് പ്രധാന സാഹിത്യ പുരസ്‌കാരം (25,000 രൂപ). വാർധക്യത്തിന്റെ ഏകാന്തതയും സ്‌നേഹവും പ്രമേയമായ കൃതി ജൂറിയുടെ പ്രത്യേക അഭിനന്ദനം നേടി. വിനു എബ്രഹാം ജൂറി ചെയർമാനായും സുനിൽ സി.ഇ, ഡോ. മുഞ്ഞിനാട് പത്മകുമാർ, ഡോ. ആശ നജീബ്, റാണി പി.കെ. എന്നിവർ അംഗങ്ങളായുളള പാനലാണ് പുരസ്‌കാരങ്ങൾ നിർണ്ണയിച്ചത്.
മറ്റ് പുരസ്‌കാരജേതാക്കൾ:
ബാലപ്രതിഭാ പുരസ്‌കാരം: കാതലിൻ മരിയ ജീസൺ (സാഹിത്യം, കല, ശാസ്ത്ര മേഖലകളിലെ മികവിന്).
കഥ: ജഹാംഗീർ ഇളയേടത്ത് (അലുംനിപോർട്ടൽ).
കവിത: ശ്രീജ നടുവം (കാവേറ്).
നോവൽ: ഡോ. താഹിറ കല്ലുമുറിയ്ക്കൽ (ഇന്തധാർ).
യാത്രാവിവരണം: അരുൺ കളപ്പില (ഭ്രമൻ സഞ്ചാരിയുടെ ഹിമാലയം).
ബാലസാഹിത്യം: കണ്ണനുണ്ണി.
Published: 20 Feb 2026, 01:15 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented