രാജ്യത്തിന്റെ സാമ്പത്തികവികസനമെന്ന പേരുപറഞ്ഞ് എന്തും ചെയ്യാമെന്നതായിട്ടുണ്ട്, ഭരണകൂടനയം. സാമ്പത്തികവികസനം വേണമെങ്കിൽ വൻകിട സ്വകാര്യകമ്പനികൾക്കു നിർബാധം പ്രവർത്തിക്കാനാകണമെന്നാണ് ഭരണകൂടത്തിന്റെ സിദ്ധാന്തം. സ്വകാര്യമൂലധനം ആകർഷിക്കാനും അതിനു വളർച്ചയൊരുക്കാനുമായി ഏതുവിധ വിട്ടുവീഴ്ചയ്ക്കും സർക്കാരുകൾ തയ്യാറാണ്. രാജ്യത്തെ പരിസ്ഥിതിയെയും മനുഷ്യവിഭവശേഷിയെയുമൊക്കെ എത്രവേണമെങ്കിലും ചൂഷണംചെയ്യാനുള്ള സൗകര്യം സ്വകാര്യകമ്പനികൾക്ക് ഒരുക്കിക്കൊടുക്കുന്നു. അതിനുവേണ്ടി നിയമങ്ങൾ മാറ്റിയെഴുതാനോ ചട്ടങ്ങളിൽ വെള്ളംചേർക്കാനോ ഭരണകൂടങ്ങൾക്ക് ഒരു സങ്കോചവുമില്ല. ഇപ്പോഴിതാ, അനധികൃതവും അമിതവുമായ ഭൂഗർഭജലചൂഷണത്തിന് വ്യവസായങ്ങൾക്കും അടിസ്ഥാനസൗകര്യവികസനപദ്ധതികൾക്കും ഖനനയൂണിറ്റുകൾക്കും ഏർപ്പെടുത്തിവന്ന പാരിസ്ഥിതിക നഷ്ടപരിഹാരത്തുകയിൽ കേന്ദ്രസർക്കാർ ഒരു വർഷത്തേക്ക് ഇളവനുവദിച്ചിരിക്കുകയാണ്. ഒറ്റത്തവണ തീർപ്പാക്കലിന്റെ പേരിൽ 30 മുതൽ 75 ശതമാനം വരെയാണ് ഇളവനുവദിച്ചത്. 19 സംസ്ഥാന- കേന്ദ്രഭരണ പ്രദേശങ്ങൾക്കാണ് ഇത് ബാധകമാകുക. ഭൂഗർഭജലസ്രോതസ്സുകൾ അമിതമായി ഉപയോഗിക്കാൻ ഖനികളെയും വ്യവസായങ്ങളെയും പ്രോത്സാഹിപ്പിക്കുന്ന ഈ നടപടി ദൂരവ്യാപക പാരിസ്ഥിതികവെല്ലുവിളിയുയർത്തുമെന്ന ആശങ്ക ശക്തമാണ്.

ഇങ്ങനെ പൊതുജനം അറിഞ്ഞും അറിയാതെയുമായി, വൻകിട വ്യവസായികൾക്കുവേണ്ടി വ്യവസ്ഥാപിതനിയമങ്ങളുടെ എത്രയോ വക്രീകരണങ്ങളും ഉടച്ചുവാർക്കലുകളും രാജ്യത്തു നടക്കുന്നുണ്ട്. വികസനപദ്ധതികൾക്കു മുൻകൂർ പരിസ്ഥിതി അനുമതി നിർബന്ധമാണെന്നാണ് 1986-ലെ പരിസ്ഥിതിസംരക്ഷണനിയമം വ്യവസ്ഥചെയ്തിട്ടുള്ളത്. ഈ നിയമത്തിന്റെ ചുവടുപിടിച്ച് 1994-ലും 2006-ലും കേന്ദ്രസർക്കാർ പുറപ്പെടുവിച്ച പാരിസ്ഥിതികാഘാത വിലയിരുത്തൽ വിജ്ഞാപനങ്ങളിലും ഇതുതന്നെ പറയുന്നു. മുൻകൂർ പരിസ്ഥിതി അനുമതിയില്ലാതെ തുടങ്ങിയ പദ്ധതികൾക്കു പിന്നീട് മുൻകാലപ്രാബല്യത്തോടെ അനുമതിനൽകുന്നത് അനുവദിക്കാനാകില്ലെന്ന് 2017-ലെ കോമൺ കോസ് കേസിലും 2020-ലെ അലെംബിക് ഫാർമസ്യൂട്ടിക്കൽസ് കേസിലും സുപ്രീംകോടതി വിധിക്കുകയുണ്ടായി. ഈ വിധികളുടെ സത്തയ്ക്കുവിരുദ്ധമായൊരു ഓഫീസ് മെമ്മോറാണ്ടം 2021-ൽ കേന്ദ്ര പരിസ്ഥിതിമന്ത്രാലയം പുറപ്പെടുവിച്ചു. മുൻകൂർ അനുമതി വാങ്ങാതെ പ്രവൃത്തി തുടങ്ങിയ പദ്ധതികൾക്ക് പിന്നീട് പിഴയൊടുക്കിയും തിരുത്തൽനടപടികൾ കൈക്കൊണ്ടുംമറ്റും അനുമതിനേടാമെന്നതായിരുന്നു ഇതിന്റെ ഉള്ളടക്കം. സുപ്രീംകോടതി പിന്നീട് ഈ ഓഫീസ് മെമ്മോറാണ്ടം റദ്ദാക്കിക്കൊണ്ട് വിധി പുറപ്പെടുവിച്ചു. അതേസമയം, ഈ വിധിക്ക് മുൻകാലപ്രാബല്യമുണ്ടാകില്ലെന്ന തീരുമാനത്തിലൂടെ, പ്രവൃത്തി നടന്നുവരുന്നതും പൂർത്തീകരിച്ചതുമായ വിവിധ പദ്ധതികളെ സുപ്രീംകോടതി മുൻകൂർ അനുമതി വ്യവസ്ഥയിൽനിന്നു രക്ഷിച്ചെടുക്കുകയുംചെയ്തു.

ഉത്തരേന്ത്യയുടെ ഹരിതകവചമെന്ന് അറിയപ്പെടുന്ന ആരവല്ലി മലനിരകളുടെ നിർവചനം മാറ്റിമറിച്ചുകൊണ്ട് അവിടെ വൻകിട കമ്പനികൾക്ക് ഖനനത്തിന് കേന്ദ്രസർക്കാർ സൗകര്യമൊരുക്കാൻ ശ്രമിച്ചതും ഓർക്കാവുന്നതാണ്. ഈ മലനിരകളുടെ നൂറു മീറ്ററോ അതിൽക്കൂടുതലോ ഉയരത്തിലുള്ള ഭാഗത്തുമാത്രം ഖനനവിലക്ക് നിലനിൽക്കുന്നതരത്തിലാണ് നിർവചനത്തിൽ വെള്ളംചേർത്തത്. 2025 നവംബർ 20-ലെ വിധിയിൽ സുപ്രീംകോടതി പുതിയ നിർവചനം ശരിവെച്ചു. ഈ വിധി പൊതുസമൂഹത്തിൽ വലിയ ആശങ്കകൾക്കിടയാക്കിയതിനെത്തുടർന്ന് സുപ്രീംകോടതി സ്വമേധയാ അത് പുനഃപരിശോധിക്കുകയും കഴിഞ്ഞ ഡിസംബർ 29-ന് ‘സ്റ്റേ’ചെയ്യുകയുമുണ്ടായി. വിഷയം പഠിക്കാൻ സുപ്രീംകോടതി ഉന്നതതലസമിതിയെ നിയോഗിക്കുകയുംചെയ്തു. ഈ മാസം 30-നകം റിപ്പോർട്ട് നൽകാനാണ് സമിതിയോട് ആവശ്യപ്പെട്ടിട്ടുള്ളത്.

വികസനപദ്ധതികൾക്കും സ്വകാര്യകമ്പനികളുടെ വ്യാവസായികതാത്പര്യങ്ങൾക്കുമായി പാരിസ്ഥിതികച്ചട്ടങ്ങൾ ലഘൂകരിക്കാനുള്ള കേന്ദ്രസർക്കാരിന്റെ അപകടകരമായ സന്നദ്ധതയാണ് ഇതിൽനിന്നൊക്കെ വ്യക്തമാകുന്നത്. സംസ്ഥാനസർക്കാരുകളുടെ വികസന നയസമീപനങ്ങളും ഒട്ടും വ്യത്യസ്തമല്ല. സ്വകാര്യഭീമന്മാർക്ക് പരിധിയില്ലാതെ ലാഭംകൊയ്യാൻ വേണ്ടതൊക്കെ ചെയ്തുകൊടുക്കുകയും അങ്ങനെയല്ലാതെ രാജ്യത്ത് സാമ്പത്തികവികാസവും വളർച്ചയുമുണ്ടാകില്ലെന്ന് പറഞ്ഞുപറഞ്ഞുറപ്പിക്കുകയുംചെയ്യുകയാണ്, നമ്മുടെ ഭരണകൂടങ്ങൾ. ഇത് നമ്മെ എവിടെ കൊണ്ടുചെന്നെത്തിക്കുമെന്നു പ്രവചിക്കാൻ പേടിതോന്നുന്നു.

To advertise here,