പ്രതിഭകൊണ്ടോ പെരുമകൊണ്ടോ ഇന്ത്യൻ ക്രിക്കറ്റ് ചരിത്രത്തിലെ ഒന്നാംനിരയിലെവിടെയും മഹേന്ദ്രസിങ് ധോനിയെ നിങ്ങൾക്കു കണ്ടുമുട്ടാനായെന്നുവരില്ല. എന്നാൽ, ആരാധകർക്ക് അദ്ദേഹമാണ് ‘തല’. അതിനുകീഴിലേ ക്രിക്കറ്റിലെ മറ്റെന്തും വരൂ. രണ്ടുപതിറ്റാണ്ടിലേറെ നീണ്ട കരിയറിന് ധോനി പൂർണവിരാമമിടുമ്പോൾ, സച്ചിൻ തെണ്ടുൽക്കറിനുശേഷം ക്രിക്കറ്റ് ആരാധകരെ നൊമ്പരപ്പെടുത്തുന്ന വിടപറച്ചിലായി അതുമാറുകയും ചെയ്യുന്നു. ഏതു കപ്പൽച്ചേതത്തിനുമുന്നിലും കുലുങ്ങാത്ത കപ്പിത്താനായി, അക്ഷോഭ്യനായി നിലയുറപ്പിച്ച നായകനായും ഇന്ത്യൻ ക്രിക്കറ്റിൽ തലമുറകളിലേക്കുപകർന്ന വിജയതൃഷ്ണയുടെയും മനോഭാവത്തിന്റെയും ശില്പിയായും ധോനി തലയുയർത്തിനിൽക്കുന്നു. എങ്ങനെയാകണം നായകൻ എന്ന് പഠിപ്പിച്ചുകൊണ്ടാണ് ‘ക്യാപ്റ്റൻ കൂൾ’ പടിയിറങ്ങുന്നത്. നാൽപ്പത്തിയഞ്ചാം വയസ്സിൽ, വിക്കറ്റിനുപിന്നിലും ക്രീസിലുമല്ല തന്റെ സാന്നിധ്യമിനി ആവശ്യമെന്ന് മനസ്സിലാക്കിക്കൊണ്ട്, മറ്റൊരു ഐ.പി.എൽ. സീസണിനു കാത്തുനിൽക്കാതെ പടിയിറക്കം.

ലോകക്രിക്കറ്റിലെതന്നെ ഇതിഹാസങ്ങൾ മാലപോലെ അണിനിരന്നിട്ടും കിരീടമകന്നുനിന്ന കാലമുണ്ടായിരുന്നു ഇന്ത്യൻ ക്രിക്കറ്റിന്. 1983-ൽ കപിൽദേവിന്റെ നേതൃത്വത്തിൽ ‘ചെകുത്താന്മാർ’ ലോർഡ്സിൽ വെസ്റ്റിൻഡീസിനെ പരാജയപ്പെടുത്തി നേടിയ വിശ്വകിരീടത്തിനുശേഷം പലഘട്ടങ്ങളിൽ ഫൈനൽപ്പേടി ഇന്ത്യയെ വിടാതെ പിന്തുടർന്നു. ഇക്കാലയളവിനിടെ ഓസ്ട്രേലിയ ക്രിക്കറ്റ് ലോകത്തിന്റെ ചക്രവർത്തികളായി. ശ്രീലങ്കപോലും ഒരുവേള ലോകചാമ്പ്യന്മാരായി. സച്ചിനും രാഹുൽ ദ്രാവിഡും സൗരവ് ഗാംഗുലിയും വി.വി.എസ്. ലക്ഷ്മണുമൊക്കെ ശ്രമിച്ചിട്ടും കപ്പ്‌ അകന്നുതന്നെ നിന്നു. അവിടേക്കാണ്, റാഞ്ചിയിൽനിന്നുള്ള നീളൻമുടിക്കാരൻ അദ്ഭുതകാര്യങ്ങളുടെ നായകനായി വളർന്നുവന്നത്. അയാളുടെ കൈയിൽ ബാറ്റുണ്ടായിരുന്നപ്പോൾ, അയാൾ വിക്കറ്റിനുപിന്നിൽ കാത്തുനിന്നപ്പോൾ പ്രതീക്ഷകൾ അവസാനിച്ചില്ല. അവസാന ഓവർവരെ, അവസാനപന്തുവരെ, അവസാനനിമിഷംവരെ... അയാൾ തോൽവി സമ്മതിക്കില്ലെന്ന് ഒരു രാജ്യം വിശ്വസിച്ചു. 2007-ൽ, പ്രഥമ ട്വന്റി 20 ക്രിക്കറ്റ് ഫൈനലിൽ, പാകിസ്താനെതിരേ അവിശ്വസനീയവിജയം കൈപ്പിടിയിലാക്കി ലോകചാമ്പ്യന്മാരുടെ കസേരവലിച്ചിട്ട് ധോനി ഇരിപ്പുറപ്പിച്ചു. ഒരു കാലഘട്ടത്തെ നിർണയിച്ച, ക്രിക്കറ്റിന്റെ ദൈവം സച്ചിൻ തെണ്ടുൽക്കർ ലോകകിരീടമില്ലാതെ വിടവാങ്ങേണ്ടിവരുമോ എന്ന്‌ ആശങ്കപ്പെട്ട കാലമുണ്ടായിരുന്നു. എന്നാൽ, ധോനി മനസ്സിലുറപ്പിച്ചത് അതായിരുന്നില്ല. 2011-ൽ ഇന്ത്യയിൽ വിരുന്നെത്തിയ ഏകദിനലോകകപ്പിൽ ശ്രീലങ്കയ്ക്കെതിരായ ഫൈനലിൽ ധോനി കളംനിറഞ്ഞാടി. നുവാൻ കുലശേഖര എറിഞ്ഞ ഒൻപതാം ഓവറിലെ രണ്ടാംപന്തിനെ ലോങ് ഓണിനുമുകളിലൂടെ പറത്തി നായകൻ നാടിന് എന്നന്നേക്കുമായൊരു വിജയമുഹൂർത്തം സമ്മാനിച്ചു. 28 വർഷത്തിനുശേഷം ഏകദിനലോകകപ്പിൽ ഇന്ത്യ വീണ്ടും വിശ്വകിരീടം നേടിയിരിക്കുന്നു.

എല്ലാ അർഥത്തിലും ധോനി നായകനായിരുന്നു. പരിമിതമായ സാഹചര്യങ്ങളിൽനിന്നു വളർന്നുവന്ന ധോനി, ഇന്ത്യൻ ക്രിക്കറ്റിലുണ്ടാക്കിയ മാറ്റങ്ങൾ എക്കാലത്തേക്കും മാതൃകയാണ്. കൂടെയുള്ള താരങ്ങൾക്ക് ധൈര്യവും ദിശാബോധവും പകർന്ന നായകനായിരുന്നു അദ്ദേഹം. ആ അർഥത്തിൽ ഇന്ത്യൻ ക്രിക്കറ്റിന്റെ പുതുതലമുറയുടെ ശില്പിയും. വിരാട് കോലിയെയും രോഹിത് ശർമയെയും രവീന്ദ്ര ജഡേജയെയും ആർ. അശ്വിനെയുംപോലുള്ള താരങ്ങളുടെ കരിയറിനുപിന്നിൽ ധോനി അവരിലർപ്പിച്ച വിശ്വാസത്തിന് വലിയ പങ്കുണ്ട്. പ്രതിഭകളെ കണ്ടെത്തുന്നതിലും അവരെ വിശ്വസിച്ച് നിർണായക ഉത്തരവാദിത്വങ്ങൾ ഏൽപ്പിക്കുന്നതിലും അദ്ദേഹം എക്കാലത്തും മുന്നിലുണ്ടായിരുന്നു. പരാജയങ്ങളിൽ സഹതാരങ്ങളെ തള്ളിപ്പറഞ്ഞില്ലെന്നുമാത്രമല്ല, വിജയങ്ങളുടെ ക്രെഡിറ്റ് അവകാശപ്പെടാനും നിന്നില്ല. തന്റെ ടീമിന്റെ കിരീടചിത്രങ്ങളിൽ ധോനി മറ്റുള്ളവർക്ക്, മുന്നിലിടംകൊടുത്ത് മാറിനിന്നു. കളിയുടെ ഗതിവിഗതികൾ വായിച്ചെടുക്കാനുള്ള മികവായിരുന്നു ധോനിയെ വേറിട്ടുനിർത്തിയിരുന്നത്. പലപ്പോഴും ആ കണക്കുകൂട്ടലുകൾ വിജയിക്കുന്നത് നാം അദ്ഭുതത്തോടെ കണ്ടുനിന്നു. ഐ.പി.എലിൽ, രണ്ടു സീസണൊഴികെ, അദ്ദേഹം ചെന്നൈയ്ക്കൊപ്പം നിന്നു. റാഞ്ചിക്കാരനായ ധോനിയെ ചെന്നൈ സ്വന്തം മകനാക്കി. ‘തല’ എന്നു വിളിച്ചു. അഞ്ച് ഐ.പി.എൽ. കിരീടങ്ങളിലേക്ക് ചെന്നൈയെ ധോനി നയിച്ചു. പ്രായവും പരിക്കും വെല്ലുവിളിച്ചപ്പോഴും ആരാധകർ ‘തല’യ്ക്കൊപ്പം നിന്നു. ഒടുവിൽ, പടിയിറങ്ങാൻ തീരുമാനിച്ചപ്പോഴും മറ്റെല്ലാത്തിനും മീതെനിൽക്കുന്നു, ആ തലപ്പൊക്കം.

To advertise here,