To advertise here,

ചർമത്തിനു വെളുപ്പും ശോഭയും കൂട്ടാനുള്ള ക്രീം ഉപയോഗിച്ചതുകാരണം മലപ്പുറം അരീക്കോട്ട് പതിനേഴുകാരിക്ക് ഗുരുതര വൃക്കരോഗം ബാധിച്ചെന്ന വാർത്ത സൃഷ്ടിക്കുന്ന അസ്വാസ്ഥ്യം ചെറുതല്ല. സംസ്ഥാന ബാലാവകാശ സംരക്ഷണകമ്മിഷൻ ഇക്കാര്യത്തിൽ സ്വമേധയാ കേസെടുത്തിരിക്കുകയാണ്. സ്വകാര്യ ആശുപത്രിയിലാണ് രോഗം സ്ഥിരീകരിച്ചതും തുടർന്ന് ചികിത്സയിലൂടെ അപകടാവസ്ഥ തരണംചെയ്തതും. കേന്ദ്രസർക്കാർ അംഗീകൃത ലബോറട്രി യിൽ നടത്തിയ പരിശോധനയിൽ ക്രീമിൽ 1.25 ശതമാനം മെർക്കുറി കണ്ടെത്തി. ശരീരത്തിൽ മെലാനിന്റെ അളവ് കുറയ്ക്കുകയാണ് മെർക്കുറി ചെയ്യുന്നത്. അപ്പോൾ താത്കാലികമായി വെളുത്തനിറം വന്നതായി തോന്നും. അതേസമയം, മെർക്കുറി ശരീരത്തിന്, പ്രത്യേകിച്ച് വൃക്കയ്ക്ക് തകരാറുണ്ടാക്കും. വൃക്കയിലെ അരിപ്പകൾ കേടാവും. മൂത്രത്തിലൂടെ പ്രോട്ടീൻ നഷ്ടപ്പെടും. മെമ്പ്രനസ് നെഫ്രോപ്പതി എന്ന രോഗമാണ് പെൺകുട്ടിക്ക് ബാധിച്ചത്.

ഓൺലൈൻവഴി വാങ്ങിയ ‘എഫ് ട്യൂൺ’ എന്ന ക്രീം ഒരു വർഷത്തോളം ഉപയോഗിച്ചതിനെത്തുടർന്നാണ് ബുദ്ധിമുട്ടുകളുണ്ടായത്. തന്റെ ദുരവസ്ഥയ്ക്ക് ഉത്തരവാദികളായവർക്കെതിരേ നടപടി ആവശ്യപ്പെട്ട് പെൺകുട്ടി വാർത്താസമ്മേളനം നടത്തിയതോടെയാണ് ഇക്കാര്യം വിപുലമായ ചർച്ചയായത്. സംഭവത്തിൽ തുടർനടപടി സ്വീകരിക്കാൻ മുഖ്യമന്ത്രിയുടെ ഓഫീസ് ആരോഗ്യ അഡീഷണൽ ചീഫ് സെക്രട്ടറിക്ക് നിർദേശം നൽകിയിരിക്കുകയാണ്.

 

ചർമകാന്തി വർധിപ്പിക്കാനുള്ള ക്രീമുകളുടെ ഉപയോഗം ഇപ്പോൾ കേരളത്തിലെ കൗമാരക്കാർക്കിടയിൽ വല്ലാത്ത ജ്വരമായി പടരുകയാണ്. സ്കൂളുകളിലുംമറ്റും അധ്യാപകർ പരിശോധന നടത്തുമ്പോൾ പെൺകുട്ടികളുടെ ബാഗുകളിൽനിന്ന് ഇത്തരം ക്രീമുകൾ കണ്ടെടുത്തതായി സമീപകാലത്ത് റിപ്പോർട്ടുകളുണ്ടായിരുന്നു. ചർമം മൃദുവാക്കാനും വെളുക്കാനുമായി ഇമ്മാതിരി ക്രീമുകളിൽ മെർക്കുറിപോലുള്ള സാന്ദ്രത കുറഞ്ഞ ലോഹങ്ങൾ മിശ്രണംചെയ്യുന്നതിനാൽ ഇവയുടെ ഉപയോഗം വലിയ ആരോഗ്യപ്രശ്നമായിത്തീർന്നിരിക്കുകയാണെന്ന് ഡോക്ടർമാർ പറയുന്നു.എന്നാൽ, ഇതൊരു പുതിയ അറിവോ വെളിപ്പെടുത്തലോ അല്ല. ചർമകാന്തി കൂട്ടാനുള്ള ക്രീമുകളുടെ നിരന്തര ഉപയോഗംകാരണം, വൃക്കരോഗമായ മെമ്പ്രനസ് നെഫ്രോപ്പതി ബാധിച്ച് പതിനഞ്ചുപേർ തുടർച്ചയായി മലപ്പുറം ജില്ലയിലെ പ്രശസ്തമായ ആശുപത്രിയിൽ ചികിത്സതേടിയതായി, അന്താരാഷ്ട്ര മെഡിക്കൽ പ്രസിദ്ധീകരണമായ ‘കിഡ്‌നി ഇന്റർനാഷണലി’ൽ 2024-ൽ പ്രസാധനംചെയ്ത ഒരു പഠനത്തിൽ പറയുന്നുണ്ട്. അന്ന് ഈ രോഗികളുടെ രക്ത, മൂത്ര സാംപിളുകൾ മെർക്കുറിയുടെ ഉയർന്ന അളവ് രേഖപ്പെടുത്തിയിരുന്നു. ഇവർ ഉപയോഗിച്ചതായി പറയപ്പെട്ട ക്രീമുകളുടെ പരിശോധനയിൽ, അംഗീകൃതപരിധിയുടെ പതിനായിരം മടങ്ങുവരെയൊക്കെ മെർക്കുറി സാന്നിധ്യം കണ്ടെത്തിയതായാണ് റിപ്പോർട്ട്. ഇത്തരം ക്രീമുകളുടെ തുടർച്ചയായ ഉപയോഗം വൃക്കകളെമാത്രമല്ല, നാഡീവ്യൂഹത്തെത്തന്നെ ബാധിക്കുമെന്ന് ഡോക്ടർമാർ മുന്നറിയിപ്പുനൽകുന്നു.

 

സംസ്ഥാനത്ത് അംഗീകാരമില്ലാത്തതും അപായകരവുമായ സൗന്ദര്യവർധകവസ്തുക്കളുടെ വിൽപ്പന തടയുന്നതിന് ഡ്രഗ്‌സ് കൺട്രോൾ വകുപ്പ് 2023 മുതൽ ‘ഓപ്പറേഷൻ സൗന്ദര്യ’ എന്നപേരിൽ പ്രത്യേകനടപടി സ്വീകരിച്ചുവരുന്നുണ്ട്. ഇതിന്റെഭാഗമായി ഇക്കഴിഞ്ഞ ജൂലായ്, ഓഗസ്റ്റ് മാസങ്ങളിൽ സംസ്ഥാനവ്യാപകമായി നടത്തിയ റെയ്ഡുകളിൽ വ്യാജമോ നിലവാരം കുറഞ്ഞതോ ആയ ഉത്പന്നങ്ങൾ പിടിച്ചെടുക്കുകയുണ്ടായി. പാകിസ്താനിൽ ഉത്പാദിപ്പിക്കുന്ന ഗോറീ ബ്യൂട്ടി ക്രീം, ചാന്ദ്‌നി വൈറ്റനിങ് ക്രീം എന്നീ ചർമലേപങ്ങൾ ഇന്ത്യൻ വിപണിയിൽ കണ്ടെത്തിയിട്ടുണ്ടെന്നും ഇവ ഉപയോഗിക്കരുതെന്നും കേന്ദ്ര ഡ്രഗ്‌സ് സ്റ്റാൻഡേഡ് കൺട്രോൾ ഓർഗനൈസേഷൻ കഴിഞ്ഞ സെപ്റ്റംബറിൽ ജാഗ്രതാനോട്ടീസ് പുറത്തിറക്കിയിരുന്നു. ഇവ അംഗീകാരമില്ലാത്തവ മാത്രമല്ല, ഉയർന്ന അളവിൽ ലോഹസാന്നിധ്യമുള്ളതുമാണെന്നാണ് നോട്ടീസിൽ പറഞ്ഞത്. പൊതുവിപണിയിൽ ലഭ്യമായവയെക്കാൾ, കേരളത്തിലും രാജ്യത്തിന്റെ മറ്റു ഭാഗങ്ങളിലും കൗമാരക്കാർ ഇപ്പോൾ വ്യാപകമായി ഉപയോഗിക്കുന്നത് സാമൂഹികമാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കപ്പെടുന്നതും ഓൺലൈനായി വാങ്ങാവുന്നതുമായ സൗന്ദര്യവർധകവസ്തുക്കളാണ്. ഇവ മിക്കതും നിലവാരം കുറഞ്ഞതും ആരോഗ്യത്തിന് ഹാനികരവുമാണുതാനും. ഈവക ഉത്പന്നങ്ങളുടെ ഓൺലൈൻ വിപണനം നിയന്ത്രിക്കുന്നതിനുള്ള ശക്തമായ നിയമനിർമാണം അത്യാവശ്യമായിരിക്കുന്നു. കൂടാതെ, ഇത്തരം സാമഗ്രികളുടെ ആപത്‌സാധ്യതകളെപ്പറ്റി കൗമാരക്കാർക്കിടയിൽ തീവ്രമായ ബോധവത്കരണം നടത്തേണ്ടതുണ്ട്. സംസ്ഥാന പൊതുവിദ്യാഭ്യാസവകുപ്പ് ഇതിന് ഒരു കർമപരിപാടി അടിയന്തരമായി രൂപപ്പെടുത്തണം.