To advertise here,

മദ്യവും മയക്കുമരുന്നും കേരളത്തിൽ മാരകവിപത്തായി പത്തിവിടർത്തിയാടുകയാണ്. ഇതുകാരണം കുടുംബങ്ങളിലെ സ്വസ്ഥതയും സമൂഹജീവിതത്തിന്റെ സ്വച്ഛതാളവും തകരുന്നു. കൊച്ചിയിൽ, മദ്യം വാങ്ങാൻ പണം നൽകാത്തതിനെത്തുടർന്നുള്ള തർക്കത്തിനൊടുവിൽ മകൻ അമ്മയെ അടിച്ചുകൊന്നെന്നാണ് പുതിയ വാർത്ത. ഫോർട്ട്‌കൊച്ചി അമരാവതി വിശാലാക്ഷി ലെയ്‌നിൽ താമസിക്കുന്ന ലക്ഷ്മി(78)യാണ് കൊല്ലപ്പെട്ടത്. മകൻ കണ്ണനെ(52) പോലീസ് അറസ്റ്റുചെയ്തു. അമ്മയ്ക്കു പെൻഷൻ കിട്ടിയ പണം മദ്യം വാങ്ങാനായി കണ്ണൻ ചോദിച്ചെങ്കിലും ലക്ഷ്മി നൽകിയില്ല. തുടർന്ന് ഇയാൾ അമ്മയെ മർദിക്കുകയും ഇരുമ്പുവടി ഉപയോഗിച്ച് അടിക്കുകയുംചെയ്തു. രണ്ടുമാസംമുൻപ് ഇടുക്കിയിലും സമാനസംഭവമുണ്ടായി. തൊടുപുഴ മൈലാടുംപാറയിൽ അറുപത്തിമൂന്നുകാരിയായ റേച്ചലിനെ മുപ്പത്തിയെട്ടുകാരനായ മകൻ ലിജോ തലയ്ക്കടിച്ചുകൊല്ലുകയായിരുന്നു. മദ്യലഹരിയിലായിരുന്നു കൊലപാതകം. എറണാകുളത്ത് ഹോംനഴ്‌സായി ജോലിചെയ്യുകയായിരുന്നു റേച്ചൽ. ഓഗസ്റ്റ് 17-ന് വീട്ടിലെത്തിയ അമ്മയോട് ലിജോ പണം ആവശ്യപ്പെട്ടു. ഇത് നൽകാതിരുന്നതോടെ ഇരുവരുംതമ്മിൽ വാക്‌തർക്കമായി. തുടർന്ന് മരക്കഷണമെടുത്ത് ലിജോ മാതാവിന്റെ തലയ്ക്കടിക്കുകയായിരുന്നു.

 

മയക്കുമരുന്നിന്റെ സ്വാധീനത്തിൽ നടക്കുന്ന കൊലപാതകങ്ങൾക്ക് കൈയുംകണക്കുമില്ലാതായിട്ടുണ്ട്. കഴിഞ്ഞ കുറച്ചുകാലമായി സംസ്ഥാനം വ്യാപകമായതോതിൽ മയക്കുമരുന്നിന്റെ, പ്രത്യേകിച്ച് രാസലഹരിയുടെ, പിടിയിലാണ്. കൗമാരക്കാരാണ് ഇതിന്റെ പ്രധാന ഇരകളെന്നത് ദുരന്തത്തിന്റെ മാനം വർധിപ്പിക്കുന്നു. എങ്ങനെയാണ് രാസലഹരി നമ്മുടെ കൗമാരക്കാരെ കുരുക്കിലാക്കുന്നതെന്നത് ഇനിയും പിടികിട്ടാത്ത ചോദ്യമാണ്. മയക്കുമരുന്നിന്റെ പ്രേരണയിൽ എന്തു കുറ്റകൃത്യവും നടത്താൻ കൈയറപ്പില്ലാതാകുന്നു. ലഹരിക്കുള്ള പണത്തിനായി മാതാപിതാക്കളെ, ചതിച്ചെന്ന സംശയത്തിൽ പ്രണയിനിയെ, അജ്ഞാതമായ കാരണത്തിന് കൂട്ടുകാരനെ, അതിവേഗത്തിൽ വാഹനമോടിച്ച് അറിയാത്ത മനുഷ്യരെ... മയക്കുമരുന്നിന് അടിമപ്പെടുന്നവർ നടത്തുന്ന കൊലപാതകങ്ങൾ നീളുന്നു. 2023 ജൂണിൽ മാവേലിക്കരയിൽ ശ്രീമഹേഷ് എന്ന മുപ്പത്തിയെട്ടുകാരൻ ആറുവയസ്സുള്ള മകളെ മഴുകൊണ്ട് തലയ്ക്കുവെട്ടി കൊലപ്പെടുത്തിയ സംഭവം കേരളത്തിന് വിസ്മരിക്കാനാകില്ല. പുനർവിവാഹത്തിന് മകൾ തടസ്സമാണെന്ന പകയാണു കൊലയ്ക്കു പ്രേരണയെങ്കിലും ഇയാൾ മയക്കുമരുന്നിന്റെ സ്വാധീനത്തിലായിരുന്നെന്ന് പോലീസ് സ്ഥിരീകരിക്കുകയുണ്ടായി.

 

2025 മാർച്ചിൽ കളമശ്ശേരി പോളി ടെക്‌നിക് കോളേജിലെ മെൻസ് ഹോസ്റ്റലിൽ പോലീസ് നടത്തിയ മിന്നൽറെയ്ഡിൽ മയക്കുമരുന്ന് പിടിച്ചെടുത്ത സംഭവവും ഓർക്കാവുന്നതാണ്. ഹോളി ആഘോഷം കൊഴുപ്പിക്കാനെന്നപേരിൽ ഹോസ്റ്റലിൽ സൂക്ഷിച്ച രണ്ടു കിലോഗ്രാം കഞ്ചാവാണ് അന്ന് പിടിച്ചെടുത്തത്. ഇതിന്റെ തൂക്കിവിൽപ്പനയ്ക്ക് ഉപയോഗിക്കാനുള്ള ത്രാസുകളും ചെറുകവറുകളുമൊക്കെ ഹോസ്റ്റൽമുറികളിൽ സജ്ജമായിരുന്നു. കഞ്ചാവ് വലിക്കാനുള്ള ഉപകരണങ്ങളുമുണ്ടായിരുന്നു. വാട്‌സാപ്പ് ഗ്രൂപ്പുണ്ടാക്കിയാണ് കാമ്പസിൽ ലഹരിവിൽപ്പന നടത്തിയിരുന്നത്.മദ്യത്തിന്റെയും മയക്കുമരുന്നിന്റെയും സ്വാധീനത്തിൽനിന്നു തലമുറകളെ മോചിപ്പിക്കേണ്ടത് അത്യാവശ്യമാണ്. ‘ഓപ്പറേഷൻ തൂഫാൻ’ എന്നപേരിൽ സംസ്ഥാന പോലീസ് നടത്തിവരുന്ന മയക്കുമരുന്നുവേട്ട വലിയ മുന്നേറ്റമുണ്ടാക്കിയിട്ടുണ്ടെങ്കിലും ഈ വിപത്തിന്റെ വേരറക്കാൻ ഇനിയുമേറെപ്പോകേണ്ടതുണ്ട്. ബോധവത്കരണയത്‌നങ്ങളുടെ ഫലസിദ്ധിക്ക് പരിമിതികളുണ്ടെങ്കിലും അവ നടത്താതിരിക്കേണ്ടതില്ല. ലഹരിവിരുദ്ധസന്ദേശം ഏറ്റവും പ്രയോജനപ്രദമായി എങ്ങനെ യുവജനങ്ങളിലെത്തിക്കാമെന്ന് സർക്കാർ കാര്യമായൊന്ന് ആലോചിക്കണം. വിദ്യാലയങ്ങളിലെ കലാ-കായിക മേളകളെ ലഹരിക്കെതിരായ പോരാട്ടത്തിന്റെ വേദികളാക്കാൻ സാധിക്കണം. പാഴാക്കാൻ നമുക്ക് സമയമില്ല. ഇത് നാടിന്റെ സ്വാസ്ഥ്യത്തിന്റെയും ഭാവിയുടെയും പ്രശ്‌നമാണ്.