സുതാര്യത, മുന്നൊരുക്കം, ജനങ്ങളോടുള്ള ഉത്തരവാദിത്വം എന്നിവയാണ് ഏതൊരു വലിയ നയതീരുമാനത്തിന്റെയും അടിത്തറയാകേണ്ടത്

ഓർമ്മകൾ മരിക്കാത്ത ആ രാത്രിക്ക് പത്തു വർഷം. 2016 നവംബർ എട്ട്, രാത്രി എട്ടുമണി. രാജ്യത്ത് വിനിമയത്തിലുള്ള 500, 1000 രൂപ നോട്ടുകൾ അസാധുവാണെന്ന് പ്രഖ്യാപിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി ടെലിവിഷനിൽ പ്രത്യക്ഷപ്പെട്ട സമയം. രാജ്യത്തെ 130 കോടിയിലധികം ജനങ്ങളെ ഒരുപോലെ സ്തബ്ധരാക്കിയ പ്രഖ്യാപനം. രാജ്യത്ത് വിനിമയത്തിലുള്ള 86.9 ശതമാനം മൂല്യംവരുന്ന കറൻസിയാണ് ഒറ്റ രാത്രികൊണ്ട് അസാധുവായത്. മുന്നൊരുക്കം പാളിയതോടെ ഗ്രാമ, നഗര ഭേദമില്ലാതെ ആളുകൾ ബുദ്ധിമുട്ടിലായി. കൈയിൽ പണമുണ്ടായിട്ടും ഒന്നിനും ഉപയോഗിക്കാനാകാത്ത അവസ്ഥ. കള്ളപ്പണം പുറത്തുകൊണ്ടുവരുക, കള്ളനോട്ടുകൾ ഇല്ലാതാക്കുക, ഭീകര പ്രവർത്തനങ്ങൾക്കുള്ള സാമ്പത്തികസ്രോതസ്സ് അടയ്ക്കുക, ഡിജിറ്റൽ ഇടപാടുകൾ പ്രോത്സാഹിപ്പിക്കുക, നികുതി അടിത്തറ വിപുലമാക്കുക എന്നിവയായിരുന്നു പ്രഖ്യാപിത ലക്ഷ്യങ്ങൾ. മഹത്തരമായ ലക്ഷ്യങ്ങളായിരുന്നെങ്കിലും അതിനായി കണ്ടെത്തിയ വഴി, പക്ഷേ, ജനത്തിന് അസഹ്യമായി. നടപടിയിലൂടെ ഉദ്ദേശിച്ച ഫലമുണ്ടായോ എന്നത് ചോദ്യമായി ഇന്നും അവശേഷിക്കുന്നു. പാളിപ്പോയ ഒരു പരീക്ഷണത്തിന് പത്തുവർഷം തികയുമ്പോൾ ആ തീരുമാനം വൈകാരികമായല്ലാതെ വിലയിരുത്തേണ്ടത് ജനാധിപത്യസമൂഹത്തിന്റെ ബാധ്യതയാണ്.
പ്രഖ്യാപനത്തിനുപിന്നാലെ, പിറ്റേന്നുമുതൽ ബാങ്കു ശാഖകൾക്കുമുന്നിൽ പണം മാറ്റിയെടുക്കാൻ തിരക്കായി. എ.ടി.എമ്മുകൾക്കു മുന്നിൽ നീണ്ട നിരയൊരുങ്ങി. പകരമവതരിപ്പിച്ച 2,000 രൂപ നോട്ട് നിറയ്ക്കാൻ എ.ടി.എം. സജ്ജമാക്കുന്നതിനും സമയമെടുത്തു. പണം മാറ്റിയെടുക്കുന്നതിന് പരിധി നിശ്ചയിച്ചത് സാധാരണക്കാരുടെ ജീവിതം കൂടുതൽ ദുസ്സഹമാക്കി. നിരയിൽനിന്നവർ വെയിലേറ്റുവാടി. ഒട്ടേറെ പേർക്കു ജീവൻ നഷ്ടമായി. ഇടപാടുകൾക്കായി പണത്തെ മാത്രം ആശ്രയിച്ചിരുന്ന ചെറുകിട കച്ചവടക്കാർ, കർഷകർ, ദിവസക്കൂലിക്കാർ, അസംഘടിത മേഖലയിലെ തൊഴിലാളികൾ, ചെറുവരുമാനക്കാർ എന്നിവരാണ് കൂടുതൽ പ്രയാസപ്പെട്ടത്. വിവാഹം, ചികിത്സ തുടങ്ങിയ അത്യാവശ്യ ചെലവുകൾക്കുപോലും പണം കണ്ടെത്താൻ കുടുംബങ്ങൾ വിഷമിച്ചു. വിപണി സാധാരണ നിലയിലാകാൻ മാസങ്ങളെടുത്തു. അന്നു പൊലിഞ്ഞ ജീവനുകളും വാടിയ ജീവിതങ്ങളും പിന്നീട് ഒരിടത്തും പരിഗണനയിൽ വന്നില്ല. സഹകരണ ബാങ്കുകളെ പഴയ നോട്ടുകൾ സ്വീകരിക്കുന്നതിൽനിന്ന് വിലക്കിയത് ഗ്രാമീണ സമ്പദ്വ്യവസ്ഥയ്ക്ക് കനത്ത പ്രഹരമായി. പുതിയ 2,000 രൂപയുടെ നോട്ടുകൾ കൈയിലെത്തിയാൽ മാറിയെടുക്കാനും നന്നേ ബുദ്ധിമുട്ടി.
രാജ്യത്തെ വളർച്ചനിരക്ക് താഴേക്കുവീണു. അസംഘടിത മേഖലയിലെ തൊഴിൽനഷ്ടവും ചെറുകിട സംരംഭങ്ങളുടെ തകർച്ചയും ഗൗരവമേറിയ പ്രത്യാഘാതമാണ്. നിരോധിച്ച നോട്ടുകളിൽ 99.3 ശതമാനവും തിരിച്ചെത്തിയതായി റിസർവ് ബാങ്ക് വ്യക്തമാക്കി. കള്ളപ്പണം പിടികൂടി വികസന പ്രവർത്തനങ്ങൾക്ക് വിനിയോഗിക്കുമെന്ന പ്രഖ്യാപനം ഇതോടെ പാളി. അന്നവതരിപ്പിച്ച 2000 രൂപ നോട്ടും പിന്നീട് പിൻവലിക്കപ്പെട്ടു. ഇപ്പോഴും 5,000 കോടി രൂപയുടെ 2,000 രൂപ നോട്ടുകൾ വിപണിയിലുണ്ടെന്നാണ് റിസർവ് ബാങ്ക് പറയുന്നത്. കടലാസ് കറൻസി കുറയ്ക്കാൻ ലക്ഷ്യമിട്ടെങ്കിലും അത് റെക്കോഡ് നിലയിലേക്കുയരുകയാണ്. റിസർവ് ബാങ്കന്റെ പുതിയ കണക്കനുസരിച്ച് 43.46 ലക്ഷം കോടി രൂപയുടെ കറൻസി വിനിമയത്തിലുണ്ട്. സമ്പദ് വ്യവസ്ഥയുടെ വളർച്ചയും കറൻസിയിലെ വർധനയ്ക്കു കാരണമാകുന്നുണ്ട്. ഇപ്പോഴും രാജ്യത്തെ പല മൊത്ത വിപണനകേന്ദ്രങ്ങളിലും നേരിട്ട് പണത്തിൽ മാത്രം ഇടപാടുകൾ നടക്കുന്നു. ഇത് ഫലപ്രദമായി തടയാനായിട്ടില്ല. ഭീകരപ്രവർത്തനത്തിന്റെ നട്ടെല്ലൊടിയുമെന്നു കരുതിയെങ്കിലും അതുണ്ടായില്ല എന്നതാണു സത്യം. അതേസമയം നോട്ടു നിരോധനവും 2020-ലെ കോവിഡ് മഹാമാരിയും ചേർന്നതോടെ രാജ്യത്ത് ഡിജിറ്റൽ ഇടപാടുകൾ വളർന്നു.
ഉദ്ദേശ്യശുദ്ധിയും ഫലപ്രാപ്തിയും രണ്ടാണെന്ന പാഠം നോട്ടസാധുവാക്കൽ മുന്നോട്ടുവെക്കുന്നു. കള്ളപ്പണവും അഴിമതിയും തടയണമെന്ന ആവശ്യം ഏതൊരു സർക്കാരിനും ന്യായമാണ്. അത്തരം തീരുമാനങ്ങൾ എടുക്കുമ്പോൾ ജനങ്ങൾക്കുണ്ടാകുന്ന ക്ലേശം, അസംഘടിത മേഖലയുടെ സുരക്ഷ, മതിയായ മുന്നൊരുക്കം, വിദഗ്ധരുമായുള്ള കൂടിയാലോചന എന്നിവ അവഗണിക്കാവുന്നവയല്ല. പ്രഖ്യാപിത ലക്ഷ്യങ്ങളിൽ പലതും പൂർണമായി കൈവരിക്കാനായില്ല. ഇതു നടപ്പാക്കുമ്പോൾ തുടക്കത്തിൽ വലിയ മനുഷ്യ - സാമ്പത്തിക പ്രതിസന്ധികൾ അനുഭവിക്കേണ്ടി വന്നതായി ഭൂരിഭാഗം സാമ്പത്തിക വിദഗ്ധരും വിലയിരുത്തുന്നു. ഭാവിയിലെ സാമ്പത്തിക പരിഷ്കാരങ്ങൾക്ക് ഈ അനുഭവം വഴികാട്ടിയാകണം. സുതാര്യത, മുന്നൊരുക്കം, ജനങ്ങളോടുള്ള ഉത്തരവാദിത്വം എന്നിവയാണ് ഏതൊരു വലിയ നയതീരുമാനത്തിന്റെയും അടിത്തറയാകേണ്ടത്.
Published: 07 Nov 2026, 11:29 pm IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..


Most Commented