: ഏതാണ്ട് അഞ്ചേകാൽ നൂറ്റാണ്ടുമുൻപ്, കോഴിക്കോടിനടുത്ത് കാപ്പാട് ഒരു പോർച്ചുഗീസുകാരൻ കപ്പലിറങ്ങി. വാസ്കോ ഡ ഗാമ. പോർച്ചുഗലുമായുള്ള മലയാളിയുടെ മനസ്സടുപ്പത്തിനു തുടക്കം അങ്ങനെയായിരുന്നു. എന്നാൽ, മലയാളക്കരയുടെയാകെ മനസ്സിലേക്ക് ഇക്കാലത്തിനിടെ ഇരമ്പിക്കയറിയ മറ്റൊരു പോർച്ചുഗീസുകാരനുണ്ട്. അത് ക്രിസ്റ്റ്യാനോ റൊണാൾഡോയാണ്. പന്തുതട്ടിയ കാലമത്രയും ലോകത്തെയാകെ ത്രസിപ്പിച്ച അതുല്യപ്രതിഭ. 23 വർഷത്തെ നിസ്തുലമായ കളിക്കാലത്തിനുശേഷം ദേശീയ ടീമിൽനിന്ന് വിരമിക്കൽ പ്രഖ്യാപിച്ചിരിക്കുന്നു. കരിയറിന്റെ അവസാന നാളുകളിൽ ദേശീയ ടീമിൽ സഹതാരങ്ങളിൽനിന്നും പരിശീലകനിൽനിന്നും വേണ്ടത്ര പിന്തുണ കിട്ടാത്തതിന്റെ നിരാശയിലായിരുന്നു അദ്ദേഹം. ഒരുവേള, ദേശീയ ക്യാമ്പ് ഉപേക്ഷിച്ചുമടങ്ങാൻപോലും അദ്ദേഹം തയ്യാറായി. എന്നാൽ, ഈ നിരാസങ്ങൾക്കും ഒറ്റപ്പെടുത്തലുകൾക്കുമൊക്കെ അപ്പുറമാണ് ക്രിസ്റ്റ്യാനോ അവശേഷിപ്പിച്ചുപോകുന്ന മഹത്ത്വം. ഫുട്ബോളിലെ എക്കാലത്തെയും മികച്ച താരങ്ങളിലൊരാൾ എന്നു നിസംശയം വിശേഷിപ്പിക്കാം. കളിയുടെ ചില മേഖലകളിൽ, വേഗം, സ്കോറിങ് പാടവം, ഉയർന്നുവരുന്ന പന്തുകളിലെ നിയന്ത്രണം തുടങ്ങി പലയിടങ്ങളിലും മറ്റാരെക്കാളും കേമനെന്നുതന്നെ പറയണം. കളിക്കളത്തിൽ ഏകാഗ്രതയുടെ പര്യായമായിരുന്നു ക്രിസ്റ്റ്യാനോ. ഫ്രീക്കിക്കോ, പെനാൽട്ടിയോ എടുക്കാനായി തയ്യാറെടുക്കുമ്പോൾ, ലക്ഷ്യത്തിലേക്ക് പോർമുനപോലെ ദൃഷ്ടിപായിച്ചുള്ള നിൽപ്പുതന്നെ ഉദാഹരണം. ഓരോ ഗോളിനുംശേഷമുള്ള ആഘോഷത്തിലും ക്രിസ്റ്റ്യാനോ തന്റേതായ വഴിവെട്ടിത്തുറന്നു. ലോകമെങ്ങുമുള്ള കായികതാരങ്ങൾ, അവരുടെ വിജയമുദ്രയായി അതിനെ സ്വീകരിക്കുന്നതും നാംകണ്ടു.

കളിക്കളത്തിലും പുറത്തും ഇത്രയേറെ മൂല്യമുള്ളൊരു പേര് സമീപകാലത്തുണ്ടായിട്ടില്ല. സ്വയമൊരു ബ്രാൻഡായി മാറുകയായിരുന്നു ‘സി ആർ സെവൻ’. പേരും ജേഴ്സി നമ്പറും ഇതുപോലെ ഇഴുകിച്ചേർന്ന മറ്റൊരാളില്ല. സമകാലികനായ ലയണൽ മെസ്സിയുമായി ആരോഗ്യകരമായൊരു മത്സരം അദ്ദേഹം ഇക്കാര്യത്തിൽ നിലനിർത്തി. കളിയുടെ ഓരോ അംശത്തിലും ഇവരിലാര് കേമനെന്ന ചർച്ച ലോകം ആഘോഷത്തോടെ ഏറ്റെടുത്തു. ക്രിസ്റ്റ്യാനോ അതിനെ നോക്കിക്കണ്ടത് മറ്റൊരു തരത്തിലായിരുന്നു. ഫുട്ബോളിൽ മികവിന്റെ അമരക്കാരായി രണ്ടുപതിറ്റാണ്ടിലേറെ നിലനിന്നതിനുകാരണം പരസ്പരമുള്ള താരതമ്യവും മാത്സര്യവുമായിരുന്നുവെന്ന് ക്രിസ്റ്റ്യാനോ ഒരിക്കൽ പറയുകയുണ്ടായി. ക്രിസ്റ്റ്യാനോകൂടി അന്താരാഷ്ട്ര മത്സരങ്ങളിൽനിന്ന് വിടപറയുമ്പോൾ, വല്ലാത്തൊരു ശൂന്യതയിലേക്കാണ് ഫുടിബോൾ ഉരുണ്ടുനീങ്ങുന്നത്. മെസ്സിയും ക്രിസ്റ്റ്യാനോയുമില്ലാത്ത, ആരാണ് ‘ഗോട്ട്’ (ഗ്രേറ്റസ്റ്റ് ഓഫ് ഓൾടൈം) എന്ന ചർച്ചയില്ലാത്ത കാലം. മെസ്സിയെ ഏറ്റവും മികച്ച താരമായി വിലയിരുത്തുന്ന പണ്ഡിതർപോലും ക്രിസ്റ്റ്യാനോ ചില മേഖലകളിൽ മെസ്സിയെക്കാൾ കേമനാണെന്ന് സമ്മതിച്ചിരുന്നു. ഇറ്റാലിയൻ ലീഗിൽ യുവന്റസിനായി കളിക്കുമ്പോൾ, സാംപദോറിയക്കെതിരേ 2019-ൽ നേടിയ ഹെഡ്ഡർഗോൾ ശാസ്ത്രലോകത്തുപോലും വലിയ പഠനങ്ങൾക്കുവിധേയമായി. പന്തിലേക്കുമാത്രം ഏകാഗ്രതയോടെ നോട്ടമുറപ്പിച്ച്, നിന്നനിൽപ്പിൽ 2.56 മീറ്റർ ഉയരത്തിൽച്ചാടി, നിമിഷാർധത്തോളം വായുവിൽ നിലയുറപ്പിച്ച്, വലയിലേക്ക് പന്ത് ഹെഡ്ഡ് ചെയ്തിട്ടത് ഇന്നുമൊരു അദ്ഭുതമായിത്തന്നെ അവശേഷിക്കുന്നു. അങ്ങനെയെത്രയെത്ര മുഹൂർത്തങ്ങൾ സൃഷ്ടിച്ചുകൊണ്ടാണ് പടിയിറക്കമെന്നോർക്കുക.

മെസ്സിയുമായുള്ള താരതമ്യത്തിൽ, ലോകകപ്പ് നേടാനായിട്ടില്ല എന്നതാണ് ആരാധകർ ക്രിസ്റ്റ്യാനോയിൽ കാണുന്ന ‘കുറവ്’ എന്നാൽ, കളിച്ച ആറു ലോകകപ്പുകളിലും ഗോളടിച്ച താരമെന്ന അത്യപൂർവമായ, ഒരുപക്ഷേ ഇനിയൊരാൾക്കും തകർക്കാൻ സാധിക്കാത്ത റെക്കോഡിന് ഉടമയായാണ് ഇത്തവണത്തെ ലോകകപ്പിൽ അദ്ദേഹം ബൂട്ടഴിച്ചത്. കളിക്കളത്തിലെ പല നിമിഷങ്ങളിലും അമാനുഷികമായ പ്രകടനങ്ങൾക്കുടമയായെങ്കിലും പലപ്പോഴും മനുഷ്യനായി മാറിയ മുഹൂർത്തവും നാം കണ്ടു. പരാജയങ്ങളിൽ ഒരു കുട്ടിയെപ്പോലെ വിതുമ്പുന്ന ക്രിസ്റ്റ്യാനോ ആരാധകരെയാകെ കണ്ണീരണിയിച്ചു. അളവറ്റ സമ്പത്തിനുടമയായിട്ടും മറ്റു പല താരങ്ങളിൽനിന്നും വ്യത്യസ്തമായ ജീവിതശൈലി അദ്ദേഹം സ്വീകരിച്ചു. മദ്യപിക്കാത്ത, ശീതളപാനീയങ്ങളെ പ്രോത്സാഹിപ്പിക്കാത്ത, ടാറ്റൂ ചെയ്യാത്ത ക്രിസ്റ്റ്യാനോ കുട്ടികളുടെ പ്രിയപ്പെട്ട വീരപുരുഷനായി. പോർച്ചുഗൽ പ്രവിശ്യയായ മദെയ്‌രയിൽ ദരിദ്ര ചുറ്റുപാടുകളിൽനിന്ന് ജീവിതം കണ്ട ക്രിസ്റ്റ്യാനോ, ചില മൂല്യങ്ങൾ തന്റെ ജീവിതത്തിന്റെ ഭാഗമായി കൂട്ടുകയായിരുന്നു. 2016-യൂറോ കപ്പും 2019-ലെയും 2025-ലെയും നാഷൻസ് ലീഗ് കിരീടവും ക്യാപ്റ്റനായി പോർച്ചുഗലിലെത്തിച്ചു. കളിച്ച 234 മത്സരങ്ങളും അടിച്ചുകൂട്ടിയ 146 ഗോളുകളും പുരുഷ ഫുട്ബോളിൽ എക്കാലത്തെയും റെക്കോഡായി നിൽക്കുന്നു. ഒടുവിൽ, ഒരു വലിയ യാത്രയുടെ അവസാനമായെന്ന തിരിച്ചറിവോടെ, 2003 ഓഗസ്റ്റിൽ തുടങ്ങിയ അന്താരാഷ്ട്ര മത്സരങ്ങളുടെ പരമ്പരയ്ക്ക് ക്രിസ്റ്റ്യാനോ തന്നെ വിരാമമിട്ടിരിക്കുന്നു.

പ്രിയ ക്രിസ്റ്റ്യാനോ, നിങ്ങൾ കളിക്കളത്തിൽ തീർത്ത മായികമുഹൂർത്തങ്ങൾ സാക്ഷി, വിരമിക്കുന്നതൊരു താരമല്ല, മറിച്ച് ഫുട്ബോളിന്റെ വേറിട്ടൊരു ലോകംതന്നെ, നന്ദി.

To advertise here,