യു.എസിൽ, ദേശീയ പാർലമെന്റായ കോൺഗ്രസിലേക്കും സംസ്ഥാന-പ്രാദേശിക പദവികളിലേക്കും നടന്ന തിരഞ്ഞെടുപ്പിൽ പ്രതിപക്ഷ ഡെമക്രാറ്റിക് പാർട്ടിക്കുണ്ടായ മുന്നേറ്റം ലോകമെങ്ങും സ്വാഗതംചെയ്യപ്പെട്ടിരിക്കുന്നു. ബ്രസീലിൽ വർക്കേഴ്‌സ് പാർട്ടി നേതാവ് ലൂയിസ് ഇനാഷ്യോ ലുല ഡ സിൽവയും സെർബിയയിൽ വിദ്യാർഥിപ്രതിരോധപ്രസ്ഥാനവും നേടിയ തിരഞ്ഞെടുപ്പുവിജയത്തിനുപിന്നാലെ യു.എസിൽനിന്നുള്ള വാർത്തയും ഉദാരരാഷ്ട്രീയത്തെ നെഞ്ചേറ്റുന്നവരെ ആവേശംകൊള്ളിച്ചിട്ടുണ്ട്. എന്നാൽ, യു.എസ്. ഫലത്തെ കുറെക്കൂടി വിവേകത്തോടെ വിശകലനംചെയ്യേണ്ടതുണ്ടെന്നു തോന്നുന്നു. തീവ്രയാഥാസ്ഥിതികനായ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന് കനത്ത പ്രഹരമേൽപ്പിച്ചെന്നതാണ് ഈ തിരഞ്ഞെടുപ്പുഫലത്തെ സന്തോഷജനകമാക്കുന്ന പ്രധാനഘടകം. തിരഞ്ഞെടുപ്പിൽ ഡെമക്രാറ്റുകളുടെ മുന്നേറ്റമുണ്ടാകുമെന്ന് പ്രതീക്ഷിക്കപ്പെട്ടിരുന്നെങ്കിലും അത് ഇത്ര ഗംഭീരമാകുമെന്ന് ആരും കരുതിയിരുന്നില്ല. എന്നാൽ, ട്രംപിന്റെ നയങ്ങളോടുള്ള എതിർപ്പെന്നതിനെക്കാൾ, ആ നയങ്ങൾ ജനജീവിതത്തിലുണ്ടാക്കിയ ആഘാതത്തോടുള്ള വോട്ടർമാരുടെ രൂക്ഷപ്രതികരണമെന്ന് തിരഞ്ഞെടുപ്പുഫലത്തെ വിശേഷിപ്പിക്കുന്നതാകും നല്ലത്. ഇറാൻയുദ്ധം സൃഷ്ടിച്ച എണ്ണപ്രതിസന്ധി യു.എസിൽ ഇന്ധനലഭ്യതയെയും അവശ്യസാധനവിലകളെയും ബാധിച്ചിരുന്നു. കൂടാതെ, ട്രംപിന്റെ താരിഫ് നയവും വിലക്കയറ്റത്തിനിടയാക്കി. ഇതെല്ലാം ജനരോഷമുണ്ടാക്കുകയും തിരഞ്ഞെടുപ്പുഫലത്തെ സ്വാധീനിക്കുകയുംചെയ്തു.

നാലുവർഷമാണ് യു.എസ്. പ്രസിഡന്റിന്റെ കാലാവധി. കോൺഗ്രസിലെ രണ്ടു സഭകളിലൊന്നായ ജനപ്രതിനിധിസഭയിലെ മുഴുവൻ സീറ്റുകളിലേക്കും രണ്ടുവർഷംകൂടുമ്പോൾ തിരഞ്ഞെടുപ്പുനടക്കും. മറ്റൊരു സഭയായ സെനറ്റിലെ അംഗങ്ങളുടെ കാലാവധി ആറുവർഷമാണെങ്കിലും ആ സഭയിലെ മൂന്നിലൊന്നു സീറ്റുകളിലേക്ക് രണ്ടുവർഷംകൂടുമ്പോൾ തിരഞ്ഞെടുപ്പു നടക്കും. ഇങ്ങനെ ജനപ്രതിനിധിസഭ, സെനറ്റിലെ മൂന്നിലൊന്നു സീറ്റുകൾ, വിവിധ സംസ്ഥാന-പ്രാദേശിക അധികാരപദവികൾ എന്നിവയിലേക്ക് രണ്ടുവർഷംകൂടുമ്പോൾ തിരഞ്ഞെടുപ്പു നടക്കുന്നതാണ് യു.എസിലെ രീതി. പ്രസിഡന്റുതിരഞ്ഞെടുപ്പു നടക്കുന്ന വർഷമാണെങ്കിൽ അതിനൊപ്പമാണ് മറ്റു തിരഞ്ഞെടുപ്പുകളും നടക്കുക. രണ്ടുവർഷംകഴിയുമ്പോൾ മറ്റു തിരഞ്ഞെടുപ്പുകൾമാത്രം നടക്കും. അങ്ങനെയൊന്നാണ് ഇപ്പോൾ നടന്നത്. ഇങ്ങനെ വോട്ടെടുപ്പു നടക്കുമ്പോൾ, നിലവിലെ പ്രസിഡന്റിന്റെ രണ്ടുവർഷത്തെ ഭരണത്തെ വിലയിരുത്തി വോട്ടുചെയ്യാനുള്ള അവസരമാണ് അമേരിക്കൻ ജനതയ്ക്കു ലഭിക്കുന്നത്. കഴിഞ്ഞ എൺപതുവർഷത്തിനിടെ ഇത്തരത്തിൽ നടന്ന ഇരുപതു തിരഞ്ഞെടുപ്പുകളിൽ പതിനെട്ടെണ്ണത്തിലും പ്രസിഡന്റിനും അദ്ദേഹത്തിന്റെ പാർട്ടിക്കും തിരിച്ചടി നേരിട്ടതാണു ചരിത്രം. പക്ഷേ, അതൊന്നും ഇപ്പോൾ ട്രംപിനു നേരിടേണ്ടിവന്നമാതിരിയുള്ള വൻതകർച്ചയായിരുന്നില്ല. ഇടക്കാല തിരഞ്ഞെടുപ്പുകൾ, നിലവിലെ ഭരണകൂടത്തോടുള്ള ജനവികാരം പ്രതിഫലിപ്പിക്കുന്നതിൽ എത്രമാത്രം ഫലപ്രദമാണെന്ന ജനാധിപത്യപാഠം ഇതിലടങ്ങിയിട്ടുണ്ട്.

ഈ പശ്ചാത്തലത്തിലാണ് നമ്മുടെ കേന്ദ്രസർക്കാർ നടപ്പാക്കാൻ ശ്രമിക്കുന്ന 'ഒരു രാജ്യം, ഒറ്റത്തിരഞ്ഞെടുപ്പ്' രീതിയെ വിശകലനംചെയ്യേണ്ടത്. രാജ്യത്ത് ലോക്‌സഭാ-നിയമസഭാ തിരഞ്ഞെടുപ്പുകൾ അഞ്ചുവർഷംകൂടുമ്പോൾ ഒരുമിച്ചു നടത്താനാണു നിർദേശം. ഇതിനുള്ള ബില്ലുകൾ ലോക്‌സഭയിൽ അവതരിപ്പിക്കുകയും സംയുക്ത പാർലമെന്ററി സമിതിയുടെ പരിഗണനയ്ക്കു വിടുകയുംചെയ്തിട്ടുണ്ട്. വരാനിരിക്കുന്ന സമ്മേളനത്തിൽ ബില്ലുകൾ വീണ്ടും പാർലമെന്റിനുമുൻപാകെ എത്തുമെന്നാണു സൂചന. ഇടയ്ക്കിടെ രാജ്യത്ത് ഏതെങ്കിലും ഭാഗത്ത് തിരഞ്ഞെടുപ്പുകൾ നടക്കുന്നത് ഭരണപരമായ അസൗകര്യങ്ങളുണ്ടാക്കുന്നെന്നും അത് ഒഴിവാക്കാമെന്നുമാണ് പുതിയ നീക്കത്തിനു മുഖ്യപ്രേരണയായി സർക്കാർ പറയുന്നത്. തിരഞ്ഞെടുപ്പുകൾ ഭരണപ്രക്രിയ വൈകാനിടയാക്കുന്നെന്നും വികസനത്തെ തടസ്സപ്പെടുത്തുന്നെന്നുമുള്ള വാദം ജനാധിപത്യവിരുദ്ധമാണ്. തിരഞ്ഞെടുപ്പുകൾക്കും ജനാധിപത്യത്തിനും എതിരായി ഉയരുന്ന പതിവുവാദങ്ങൾ ഭരണകൂടംതന്നെ ഏറ്റെടുത്തതാണ് 'ഒരു രാജ്യം, ഒറ്റ തിരഞ്ഞെടുപ്പ്' നീക്കത്തിൽ ദൃശ്യമായത്. ഇടയ്ക്കിടെ നടക്കുന്ന തിരഞ്ഞെടുപ്പുകൾ ഭരണകൂടങ്ങളെ തിരുത്താനും ജനകീയശബ്ദങ്ങൾ ശ്രവിപ്പിക്കാനുമുള്ള ജനായത്ത അവസരങ്ങളാണ്. യു.എസിലെ ഇക്കഴിഞ്ഞ തിരഞ്ഞെടുപ്പ് ഇന്ത്യക്കു നൽകുന്ന പാഠവും അതാണ്.

To advertise here,