ശബരിമലയിൽ നിലയ്ക്കൽ ഹെലിപ്പാഡിനു സമീപത്തുനിന്ന് ഇത്തവണ പുറത്തെടുത്തത് 1,29,520 കിലോഗ്രാം തുണിമാലിന്യമാണെന്നത് അമ്പരപ്പിക്കുന്ന കണക്കാണ്. ഇതരസംസ്ഥാന തീർഥാടകർ പമ്പാനദിയിൽ ഉപേക്ഷിച്ചതാണിവ. ഇവ നീക്കാൻ ഓരോ വർഷവും കരാർ കൊടുക്കുകയാണു പതിവ്. കരാറുകാർ തുണിയിൽ നല്ലത് എടുത്തശേഷം ബാക്കി ഹെലിപ്പാഡിനുപിന്നിൽ ഗോശാലയുടെ ഭാഗത്ത് തള്ളിയതാണെന്നാണു കരുതുന്നത്. കഴിഞ്ഞദിവസങ്ങളിലായി ദ ക്ലീൻ കേരള കമ്പനിയുടെ നേതൃത്വത്തിൽ തുണിക്കൂമ്പാരം നീക്കി. ഒരുമാസത്തിനിടെ സന്നിധാനം, പമ്പ, നിലയ്ക്കൽ എന്നിവിടങ്ങളിൽനിന്ന് കമ്പനി പുറത്തെടുത്തത് 2,39,386 കിലോഗ്രാം മാലിന്യമാണ്. പ്ലാസ്റ്റിക്, സ്ക്രാപ്പ് തുടങ്ങിയവ ഇതിൽ ഉൾപ്പെടുന്നു. ശബരിമല കാനനക്ഷേത്രമാണ്. എന്നിട്ടും പ്ലാസ്റ്റിക് അടക്കമുള്ള സാധനങ്ങൾ യഥേഷ്ടം ഇവിടെ തള്ളുന്നുവെന്നത് സങ്കടകരമാണ്.
പമ്പയിൽ ഭക്തിപൂർവം സ്നാനം നടത്തുന്ന ഇതരസംസ്ഥാന തീർഥാടകർ ഉടുത്ത വസ്ത്രങ്ങൾ നദിയിൽ ഉപേക്ഷിക്കുന്നതു പതിവാണ്. ഇങ്ങനെ ചെയ്യരുതെന്ന് നിർദേശവും ബോധവത്കരണവുമൊക്കെയുണ്ടെങ്കിലും ഇത് ആവർത്തിക്കുന്നു. ശബരിമലയിലെ പരിസ്ഥിതിയെയും പമ്പയിലെ ഒഴുക്കിനെയും ബാധിക്കുന്ന വിപത്താണിത്. ഈവർഷം ഇതാദ്യമായി മാലിന്യനീക്കം ക്ലീൻ കേരള കമ്പനിയെ ഏൽപ്പിച്ചത് ദേവസ്വം ബോർഡ് പ്രസിഡന്റ് കെ. ജയകുമാറിന്റെ കർശനനിലപാടിനെത്തുടർന്നാണ്. കഴിഞ്ഞമാസം ഏഴാംതീയതി കമ്പനി ജോലിതുടങ്ങി. പതിറ്റാണ്ടുകളായി കുഴിച്ചുമൂടപ്പെട്ട മാലിന്യം പുറത്തെടുത്തതാണ് ഇത്തവണത്തെ സവിശേഷത. മണ്ണിലും ചെളിയിലും പുതഞ്ഞും പൊടിഞ്ഞും കിടക്കുന്ന തുണിമാലിന്യം വേർതിരിച്ചെടുക്കുന്നത് ക്ലേശകരമാണ്. ഇവ ക്ലീൻ കേരള കമ്പനിയുടെ ആർ.ഡി.എഫ്.(റെഫ്യൂസ് ഡിറൈവ്ഡ് ഫ്യുവൽ) പ്ലാന്റിലേക്കാണ് കൊണ്ടുപോകുന്നത്. ഇത് പ്രത്യേക സാങ്കേതികവിദ്യയിലൂടെ കൽക്കരിക്കുപകരമുള്ള ഇന്ധനമാക്കി മാറ്റി സിമന്റ് കമ്പനികൾക്കു നൽകും. സന്നിധാനംപരിസരത്ത് 30 ടൺ മാലിന്യം ഇനിയും നീക്കാനുണ്ട്. തീർഥാടനം തുടങ്ങാറായതിനാൽ ബാക്കി മണ്ഡലകാലത്തിനുശേഷം മാറ്റാമെന്നാണു തീരുമാനം.
മാലിന്യം തള്ളരുതെന്ന കാര്യത്തിൽ ഭക്തരും അധികൃതരും കച്ചവടക്കാരും തുടങ്ങി എല്ലാ വിഭാഗം ആളുകളും ഒന്നിച്ചുനിന്നേ പറ്റൂ. എന്തും എവിടെയും വലിച്ചെറിയുന്ന രീതി മാറ്റണം; മാലിന്യം കൃത്യമായി ശേഖരിക്കാൻ സംവിധാനം വേണം. ആ നിലയ്ക്ക് ഈ വർഷമുണ്ടായത് നല്ല തുടക്കമാണ്. മണ്ഡല-മകരവിളക്കു തീർഥാടനം തുടങ്ങാനിരിക്കേ ഇത്തവണ എല്ലാ ഭക്തരും ശബരിമലയുടെ പരിസ്ഥിതിരക്ഷയിൽ പ്രത്യേകശ്രദ്ധ പതിപ്പിക്കുകതന്നെവേണം. മാലിന്യംതള്ളുന്നത് ഒഴിവാക്കുക. ഗ്രീൻ പ്രോട്ടക്കോൾ ഉൾപ്പെടെയുള്ള നിർദേശങ്ങളും ചട്ടങ്ങളും പാലിക്കുക. പമ്പയിൽ തീർഥാടകർ തുണിയൊഴുക്കുന്നത് ഇത്തവണ നിയന്ത്രണവിധേയമാക്കാനായാൽ നന്നായി.
Published: 15 Nov 2026, 10:49 pm IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented