റോഡ് എല്ലാവർക്കും അവകാശപ്പെട്ടതാണെന്ന തിരിച്ചറിവും സഹജീവികളുടെ ജീവന് വിലകല്പിക്കുന്ന മനോഭാവവും വളർത്തിയെടുത്താൽ മാത്രമേ നമ്മുടെ നിരത്തുകളിലെ കുരുതിക്ക് അറുതി വരുത്താനാകൂ

സംസ്ഥാനത്ത് പുതിയ ദേശീയപാതകളും ബൈപ്പാസുകളും യാത്രാസൗകര്യങ്ങൾ വർധിപ്പിക്കുന്നുണ്ടെങ്കിലും നമ്മുടെ നിരത്തുകളിൽ നിയമലംഘനങ്ങളുടെ ഘോഷയാത്രയാണ് അരങ്ങേറുന്നത്. ഇതിനെതിരേ സംസ്ഥാനത്തുടനീളം മോട്ടോർ വാഹന വകുപ്പ് പരിശോധനകൾ കർശനമാക്കുകയും നിയമലംഘകരുടെ ലൈസൻസുകൾ കൈയോടെ സസ്പെൻഡ് ചെയ്യുകയും ചെയ്യുന്നത് സ്വാഗതാർഹമാണ്. കഴിഞ്ഞദിവസം മലപ്പുറത്ത് ദേശീയപാതയിൽ നടത്തിയ പരിശോധനയിൽ പിടികൂടിയ 22 ഡ്രൈവർമാരുടെ ലൈസൻസ് സസ്പെൻഡ് ചെയ്തതും എറണാകുളത്ത് സ്വകാര്യ ബസുകളുടെപേരിൽ 382 കേസ് രജിസ്റ്റർചെയ്തതും ഉദാഹരണം.
ഒരു യുദ്ധഭൂമിയിൽ പൊലിയുന്നതിനെക്കാൾ കൂടുതൽ മനുഷ്യജീവനുകളാണ് കേരളത്തിലെ റോഡുകളിൽ ദിനംപ്രതി നഷ്ടമാകുന്നത്. കേരള പോലീസിന്റെ ഔദ്യോഗിക കണക്കുകൾപ്രകാരം 2025-ൽമാത്രം സംസ്ഥാനത്ത് 49,889 വാഹനാപകടങ്ങളിലായി 3733 പേർ മരിക്കുകയും 56,922 പേർക്ക് പരിക്കേൽക്കുകയും ചെയ്തു. 2026 ഓഗസ്റ്റുവരെയുള്ള എട്ടുമാസത്തിനിടെ 35,873 അപകടങ്ങളിലായി 2702 ജീവനുകളാണ് നിരത്തിൽ പൊലിഞ്ഞത്. ഓരോ അക്കത്തിനുപിന്നിലും ഒട്ടേറെപ്പേർക്ക് പ്രിയപ്പെട്ട ഒരാളും അനാഥമായ ഒരു കുടുംബവുമുണ്ടെന്നു മറക്കരുത്. ശരാശരി പ്രതിദിനം പത്തോളം പേർ റോഡപകടങ്ങളിൽ മരിക്കുന്നു എന്നത് ഏതൊരു പരിഷ്കൃത സമൂഹത്തെയും ഞെട്ടിക്കേണ്ട യാഥാർഥ്യമാണ്. അതിവേഗം, മദ്യപിച്ച് വാഹനമോടിക്കൽ, ലൈസൻസില്ലാത്ത ഡ്രൈവിങ്, ഹെൽമെറ്റ്-സീറ്റ് ബെൽറ്റ് ലംഘനങ്ങൾ, അപകടകരമായ ഓവർടേക്കിങ്, മൊബൈൽ ഫോൺ ഉപയോഗം- ഇതൊക്കെയാണ് അപകടം ക്ഷണിച്ചുവരുത്തുന്നത്.
റോഡുകൾ എത്ര വികസിച്ചിട്ടും മലയാളിയുടെ ‘വാഹന സംസ്കാരം’ ഇനിയും വളർന്നിട്ടില്ല എന്നതാണ് അടിസ്ഥാനപ്രശ്നം. വാഹനത്തെ യാത്രോപാധി എന്ന നിലയിലല്ല സ്വന്തം മിടുക്കും കൈയൂക്കും അധീശത്വവും കാട്ടാനുള്ള ഉപകരണമായാണ് ചിലരെങ്കിലും കാണുന്നത്. റോഡ് ‘മത്സരിച്ചു ജയിക്കാനുള്ള’ ഇടമാണെന്ന മനോഭാവംതന്നെയാണ് ഇതിന്റെ കാതൽ. പുതിയ ബൈപ്പാസുകളിലും ദേശീയപാതകളിലും തെറ്റായ ദിശയിലൂടെ ഓട്ടോറിക്ഷകളും ബൈക്കുകളും ബസുകളും ഓടിക്കുന്നതും അതിവേഗവും അശ്രദ്ധമായ മറികടക്കലും നിത്യസംഭവങ്ങളാണ്. ഇതിനെക്കാൾ ഗുരുതരമാണ് പ്രായപൂർത്തിയാവാത്ത കുട്ടികൾ വാഹനമോടിച്ച് അപകടങ്ങൾ വരുത്തുന്നത്. 12-ഉം 17-ഉം വയസ്സുള്ള കൗമാരക്കാർപോലും ഇരുചക്രവാഹനങ്ങളും കാറുകളുമെടുത്ത് നിരത്തിലിറങ്ങുന്നു. കുട്ടികൾക്ക്് വാഹനത്തിന്റെ താക്കോൽ നൽകുമ്പോൾ അവർക്കോ വഴിയാത്രക്കാരായ മറ്റാർക്കോ ഉള്ള മരണവാറന്റാണ് കൈമാറുന്നതെന്ന് മാതാപിതാക്കൾ മനസ്സിലാക്കണം. ഇത്തരം ഗുരുതരമായ സാഹചര്യത്തിൽ മോട്ടോർ വാഹന വകുപ്പിന്റെയും പോലീസിന്റെയും പരിശോധനകൾ കേവലം ‘തൊലിപ്പുറത്തെ ചികിത്സ’യായി ഒതുങ്ങരുത്. അപകടങ്ങൾ ഉണ്ടാകുമ്പോൾമാത്രം നടത്തുന്ന സ്പെഷ്യൽ ഡ്രൈവുകളും പേരിനുള്ള പിഴ ഈടാക്കലുംകൊണ്ട് മാറ്റമുണ്ടാകില്ല. നിയമം ലംഘിക്കുന്നവർക്ക് ശിക്ഷ ഉറപ്പാണെന്ന ഭയം ഉണ്ടാകണം.
വിദേശരാജ്യങ്ങളിലെ ഉയർന്ന ട്രാഫിക് ബോധം നമുക്ക് പാഠമാകേണ്ടതാണ്. മധ്യപൂർവേഷ്യൻ രാജ്യങ്ങളിലും യൂറോപ്പിലും ജപ്പാനിലുമെല്ലാം മികച്ച റോഡ് സംസ്കാരം നിലനിൽക്കുന്നത് അവിടത്തെ കർശനമായ നിയമങ്ങൾ കൊണ്ടുമാത്രമല്ല, മറിച്ച് ചെറുപ്പംമുതലേ നൽകുന്ന ബോധവത്കരണംകൊണ്ടുകൂടിയാണ്. ഇവിടെയും സ്കൂൾതലംമുതൽ കുട്ടികളിൽ ട്രാഫിക് നിയമങ്ങളെക്കുറിച്ചും റോഡ് മര്യാദകളെക്കുറിച്ചും അവബോധം വളർത്തേണ്ടതാണ്. കർശനമായ നിയമനടപടികളും ശാസ്ത്രീയമായ ബോധവത്കരണവും കൈകോർത്താൽമാത്രമേ, ചോരവീഴാത്ത നിരത്തുകൾ നമുക്ക് യാഥാർഥ്യമാക്കാൻ കഴിയൂ. അപകടസാധ്യതയുള്ള സ്ഥലങ്ങളുടെ പട്ടിക തയ്യാറാക്കി മുൻഗണനാക്രമത്തിൽ സുരക്ഷാനടപടികൾ നടപ്പാക്കണം. ഡ്രൈവിങ് ടെസ്റ്റുകൾ കർശനമാക്കുകയും റോഡ് മര്യാദകൾ കൃത്യമായി അറിയുന്നവർക്കുമാത്രം ലൈസൻസ് നൽകുകയും വേണം. റോഡ് എല്ലാവർക്കും അവകാശപ്പെട്ടതാണെന്ന തിരിച്ചറിവും സഹജീവികളുടെ ജീവന് വിലകല്പിക്കുന്ന മനോഭാവവും വളർത്തിയെടുത്താൽമാത്രമേ നമ്മുടെ നിരത്തുകളിലെ കുരുതിക്ക് അറുതി വരുത്താനാകൂ.
Published: 13 Nov 2026, 11:27 pm IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..


Most Commented