അടൂർ : വാടകയിനത്തിൽ നഗരസഭയ്ക്ക് വർഷംതോറും ലഭിക്കുന്നത് ലക്ഷങ്ങൾ. എന്നാൽ ചന്തയ്ക്കുള്ളിൽ എത്തിയാൽ കാണുന്നത് തകർച്ചയുടെ വക്കിലുള്ള കെട്ടിടങ്ങളും മാലിന്യക്കൂമ്പാരങ്ങളും വെള്ളക്കെട്ടും. വെളിച്ചമില്ല, വെള്ളമില്ല, മാലിന്യംനീക്കാൻ സംവിധാനവുമില്ല. അടൂർ സെൻട്രൽ ചന്തയുടെ ദുരവസ്ഥയാണിത്. തട്ട-പത്തനംതിട്ട റോഡിൽ വർഷങ്ങളായി പ്രവർത്തിക്കുന്ന ചന്ത പ്രധാനമായും മത്സ്യ-മാംസ വിൽപ്പനകേന്ദ്രമാണ്. വിവിധ മാംസവ്യാപാരങ്ങൾക്കായി പത്തോളം കടമുറികളാണ് നഗരസഭ ലേലത്തിൽ നൽകിയിട്ടുള്ളത്. ഇതിൽ പല കെട്ടിടങ്ങളുടെയും അവസ്ഥ ശോചനീയമാണ്. മേൽക്കൂരയും ചുവരുകളും തകർച്ചാഭീഷണി നേരിടുന്നതിനാൽ ഏതുനിമിഷവും നിലംപൊത്താവുന്ന സ്ഥിതിയിലാണ്. മഴക്കാലം എത്തിയതോടെ വ്യാപാരികളുടെയും ചന്തയിലെത്തുന്നവരുടെയും ആശങ്കയും വർധിച്ചു.
മാലിന്യവും വെള്ളക്കെട്ടും; ദുരിതം ഇരട്ടിയായി
വർഷങ്ങളായി വൈദ്യുതിയും വെള്ളവും ലഭിക്കുന്നില്ലെന്നാണ് വ്യാപാരികളുടെ പരാതി. ചന്തയ്ക്കുള്ളിൽ മാലിന്യം കുന്നുകൂടുന്നതും പതിവാണ്. മാലിന്യം സംസ്കരിക്കുന്നതിനോ വെള്ളം ഒഴുകിപ്പോകുന്നതിനോ മതിയായ സംവിധാനങ്ങളില്ല. മഴ പെയ്താൽ ചന്തയ്ക്കുള്ളിൽ വെള്ളക്കെട്ട് രൂപപ്പെടുന്നതും വ്യാപാരത്തിനും പൊതുജനങ്ങൾക്കും ബുദ്ധിമുട്ടുണ്ടാക്കുന്നു.ലക്ഷങ്ങളുടെ വരുമാനം, അടിസ്ഥാനസൗകര്യങ്ങളില്ലചന്തയിലെ കടമുറികൾ ലേലത്തിൽ നൽകുന്നതിലൂടെ വർഷംതോറും നല്ല വരുമാനം ലഭിക്കുന്നുണ്ടെന്നാണ് വിവരം. എന്നാൽ ഇതിന് ആനുപാതികമായി അടിസ്ഥാനസൗകര്യങ്ങൾ ഒരുക്കാൻ നഗരസഭ തയ്യാറാകുന്നില്ലെന്നാണ് വ്യാപാരികളുടെ ആരോപണം.
ചന്ത അടിയന്തരമായി ശുചീകരിക്കുക, തകർച്ചാഭീഷണി നേരിടുന്ന കെട്ടിടങ്ങൾ അറ്റകുറ്റപ്പണി നടത്തുക, കുടിവെള്ളവും വൈദ്യുതിയും എത്തിക്കുക, വെള്ളക്കെട്ട് ഒഴിവാക്കാൻ ഓടകൾ ഒരുക്കുക, മാലിന്യസംസ്കരണ സംവിധാനം ഏർപ്പെടുത്തുക, ശൗചാലയം നിർമിക്കുക തുടങ്ങിയ ആവശ്യങ്ങളാണ് വ്യാപാരികൾ മുന്നോട്ടുവയ്ക്കുന്നത്. നഗരത്തിന്റെ പ്രധാന വ്യാപാരകേന്ദ്രങ്ങളിലൊന്നായ ചന്തയുടെ ദുരവസ്ഥയ്ക്ക് പരിഹാരം കാണാൻ നഗരസഭ അടിയന്തരമായി ഇടപെടണമെന്ന ആവശ്യവും ശക്തമാണ്.
2000-ൽ ഉദ്ഘാടനം
അടൂർ നഗരസഭയുടെ നിയന്ത്രണത്തിലുള്ള സെൻട്രൽ ടോൾ ചന്തയുടെ നിലവിലെ കെട്ടിടം നിർമിച്ചത് 2000 ജൂലായ് മാസത്തിലാണ്. ഇതിനുശേഷം ഒരു നവീകരണവും ഇവിടെ നടത്തിയിട്ടില്ല. വർഷങ്ങൾക്കുമുമ്പ് ലക്ഷങ്ങൾ മുടക്കി നിർമിച്ച പ്ലാസ്റ്റിക്ക് മാലിന്യസംസ്കരണ പദ്ധതി എം.ആർ.എഫിന്റെ പ്രവർത്തനം നിലച്ചിട്ട് വർഷങ്ങളായി. എപ്പോഴോ ശേഖരിച്ച കുറച്ച് പ്ലാസ്റ്റിക് ഇപ്പോഴും പദ്ധതിക്കായി നിർമിച്ച കെട്ടിടത്തിൽ തന്നെ കിടപ്പുണ്ട്. ഇതുപോലും നീക്കം ചെയ്യാൻ നഗരസഭയ്ക്ക് ആകുന്നില്ല എന്നതാണ് വസ്തുത.
നല്ല വരുമാനം ലഭിക്കില്ലേ
നിലവിൽ പത്ത് കടമുറികളാണ് വിവിധ മാംസക്കച്ചവടത്തിനായി നഗരസഭ ലേലത്തിൽ നൽകിയിട്ടുള്ളത്. ഇതിൽ പല കെട്ടിടങ്ങളും ഏതുനിമിഷവും നിലംപൊത്തുന്ന അവസ്ഥയിലാണ്. ഇത് നന്നാക്കിയെടുത്താൽ ഇവിടെയെല്ലാം വിവിധ കടകൾ എത്തി നഗരസഭയ്ക്ക് നല്ല വരുമാനവും ലദിക്കില്ലേ
സാബു അടൂർപൊതുപ്രവർത്തകൻ
Published: 05 Oct 2026, 01:35 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented