റാന്നി : ശബരിമല തീർഥാടനകാലയളവിൽ മോഷണം നടത്തുന്നതിനായി എത്തിയതാണെന്ന് സംശയിക്കുന്ന തമിഴ്നാട് സ്വദേശികളായ രണ്ട് യുവതികളെ റാന്നി പോലീസ് പിടികൂടി. ബസ് ജീവനക്കാരുടെയും പോലീസിന്റെയും സമയോചിതമായ ഇടപെടലിലാണ് ഇവരെ പിടികൂടാനായത്. വിവിധ മോഷണക്കേസുകളിൽ പ്രതികളായ ഇവരിൽ ഒരാളുടെ അടിവസ്ത്രത്തിനുള്ളിൽ ഒളിപ്പിച്ചിരുന്ന 21,000 രൂപയും പരിശോധനയിൽ കണ്ടെത്തി.
ബുധനാഴ്ച പകൽ 12.30-ഓടെയാണ് സംഭവം. കോഴഞ്ചേരിയിൽനിന്ന് റാന്നിയിലേക്ക് സർവീസ് നടത്തിയിരുന്ന സ്വകാര്യബസിൽ കയറിയ രണ്ട് യുവതികൾ ബസിൽ വസ്ത്രം മാറുന്നത് ജീവനക്കാരുടെ ശ്രദ്ധയിൽപ്പെട്ടു. ഇതിൽ സംശയം തോന്നിയ ജീവനക്കാർ റാന്നി സ്പെഷ്യൽ ബ്രാഞ്ച് ഉദ്യോഗസ്ഥൻ പി.ടി. ഷിന്റോയെ വിവരം അറിയിച്ചു. യുവതികളുടെ പെരുമാറ്റത്തിൽ സംശയവും ജീവനക്കാർ പ്രകടിപ്പിച്ചു.
തുടർന്ന് ഷിന്റോ റാന്നി ഡിവൈ.എസ്.പി. ജി. സന്തോഷ് കുമാറിനെ വിവരം അറിയിച്ചു. ഡിവൈ.എസ്.പി.യുടെ നിർദേശപ്രകാരം എസ്.ഐ. എസ്. സിബി യുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം റാന്നി പോലീസ് സ്റ്റേഷന് മുൻപിൽ ബസ് തടഞ്ഞുനിർത്തി യുവതികളെ കസ്റ്റഡിയിലെടുത്തു.
സ്റ്റേഷനിലെത്തിച്ച് വനിതാ പോലീസിന്റെ സഹായത്തോടെ നടത്തിയ പരിശോധനയിലാണ് ഒരാളുടെ അടിവസ്ത്രത്തിനുള്ളിൽ ഒളിപ്പിച്ചനിലയിൽ 21,000 രൂപ കണ്ടെത്തിയത്. ഇവരുടെ ഫോട്ടോകൾ ഉപയോഗിച്ച് നടത്തിയ പരിശോധനയിലാണ് ഇരുവരും വിവിധ സ്ഥലങ്ങളിലെ വിവിധ മോഷണക്കേസുകളിലെ പ്രതികളാണെന്ന് കണ്ടെത്തിയത്.
തമിഴ്നാട് കോയമ്പത്തൂർ കൊഴിഞ്ഞമ്പാറ സ്വദേശിനി ഭവാനി, അനു എന്നീ പേരുകളിലും അറിയപ്പെടുന്ന പാർവതി, തൂത്തുക്കുടി അണ്ണാനഗർ സ്വദേശിനി ലക്ഷ്മി, പാർവതി എന്നീ പേരുകളിൽ അറിയപ്പെടുന്ന ഗീത എന്നിവരാണ് പിടിയിലായത്.
ശബരിമല തീർഥാടന സീസണുമായി ബന്ധപ്പെട്ട് എരുമേലിയിലും മറ്റ് തീർഥാടന കേന്ദ്രങ്ങളിലും മോഷണം നടത്തുന്നതിനായി എത്തിയതാണോ ഇവരെന്ന് പോലീസ് സംശയിക്കുന്നു. സംഭവത്തിൽ കൂടുതൽ അന്വേഷണം നടത്തിവരുകയാണ്. സീനിയർ സിവിൽ പോലീസ് ഓഫീസർമാരായ ഷിന്റോ, ശില്പ, സിവിൽ പോലീസ് ഓഫീസർ അൻസൽ ജബ്ബാർ എന്നിവരാണ് എസ്.ഐ.ക്കൊപ്പം പോലീസ് സംഘത്തിലുണ്ടായിരുന്നത്.
Published: 19 Nov 2026, 12:52 am IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented