അരക്‌നോളജി കോൺഗ്രസിന് സമാപനം

To advertise here,

കൊച്ചി : പശ്ചിമഘട്ടത്തിൽനിന്ന് പുതിയ ‘കപടതേളു’കളെ കണ്ടെത്തി മലയാളികളടങ്ങുന്ന ഗവേഷകസംഘം. രണ്ടുമില്ലിമീറ്റർ മുതൽ ഒരു സെന്റിമീറ്ററിൽ താഴെ വരെ വലുപ്പമുള്ള, തേളുകളുടെ രൂപത്തിലുള്ളതും എന്നാൽ തേൾ അല്ലാത്തതുമായ സ്യൂഡോസ്‌കോർപിയൺസിന്റെ രണ്ട് പുതിയ ജനുസകളിൽപ്പെട്ട 14 ജീവിവർഗങ്ങളെയാണു കണ്ടെത്തിയത്. പശ്ചിമഘട്ട ചോലവനങ്ങളിലെ ഉണങ്ങിയ മരങ്ങളുടെ പോളകളിലും കരിയിലക്കൂട്ടങ്ങൾക്കിടയിലും കാണപ്പെടുന്ന ജീവികളാണിവ. ഇതുമായി ബന്ധപ്പെട്ട പ്രബന്ധം കൊച്ചിയിൽ നടന്ന അന്താരാഷ്ട്ര അരക്‌നോളജി കോൺഗ്രസിൽ അവതരിപ്പിച്ചു.

തൃക്കാക്കര ഭാരതമാതാ കോളേജിലെ സുവോളജി വിഭാഗത്തിലെ ജിതിൻ ജോൺസന്റേതാണ് പഠനം. അരക്‌നോളജി കോൺഗ്രസിന്റെ സംഘാടകനും സീനിയർ സയന്റിസ്റ്റുമായ ഡോ. എം.ജെ. മാത്യുവിന്റെ മാർഗനിർദേശപ്രകാരമായിരുന്നു ഗവേഷണം. സെൻട്രൽ ഓക്‌ലാഹോമ സർവകലാശാലയിലെ സ്റ്റെഫാനി എഫ്. ലോറിയ, ഹാംബർഗ് നേച്ചർ മ്യൂസിയത്തിലെ ഡാനിലോ ഹാംസ് എന്നിവരും പഠനത്തിൽ സഹകരിച്ചു. ഗോണ്ട്വാനതോണിയസ്, സഹ്യാദ്രതോണിയസ് എന്നിവയാണ് പുതിയ ജനുസുകൾ.

ഇരവികുളം ദേശീയോദ്യാനം, പെട്ടിമുടിഷോല, ഇടമലക്കുടിയിലേക്കുള്ള വഴിയിലെ എടലപ്പാറ, നെല്ലിയാംപതിയിലെ കൈകാട്ടി, കക്കയം, ആറളം, ഭൂതത്താൻകെട്ടിലെ വെട്ടംപാറ, തട്ടേക്കാട് ഇല്ലിത്തോട്, തമിഴ്‌നാട്ടിലെ ലാപ്‌സ് റോക്ക്, ഗോവയിലെ കോട്ടിഗോ വന്യജീവിസങ്കേതം, കുടകിലെ മടിക്കേരി എന്നിവിടങ്ങളിൽനിന്നാണ് ഈ പുതിയ ജീവിവർഗങ്ങളെ കണ്ടെത്തിയത്.

അൻപത് രാജ്യങ്ങളിൽനിന്നുള്ള 200 ശാസ്ത്രജ്ഞരും ഗവേഷകവിദ്യാർഥികളും പങ്കെടുത്ത അന്താരാഷ്ട്ര അരക്‌നോളജി കോൺഗ്രസ് ശനിയാഴ്ച സമാപിച്ചു. തൃക്കാക്കര ഭാരതമാതാ കോളേജ്, കുറവിലങ്ങാട് ദേവമാതാ കോളേജ്, ഇന്റർനാഷണൽ സൊസൈറ്റി ഓഫ് അരക്‌നോളജി എന്നിവ ചേർന്നാണിത് സംഘടിപ്പിച്ചത്. വായുവിലൂടെയുള്ള മലിനീകരണ വസ്തുക്കളുടെ സൂചകങ്ങളായി ചിലന്തിവലകളെ ഉപയോഗിക്കുന്ന പഠനങ്ങളും ചിലന്തിവലകളിൽ അടിഞ്ഞുകൂടുന്ന ഘനലോഹങ്ങളെയും മൈക്രോപ്ലാസ്റ്റിക് കണികകളെയും കുറിച്ച് കൊച്ചിയിൽ നടക്കുന്ന ഗവേഷണങ്ങളും ഇതിൽ ഉൾപ്പെടുന്നു.

അരക്‌നോളജി

എട്ട് കാലുകളുള്ള, നട്ടെല്ലില്ലാത്ത ജീവികളുടെ ഒരു വലിയ വിഭാഗമാണ് ‘അരക്നിഡ’. ചിലന്തികൾ, തേളുകൾ, ചെള്ളുകൾ തുടങ്ങിവയെല്ലാം ഈ വിഭാഗത്തിലാണ് ഉൾപ്പെടുന്നത്. ഇവയെക്കുറിച്ചു പഠിക്കുന്ന മേഖലയാണ് അരക്‌നോളജി. എട്ടുകാലുകൾ, പ്രധാനമായും രണ്ട് ഭാഗങ്ങളായി തിരിച്ചിരിക്കുന്ന ശരീരം എന്നിവ അരക്നിഡ വിഭാഗത്തിലെ ജീവികളുടെ പ്രത്യേകതയാണ്. ചിറകോ ആന്റിനയോ ഇല്ല എന്നത് ഇവയെ പ്രാണികളിൽനിന്ന് വ്യത്യസ്തമാക്കുന്നു. ഇരയെ പിടിക്കാനും വിഷം കുത്തിവെയ്ക്കാനും സഹായിക്കുന്ന ചെലിസെറേ, സ്പർശനത്തിനും ഇരപിടിക്കാനും ഉപയോഗിക്കുന്ന പെഡിപാൽപ്പുകൾ തുടങ്ങിയ പ്രത്യേക അവയവങ്ങൾ ഇവയ്ക്കുണ്ട്.