ന്യൂയോർക്ക്: ന്യൂയോർക്ക് നഗരത്തിന്റെ പുതിയ മേയറായി ഡെമോക്രാറ്റിക് പാർട്ടിയംഗം സൊഹ്‌റാൻ മംദാനി സത്യപ്രതിജ്ഞ ചെയ്തു. മാൻഹട്ടനിലെ ഡീകമ്മിഷൻ ചെയ്ത സബ്‌വേയിലായിരുന്നു ചടങ്ങ്. നഗരത്തിന്റെ മേയർസ്ഥാനത്തെത്തുന്ന ആദ്യ മുസ്‌ലിംകൂടിയാണ് ഇന്ത്യൻവംശജനായ മംദാനി.

To advertise here,

ന്യൂയോർക്ക് അറ്റോർണി ജനറലായ ലെറ്റിറ്റ ജെയിംസ് ചൊല്ലിക്കൊടുത്ത സത്യവാചകം, ഖുറാനിൽ കൈവെച്ചാണ് അദ്ദേഹം ഏറ്റുചൊല്ലിയത്. ഭാര്യ റമാ ദുവാജിയും മംദാനിക്ക് അരികിലുണ്ടായിരുന്നു. ഇത് ജീവിതകാലത്തെ ഏറ്റവും വലിയ ബഹുമതിയും ആദരവുമാണെന്ന് മംദാനി പ്രതികരിച്ചു.

ന്യൂയോർക്ക് മേയർമാർ രണ്ടുവട്ടം സത്യപ്രതിജ്ഞ ചെയ്യുന്ന പതിവുണ്ട്. ആദ്യ സത്യപ്രതിജ്ഞ പഴയ സബ്‌വേയിൽവെച്ചും പിന്നീട് മുൻസിപ്പാലിറ്റി ആസ്ഥാനമന്ദിരത്തിലുംവെച്ച് നടത്തുകയാണ് പതിവ്. ഈ രീതിയാണ് മംദാനിയും പിന്തുടരുക. പ്രാദേശിക സമയം ഉച്ചയ്ക്ക് ഒരുമണിക്ക് പൊതുജനങ്ങൾക്ക് മുൻപാകെ സിറ്റിഹാളിലാണ് രണ്ടാമത്തെ സത്യപ്രതിജ്ഞ. യുഎസ് സെനറ്റർ ബേണി സാൻഡേഴ്‌സാണ് സത്യവാചകം ചൊല്ലിക്കൊടുക്കുക.

ഇന്ത്യയിൽ ജനിച്ച ഉഗാണ്ടൻ അക്കാദമീഷ്യനായ മഹ്‌മൂദ് മംദാനിയുടെയും ഇന്ത്യൻ ചലച്ചിത്ര സംവിധായിക മീര നായരുടെയും മകനാണ് സൊഹ്‌റാൻ മംദാനി. ഉഗാണ്ടയുടെ തലസ്ഥാനമായ കംപാലയിലാണ് സൊഹ്‌റാൻ ജനിച്ചതും കുട്ടിക്കാലം ചെലവഴിച്ചതും. അദ്ദേഹത്തിന്റെ ഏഴാമത്തെ വയസ്സിലാണ് മംദാനി കുടുംബം ന്യൂയോർക്കിലേക്ക് കുടിയേറുന്നത്. 2018-ലാണ് അദ്ദേഹത്തിന് അമേരിക്കൻ പൗരത്വം ലഭിക്കുന്നത്.