വാഷിങ്ടൺ: ഇന്ത്യയെ ലക്ഷ്യംവെക്കുന്ന ഭീകരവാദ ഗ്രൂപ്പുകൾക്ക് പാകിസ്താൻ ഇപ്പോഴും അഭയം നൽകുന്നതായി റിപ്പോർട്ട്. യുഎസ് കോൺഗ്രഷണൽ റിസർച്ച് സർവീസ് (CRS) റിപ്പോർട്ടിലാണ് ഈ വിവരമുള്ളത്. ഇന്ത്യയെയും കശ്മീരിനെയും ലക്ഷ്യംവെക്കുന്ന തീവ്രവാദഗ്രൂപ്പുകൾ ഉൾപ്പെടെ നിരവധി ഭീകര സംഘടനകൾക്ക് പാകിസ്താൻ തങ്ങളുടെ മണ്ണിൽ ഇപ്പോഴും അഭയം നൽകുന്നത് തുടരുകയാണ് എന്നാണ് റിപ്പോർട്ടിൽ പറയുന്നത്.
വർഷങ്ങളോളം നീണ്ട സൈനിക നടപടികൾക്കും നയപരമായ തീരുമാനങ്ങൾക്കും ശേഷവും ഭീകര സംഘടനകൾ 'പാകിസ്താന്റെ മണ്ണിൽ പ്രവർത്തനം തുടരുന്നു' എന്ന് റിപ്പോർട്ട് എടുത്തുപറയുന്നു. 2008-ലെ മുംബൈ ഭീകരാക്രമണത്തിന് ഉത്തരവാദികളായ ലഷ്‌കറെ തൊയ്ബയും, 2001-ലെ ഇന്ത്യൻ പാർലമെന്റ് ആക്രമണവുമായി ബന്ധമുള്ള ജെയ്ഷെ മുഹമ്മദും പാകിസ്താൻ പ്രദേശത്ത് നിന്ന് പ്രവർത്തനം തുടരുന്നുവെന്നും റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു.
അടുത്ത കാലത്തായി പാകിസ്താനിൽ ഭീകരവാദ പ്രവർത്തനങ്ങളിൽ വലിയ വർദ്ധനവുണ്ടായിട്ടുണ്ട്. 2019-ൽ ഭീകരവാദം മൂലമുള്ള മരണം 365 ആയി കുറഞ്ഞുവെങ്കിലും, അതിനുശേഷം ഓരോ വർഷവും മരണസംഖ്യ ഉയരുകയും 2025-ൽ ഇത് 4,001-ൽ എത്തുകയും ചെയ്തു. ഇത് കഴിഞ്ഞ 11 വർഷത്തിനിടയിലെ ഏറ്റവും ഉയർന്ന നിരക്കാണ്.
2021-ൽ അഫ്ഗാനിസ്ഥാനിൽ താലിബാൻ അധികാരത്തിൽ വന്നതിന് പിന്നാലെ ഭീകരവാദം ശക്തമായതിനെ തുടർന്ന്, ഭീകരവാദം ഏറ്റവും കൂടുതൽ ബാധിച്ച രാജ്യമായി പാകിസ്താൻ മാറിയെന്ന് റിപ്പോർട്ട് വ്യക്തമാക്കുന്നു. മിക്ക ഭീകരവാദ ഗ്രൂപ്പുകളും 'ഇസ്ലാമിസ്റ്റ് തീവ്രവാദ പ്രത്യയശാസ്ത്രത്താൽ' പ്രേരിതരാണെന്ന് തങ്ങൾ കണ്ടെത്തിയതായി യുഎസ് കോൺഗ്രസിന്റെ ഗവേഷണ വിഭാഗം അവകാശപ്പെടുന്നു.
ആഗോള തലത്തിലുള്ളവ, അഫ്ഗാനിസ്ഥാൻ കേന്ദ്രീകരിച്ചുള്ളവ, ഇന്ത്യ-കശ്മീർ കേന്ദ്രീകരിച്ചുള്ളവ, ആഭ്യന്തരമായി പ്രവർത്തിക്കുന്നവ, വിഭാഗീയ ഗ്രൂപ്പുകൾ എന്നിങ്ങനെ ഈ ഗ്രൂപ്പുകളെ അഞ്ച് പ്രധാന വിഭാഗങ്ങളായി തിരിച്ചിരിക്കുന്നു.
മേഖലയിൽ അൽ-ഖ്വയ്ദയും, 4,000-6,000 പോരാളികളുള്ള ഇസ്ലാമിക് സ്റ്റേറ്റ്-ഖൊറാസാൻ പ്രവിശ്യയും (ISKP) സജീവമാണ്. പാകിസ്താനിലെ ഏറ്റവും മാരകമായ ഭീകരവാദ ഗ്രൂപ്പായി വിശേഷിപ്പിക്കപ്പെടുന്ന തെഹ്രീകെ താലിബാൻ പാകിസ്താന് (TTP) 2,500 മുതൽ 5,000 വരെ പോരാളികളുണ്ടെന്നും, പാകിസ്താൻ സർക്കാരിനെ അട്ടിമറിച്ച് ശരീഅത്ത് നിയമം നടപ്പിലാക്കുകയാണ് ഇവരുടെ ലക്ഷ്യമെന്നും റിപ്പോർട്ടിൽ പറയുന്നു.
അമേരിക്കൻ കോൺഗ്രസ് അംഗങ്ങൾക്ക് തീരുമാനങ്ങൾ എടുക്കാൻ സഹായിക്കുന്നതിനായി വിവിധ വിഷയങ്ങളിൽ റിപ്പോർട്ടുകൾ തയ്യാറാക്കുന്ന ഒരു സ്വതന്ത്ര ഗവേഷണ വിഭാഗമാണ് കോൺഗ്രഷണൽ റിസർച്ച് സർവീസ്. അതേസമയം, അവരുടെ റിപ്പോർട്ടുകൾ കോൺഗ്രസിന്റെ ഔദ്യോഗിക നിലപാടായി പരിഗണിക്കില്ല.
Content Highlights: Congressional Research Service report confirms Pakistan harbors India-focused terror groups. Lashkar-e-Taiba and Jaish-e-Mohammed remain active on Pakistani soil. Terrorism-related deaths in Pakistan surged to over 4,000 in 2025. Resurgence of militancy linked to Taliban's 2021 return to power in Afghanistan. Tehrik-i-Taliban Pakistan identified as the deadliest domestic threat.
Published: 28 Mar 2026, 07:51 pm IST
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented