ന്യൂയോര്‍ക്ക്/ഇസ്ലാമാബാദ്: പാകിസ്താന്റെ എഫ്-16 യുദ്ധവിമാനങ്ങള്‍ക്കുള്ള നൂതന സാങ്കേതികവിദ്യ പാകിസ്താന് കൈമാറുന്നതുമായി ബന്ധപ്പെട്ട് 686 മില്യണ്‍ ഡോളറിന്റെ (ഏകദേശം 6,100 കോടി രൂപ) ആയുധ കരാറിന് യുഎസ്എ അംഗീകാരം നല്‍കിയതായി റിപ്പോര്‍ട്ട്. യുഎസ് പ്രതിരോധ സുരക്ഷാ സഹകരണ ഏജന്‍സി (ഡിഎസ്സിഎ) ഇത് സംബന്ധിച്ച് യുഎസ് കോണ്‍ഗ്രസിന് കത്തയച്ചതായി പാകിസ്താന്‍ മാധ്യമമായ ഡോണ്‍ റിപ്പോര്‍ട്ട് ചെയ്തു.

To advertise here,

ലിങ്ക്-16 സിസ്റ്റങ്ങള്‍, ക്രിപ്റ്റോഗ്രാഫിക് ഉപകരണങ്ങള്‍, ഏവിയോണിക്സ് അപ്ഡേറ്റുകള്‍, പരിശീലനം, സമഗ്രമായ ലോജിസ്റ്റിക്കല്‍ പിന്തുണ എന്നിവയാണ് കരാറില്‍ ഉള്‍പ്പെടുന്നവയെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. ഈ സംഭവവികാസങ്ങളെ ഇന്ത്യ സൂക്ഷ്മമായി നിരീക്ഷിക്കുന്നുണ്ട്.

പാകിസ്താന്റെ എഫ്-16 യുദ്ധവിമാനങ്ങളുടെ നവീകരണവും ഇവയുടെ പ്രവര്‍ത്തന സുരക്ഷാ ആശങ്കകളുടെ പരിഹാരവും കരാര്‍ ലക്ഷ്യമിടുന്നു. എഫ്-16 വിമാനങ്ങള്‍ നിര്‍മിക്കുന്ന ടെക്‌സസ് ആസ്ഥാനമായുള്ള ലോക്ക്ഹീഡ് മാര്‍ട്ടിന്‍ കമ്പനി പ്രധാന കരാറുകാരായി പ്രവര്‍ത്തിക്കുമെന്ന് ഡിഎസ്സിഎയുടെ കത്തില്‍ പറയുന്നു.

യുഎസിനും നാറ്റോ രാജ്യങ്ങള്‍ക്കും ഇടയിലുള്ള ഒരു സുരക്ഷിത ആശയവിനിമയ ശൃംഖലയാണ് ലിങ്ക്-16 ഡാറ്റ ലിങ്ക് സംവിധാനം. ഇത് മിത്രത്തെയും ശത്രുവിനെയും തിരിച്ചറിയാനും, യുദ്ധസമയത്ത് തത്സമയ വിവരങ്ങള്‍ പങ്കിടാനും ഇത് സഹായിക്കും.

ഈ കരാര്‍ യാഥാര്‍ഥ്യമായാല്‍ ഭാവിയില്‍ ഒരു വലിയ സംഘര്‍ഷമുണ്ടായാല്‍, പാക്-യു.എസ് വ്യോമസേനകളുടെ ഏകോപനത്തിനും സഹാകരമാകുന്നതാണ് കരാര്‍.

ലിങ്ക്-16 പോലുള്ള അതിനൂതന സാങ്കേതികവിദ്യ പാകിസ്താന് ലഭിക്കുന്നതില്‍ ഇന്ത്യയ്ക്ക് ആശങ്കയുണ്ട്. 2019-ലെ ബാലക്കോട്ട് ആക്രമണത്തിന് ശേഷം, പാകിസ്താന്റെ എഫ്-16 വിമാനങ്ങള്‍ക്കുള്ള സ്‌പെയര്‍ പാര്‍ട്‌സ് പോലും യുഎസ് തടഞ്ഞുവെച്ചിരുന്നു. അത്തരം ഒരു സാഹചര്യത്തില്‍ നിന്ന് ഇപ്പോള്‍ ഇത്തരമൊരു കരാറിലേക്കെത്തിയത് നിരവധി ചോദ്യങ്ങളും ഉയര്‍ത്തുന്നുണ്ട്. എന്നാല്‍ ഭീകരതയ്ക്കെതിരായ പോരാട്ടത്തിനും വിമാന സുരക്ഷയ്ക്കും വേണ്ടി മാത്രമുള്ളതാണ് ഈ കരാറെന്നാണ് യുഎസ് വാദം.