ടെഹ്‌റാന്‍: ഇറാന്റെ ആണവായുധ കേന്ദ്രങ്ങള്‍ക്കു നേരെ അമേരിക്ക നടത്തിയ ആക്രമണത്തോടെ ഇസ്രയേല്‍-ഇറാന്‍ സംഘര്‍ഷം പുതിയ ഘട്ടത്തിലേക്ക് കടന്നിരിക്കുകയാണ്. യുഎസിന്റെ നടപടി ഗുരുതര പ്രത്യാഘാതങ്ങള്‍ സൃഷ്ടിക്കുമെന്ന് ഇറാന്‍ മുന്നറിയിപ്പ് നല്‍കുകകൂടി ചെയ്തതോടെ ഏതു നിമിഷവും ഒരു പ്രത്യാക്രമണം നടന്നേക്കാമെന്ന ആശങ്കയിലാണ് ലോകം. 

To advertise here,

പശ്ചിമേഷ്യയിലെ ഓരോ അമേരിക്കന്‍ പൗരനും സൈനിക ഉദ്യോഗസ്ഥരും ഇറാന്റെ പ്രതികാര ലക്ഷ്യത്തിലുള്‍പ്പെടുന്നെന്ന് ഇറാന്റെ ഔദ്യോഗിക ടെലിവിഷന്‍ ചാനല്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ബഹ്‌റൈനിലെ യുഎസ് നാവികസേനാ കപ്പലുകള്‍ക്കു നേരെ ആക്രമണം നടത്താനും ഹോര്‍മുസ് കടലിടുക്ക് അടയ്ക്കാനും ആഹ്വാനം ചെയ്തുകൊണ്ട് ഇറാന്റെ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമീനിയുടെ ഉപദേഷ്ടാവും ഇറാന്‍ ഭരണകൂടാനുകൂല മാധ്യമമായ കയ്ഹാന്‍ പത്രത്തിന്റെ മാനേജിങ് എഡിറ്ററുമായ ഹൊസ്സൈന്‍ ശരിയത്മദാര്‍ മുഖപ്രസംഗം എഴുതിയിരുന്നു. 'അമേരിക്കയുടെ ആക്രമണത്തിന് ശേഷം ഇപ്പോള്‍ നമ്മുടെ ഊഴമാണ്' എന്ന് ഈ ലേഖനത്തില്‍ പറയുന്നു. ഈ സാഹചര്യത്തില്‍ പശ്ചിമേഷ്യയിലെ യുഎസ് സൈനിക താവളങ്ങള്‍ക്കുനേരെ ഇറാന്‍ ആക്രമണം നടത്താനുള്ള സാധ്യത വളരെയേറെയാണെന്ന് വിലയിരുത്തപ്പെടുന്നു.

പശ്ചിമേഷ്യന്‍ രാജ്യങ്ങളില്‍ യുഎസിനുള്ള വിവിധ സൈനിക താവളങ്ങളിലായി നാല്‍പതിനായിരത്തോളം സൈനികരും നിരവധി യുദ്ധക്കപ്പലുകളുമുണ്ട്. യുഎസ് മിലിട്ടറി സെന്‍ട്രല്‍ കമാന്‍ഡിന് (CENTCOM) കീഴിലാണ് ഇവ. ഖത്തറിലെ അല്‍ ഉദൈദ് എയര്‍ ബേസ്, ബഹ്‌റൈനിലെ യുഎസ് നാവികസേന അഞ്ചാം കപ്പല്‍ വ്യൂഹത്തിന്റെ താവളം, ഇറാഖിലെ അല്‍ അസദ് എയര്‍ ബേസ്, ഹരീര്‍ എയര്‍ ബേസ്, ദക്ഷിണ സിറിയയിലെ അല്‍ ടാന്‍ഫ് ഗാരിസണ്‍ സൈനിക താവളം, കുവൈത്തിലെ അലി അല്‍-സാലെം എയര്‍ ബേസ്, യുഎഇയിലെ അല്‍ ദഫ്ര എയര്‍ ബേസ് എന്നിവയൊക്കെ ഇതില്‍ ഉള്‍പ്പെടുന്നു. 

ബഹ്‌റൈന്‍

യുഎസിന്റെ സുപ്രധാന സൈനിക കേന്ദ്രങ്ങള്‍ ബഹ്‌റൈനിലുണ്ട്. യുഎസ് നാവികസേനാ സെന്‍ട്രല്‍ കമാന്‍ഡിന്റെയും അഞ്ചാം കപ്പല്‍ വ്യൂഹത്തിന്റെയും ആസ്ഥാനം ബഹ്‌റൈനിലാണ്. ബഹ്റൈന്‍ തുറമുഖത്ത് വിമാനവാഹിനി കപ്പലുകള്‍ ഉള്‍പ്പെടെയുള്ള ഏറ്റവും വലിയ യുഎസ് യുദ്ധക്കപ്പലുകളും ആന്റി മൈന്‍ കപ്പലുകളും അടക്കമുള്ളവയുണ്ട്. യുഎസ് കോസ്റ്റ് ഗാര്‍ഡ് കപ്പലുകളും ഇവിടെയുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്. 1948 മുതല്‍ യുഎസ് നാവികസേനയ്ക്ക് ഇവിടെ താവളമുണ്ട്. 

ഖത്തര്‍

പശ്ചിമേഷ്യയിലെ യുഎസിന്റെ ഏറ്റവും വലിയ സൈനിക താവളമായ അല്‍ ഉദൈദ് വ്യോമതാവളം ഖത്തറിലാണ് സ്ഥിതിചെയ്യുന്നത്. ഇവിടെ യുഎസ് മിലിട്ടറി സെന്‍ട്രല്‍ കമാന്‍ഡിന്റെ വ്യോമസേനാ വിഭാഗങ്ങളടക്കം പ്രവര്‍ത്തിക്കുന്നുണ്ടെന്നാണ് റിപ്പോര്‍ട്ട്. അമേരിക്കയുടെ 379-മത് എയര്‍ എക്‌സ്‌പെഡിഷനറി വിങ്ങും ഇവിടെ പ്രവര്‍ത്തിക്കുന്നു. അത്യാധുനിക യുദ്ധവിമാനങ്ങളും ഇവിടെയുണ്ട്. 

ഇറാഖ്

അല്‍ അസദ്, അല്‍ ഹരീര്‍ വ്യോമതാവളങ്ങള്‍ അടക്കം യുഎസിന്റെ ഒട്ടേറെ സൈനിക താവളങ്ങള്‍ ഇറാഖിലുണ്ട്. 2003ലെ യുദ്ധത്തിനു ശേഷം അമേരിക്കയുമായി അടുത്ത ബന്ധമാണ് ഇറാഖിനുള്ളത്. മാത്രമല്ല, ഇറാനുമായി കടുത്ത ശത്രുതയും പുലര്‍ത്തുന്നു. ഐഎസ് വിരുദ്ധ അന്താരാഷ്ട്ര സഖ്യത്തിന്റെ ഭാഗമായി രാജ്യത്ത് ഏകദേശം 2,500 യുഎസ് സൈനികര്‍ ഉണ്ട്. റവല്യൂഷണറി ഗാര്‍ഡ് തലവന്‍ ഖാസിം സുലൈമാനിയുടെ കൊലപാതകത്തിനു ശേഷം അല്‍ അസദ് വ്യോമതാവളവും അല്‍ ഹരീര്‍ വ്യോമതാവളവും ഇറാൻ  ലക്ഷ്യംവെച്ചിരുന്നതായി റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.

സിറിയ

ഐഎസ് വിരുദ്ധ അന്താരാഷ്ട്ര സഖ്യത്തിന്റെ ഭാഗമായി വര്‍ഷങ്ങളായി സിറിയയില്‍ യുഎസ് സൈന്യത്തിന്റെ സാന്നിധ്യമുണ്ട്. തെക്കന്‍ സിറിയയില്‍ ഇറാഖ്, ജോര്‍ദാന്‍ അതിര്‍ത്തിക്കടുത്തായി യുഎസിന്റെ അല്‍ താന്‍ഫ് സൈനിക താവളം പ്രവര്‍ത്തിക്കുന്നുണ്ട്.

കുവൈത്ത്

ഇറാഖ് അതിര്‍ത്തിയില്‍ നിന്ന് 20 കി.മീ ദൂരെയുള്ള അലി അല്‍-സലീം വ്യോമതാവളം അടക്കം നിരവധി സൈനിക താവളങ്ങള്‍ കുവൈത്തിലുണ്ട്. യുഎസ് മിലിട്ടറി സെന്‍ട്രല്‍ കമാന്‍ഡിന്റെ ക്യാംപ് അരിഫ്ജാനും കുവൈത്തിലുണ്ട്. അമേരിക്ക ഇവിടെ വലിയതോതില്‍ യുദ്ധസാമഗ്രികള്‍ ശേഖരിച്ചിട്ടുള്ളതായും ചില റിപ്പോര്‍ട്ടുകള്‍ പറയുന്നു.

യുഎഇ

യുഎഇയിലെ അല്‍ ദഫ്ര വ്യോമതാവളം യുഎസിന്റെ പ്രധാന സൈനിക കേന്ദ്രമാണ്. വ്യോമസേനയുടെ 380 എയര്‍ എക്‌സ്‌പെഡിഷനറി വിങ് ഇവിടെ പ്രവര്‍ത്തിക്കുന്നു. എഫ്-22 റാപ്റ്റര്‍ യുദ്ധവിമാനങ്ങളും എംക്യു-9 റീപ്പറുകളും വിവിധ നിരീക്ഷണ വിമാനങ്ങളും ഡ്രോണുകളും ഇവിടെയുണ്ട്. വ്യോമ, മിസൈല്‍ പ്രതിരോധ പരിശീലനത്തിനായുള്ള ഗള്‍ഫ് എയര്‍ വാര്‍ഫെയര്‍ സെന്ററും അല്‍ ദഫ്രയില്‍ പ്രവര്‍ത്തിക്കുന്നുണ്ട്.