ദുബായ്: ഇറാൻയുദ്ധം മൂന്നാം ആഴ്ചയിലേക്ക് കടക്കവേ, പശ്ചിമേഷ്യയിലേക്ക് 2500 മറീനുകളെയും ഒരു ആംഫിബിയസ് അസോൾട്ട് കപ്പലും യു.എസ്. അയക്കുന്നു. ജപ്പാനിലുണ്ടായിരുന്ന 31-ാം മറീൻ എക്സ്പെഡിഷനറി യൂണിറ്റ് അംഗങ്ങളും ‘യു.എസ്.എസ്. ട്രിപ്പോളി’ എന്ന ആംഫിയസ് അസോൾട്ട്‌ കപ്പലും പശ്ചിമേഷ്യയിലേക്ക് തിരിച്ചു. കപ്പൽ തയ്‌വാനടുത്തുകൂടി നീങ്ങുന്നുണ്ടെന്നും ഇറാനടുത്തെത്താൻ ഒരാഴ്ചയിലേറെയെടുക്കുമെന്നുമാണ് റിപ്പോർട്ട്.

To advertise here,

യുദ്ധത്തിനായി പട്ടാളക്കാരെ കരയിലിറക്കാനും നാവിക, വ്യോമസേനകളെ സഹായിക്കാനും ഒരുപോലെ കഴിയുന്നവയാണ് ആംഫിബിയസ് അസോൾട്ട്‌ കപ്പലുകൾ. അതിനാൽ, മറീൻ എക്സ്പെഡിഷനറി യൂണിറ്റിനൊപ്പം ട്രിപ്പോളിയും അയക്കുന്നത് ഇറാനിൽ കരയുദ്ധം ആരംഭിക്കാൻപോകുന്നതിന്റെ സൂചനയാണെന്ന വ്യാഖ്യാനമുണ്ട്. അതേസമയം, സ്ഥാനപതികാര്യാലയങ്ങൾക്ക് സുരക്ഷയൊരുക്കാനും പൗരരെ ഒഴിപ്പിക്കാനും ദുരന്തമുഖത്ത് സഹായമെത്തിക്കാനും ഈ മറീൻ യൂണിറ്റിനെ ഉപയോഗിക്കാമെന്ന് ‘എ.പി.’ വാർത്താ ഏജൻസി റിപ്പോർട്ടുചെയ്തു.

വിമാനവാഹിനിയായ യു.എസ്.എസ്. എബ്രഹാം ലിങ്കണുൾപ്പെടെ യു.എസ്. നാവികസേനയുടെ 12 യുദ്ധക്കപ്പലുകൾ ഇപ്പോൾ അറബിക്കടലിലുണ്ട്. പശ്ചിമേഷ്യയിലെ യു.എസ്. സേനാതാവളങ്ങളിൽ ആകെ എത്ര പട്ടാളക്കാരുണ്ടെന്നു വ്യക്തമല്ല. ഖത്തറിലെ അൽ ഉദൈദ് വ്യോമതാവളത്തിൽ മാത്രം എണ്ണായിരത്തോളം പേരുണ്ടെന്നാണ് കരുതുന്നത്.

യു.എസ്. സ്ഥാനപതികാര്യാലയത്തിനുനേരെ ആക്രമണം

ഖാർഗ് ദ്വീപിലെ ആക്രമണത്തിനുപിന്നാലെ ശനിയാഴ്ച ഇറാഖിലെ ബാഗ്ദാദിലുള്ള യു.എസ്. സ്ഥാനപതികാര്യാലയത്തിനുള്ളിലെ ഹെലിപ്പാഡിൽ മിസൈൽ പതിച്ചു. ആക്രമണത്തിന്റെ ഉത്തരവാദിത്വം ആരും ഏറ്റെടുത്തിട്ടില്ല. ഇറാനുമായി ബന്ധമുള്ള സായുധസംഘങ്ങളാകും എന്നാണു കരുതുന്നത്. ഈ സംഘങ്ങൾ മുൻപും ബാഗ്ദാദ് സ്ഥാനപതികാര്യാലയത്തെ ഉന്നംവെച്ചിട്ടുണ്ട്. ഇറാഖി കുർദിസ്താനിലെ യു.എ.ഇ. നയതന്ത്രകാര്യാലയത്തിനുനേരെ ഒരാഴ്ചയ്ക്കിടെ രണ്ടാംതവണയും ആക്രമണമുണ്ടായി.

ജറുസലേമിനെ ലക്ഷ്യമിട്ടെത്തിയ ഇറാൻമിസൈൽ തകർത്തതായി ഇസ്രയേൽ അറിയിച്ചു. ഇറാനിലെ തബ്‌രിസിൽ ഇസ്രയേൽ ആക്രമണം നടത്തി. ഹിസ്ബുള്ളയെ ലക്ഷ്യമിട്ട് ലെബനനിൽ ഇസ്രയേൽ നടത്തുന്ന ആക്രമങ്ങളിൽ ഇതുവരെ 26 ആതുരശുശ്രൂഷകർ മരിച്ചു. 51 പേർക്ക് പരിക്കേറ്റു. വെള്ളിയാഴ്ച രാത്രി ഇസ്രയേൽ നടത്തിയ ആക്രമണത്തിൽ ബുർജ് ഖലാവിയ പട്ടണത്തിലെ ആരോഗ്യരക്ഷാകേന്ദ്രത്തിലെ ഡോക്ടർമാരും നഴ്സുമാരുമുൾപ്പെടെ 12 പേർ കൊല്ലപ്പെട്ടു. ഇസ്രയേലും ലെബനനും നേരിട്ടു ചർച്ചനടത്തണമെന്നും ഇതിന് സൗകര്യമൊരുക്കാൻ തയ്യാറാണെന്നും ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മക്രോൺ പറഞ്ഞു.