
വാഷിങ്ടൺ: യുഎസ് കരസേനാ മേധാവി റാൻഡി ജോർജിനോട് തന്റെ സ്ഥാനത്ത് നിന്ന് രാജിവെക്കാൻ പ്രതിരോധ സെക്രട്ടറി പീറ്റ് ഹെഗ്‌സെത്ത് ആവശ്യപ്പെട്ടു. 41ാമത് ചീഫ് ഓഫ് സ്റ്റാഫ് സ്ഥാനത്ത് നിന്ന് ജോർജ് ഉടൻ തന്നെ വിരമിക്കുമെന്ന് പെന്റഗൺ വക്താവ് ഷോൺ പാർനെൽ പ്രസ്താവനയിൽ അറിയിക്കുകയും ചെയ്തു. ഇറാനെതിരെ യുഎസ് യുദ്ധത്തിലേർപ്പെട്ടിരിക്കുന്ന ഘട്ടത്തിലാണ് ഈ നടപടി. യുദ്ധസമയത്ത് ഒരു സൈനിക ജനറലിനെ പുറത്താക്കുന്നത് അഭൂതപൂർവമായ കാര്യമാണ്. റാൻഡി ജോർജിന് ഒരു വർഷത്തിൽ കൂടുതൽ കാലാവധി ബാക്കിയുള്ളപ്പോഴാണ് നടപടിയുണ്ടായിരിക്കുന്നത്.
സാധാരണയായി നാല് വർഷത്തെ കാലാവധിയാണ് കരസേനാ മേധാവിക്ക് ലഭിക്കുക. ജോർജിനെ 2023-ൽ മുൻ പ്രസിഡന്റ് ജോ ബൈഡനാണ് ഈ സ്ഥാനത്തേക്ക് നാമനിർദ്ദേശം ചെയ്തത്. ഗൾഫ് യുദ്ധത്തിലും ഇറാഖ്, അഫ്ഗാനിസ്ഥാൻ അധിനിവേശത്തിലും യുഎസ് കരസേന ഓഫീസറായി സേവനമനുഷ്ഠിച്ചിട്ടുണ്ട് ജോർജ്. പുറത്താക്കിയതിന്റെ കാരണം എന്താണെന്ന് വ്യക്തമല്ലെന്ന് യുഎസ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
സൈന്യത്തിന്റെ ട്രാൻസ്‌ഫോർമേഷൻ ആൻഡ് ട്രെയിനിംഗ് കമാൻഡിന് നേതൃത്വം നൽകുന്ന ജനറൽ ഡേവിഡ് ഹോഡ്നെയും മറ്റൊരു സൈനിക ജനറലിനെയും പുറത്താക്കിയതായും റിപ്പോർട്ടുണ്ട്.
ഇറാനിൽ യുഎസ് കരയാക്രമണം നടത്തുന്നതിന് തയ്യാറെടുപ്പുകൾ നടത്തുന്നുണ്ടെന്ന് റിപ്പോർട്ടുകളുണ്ടായിരുന്നു. എന്നാൽ ഇറാനുമേൽ യു.എസ്. ഏതാണ്ട് വിജയിച്ചുകഴിഞ്ഞെന്ന് അവകാശപ്പെട്ട പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് യുദ്ധലക്ഷ്യങ്ങൾ പൂർത്തിയാക്കുന്നതിന് തങ്ങളുടെ സൈന്യം വളരെ അടുത്തെത്തിയെന്നും കഴിഞ്ഞ ദിവസം രാജ്യത്തെ അഭിസംബോധന ചെയ്ത് പറഞ്ഞിരുന്നു.
ഇറാനിൽ യുഎസിന്റെ നാവിക,വ്യോമ സേനകളാണ് പ്രധാനമായും ആക്രമണങ്ങൾ നടത്തിവരുന്നത്. അതേസമയം വ്യോമ പ്രതിരോധ സംവിധാനങ്ങൾക്കായി കരസേനയേയും പശ്ചിമേഷ്യയിലേക്ക് അയച്ചിട്ടുണ്ട്. യുഎസ് സൈനിക വിഭാഗങ്ങളിൽ ഏറ്റവും വലുതാണ് അവരുടെ കരസേന. ഏകദേശം നാലര ലക്ഷത്തോളം സജീവ സൈനികർ കരസേനയിലുണ്ട്.
Content Highlights: Defense Secretary Pete Hegseth demands resignation of Army Chief Randy George., Unprecedented dismissal of a top general during active conflict with Iran
Published: 03 Apr 2026, 07:49 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented