ലണ്ടന്‍: രാജ്യത്തെ കോവിഡ് നിയന്ത്രണങ്ങള്‍ ലംഘിച്ചതിന്‌ രൂക്ഷവിമര്‍ശനം നേരിടുന്ന ബ്രിട്ടീഷ് ആരോഗ്യമന്ത്രി മാറ്റ് ഹാന്‍കോക്ക് രാജിവെച്ചു. പൊതുവിടങ്ങളില്‍ കൃത്യമായ സാമൂഹികാകലം പാലിക്കണമെന്ന കര്‍ശനനിര്‍ദേശം നിലവിലിരിക്കെ തന്റെ പെണ്‍സുഹൃത്തിനൊപ്പമുള്ള അവസരത്തില്‍ ശാരീരികമായി അടുത്തിടപഴകിയതിനെ തുടര്‍ന്ന് ഹാന്‍കോക്കിനെതിരെ കടുത്ത വിമര്‍ശനം ഉയര്‍ന്നിരുന്നു. ബ്രിട്ടന്റെ കോവിഡ് പോരാട്ടത്തിനും രാജ്യവ്യാപകമായുള്ള വാക്‌സിന്‍ വിതരണത്തിനും ഹാന്‍കോക്കാണ് നേതൃത്വം നല്‍കിയിരുന്നത്.

വീടിന് പുറത്ത് വ്യക്തികള്‍ തമ്മില്‍ കൃത്യമായ സാമൂഹികാകലം പാലിക്കണമെന്ന നിര്‍ദേശം നിലവിലിരിക്കെ ഡിപാര്‍ട്ട്‌മെന്റ് ഓഫ് ഹെല്‍ത്ത് ആന്‍ഡ് സോഷ്യല്‍ കെയറിന്റെ ഓഫീസിലുള്‍പ്പെടെ ഇരുവരും അടുത്തിടപഴകുന്നതായി വാര്‍ത്തകള്‍ പ്രചരിച്ചതോടെ വ്യാപകപ്രതിഷേധമുയര്‍ന്നിരുന്നു. സഹപ്രവര്‍ത്തക കൂടിയായ ഗിന കൊളാഡേഞ്ചലോയെ ഹാന്‍കോക്ക് ആലിംഗനം ചെയ്യുകയും ചുംബിക്കുകയും ചെയ്യുന്നതിന്റെ സിസിടിവി വീഡിയോ പ്രചരിച്ചതിനെ തുടര്‍ന്ന് ഹെല്‍ത്ത് സെക്രട്ടറിക്കെതിരെ പ്രതിഷേധം രൂക്ഷമായി. ആരോപണത്തെ തുടര്‍ന്ന് നേരത്തെ മാപ്പു പറഞ്ഞിരുന്നെങ്കിലും ഗിനയെ ചുംബിക്കുന്ന ദൃശ്യം വെള്ളിയാഴ്ച പുറത്തു വന്നതോടെ ഹാന്‍കോക്ക് പ്രതിസന്ധിയിലായി. 

തുടര്‍ന്ന് ശനിയാഴ്ച ഹാന്‍കോക്ക് തന്റെ രാജിക്കത്ത് പ്രധാനമന്ത്രി ബോറിസ് ജോണ്‍സന് കൈമാറി. കോവിഡ് പോരാട്ടത്തില്‍ ജീവത്യാഗം ചെയ്യേണ്ടി വന്ന നിരവധി പേരോട് കടപ്പെട്ടിരിക്കുന്നതായും കോവിഡ് നിയന്ത്രണം ലംഘിച്ചതിലൂടെ അവരെ തരംതാഴ്ത്തുകയാണ് ചെയ്തതെന്നും ഹാന്‍കോക്ക് രാജിക്കത്തില്‍ സൂചിപ്പിച്ചു. രാജിയില്‍ താന്‍ അതിയായി ദുഃഖിക്കുന്നതായും ഹാന്‍കോക്കിന്റെ സേവനം മികച്ചതായിരുന്നുവെന്നും ബോറിസ് ജോണ്‍സണ്‍ പ്രതികരിച്ചു. മുന്‍ ക്യാബിനറ്റംഗം സജിദ് ജാവിദിനെ ഹാന്‍കോക്കിന്റെ സ്ഥാനത്ത് നിയമിക്കുകയും ചെയ്തു. 

 ഹാന്‍കോക്കിന്റെ മാപ്പപേക്ഷ ബോറിസ് ജോണ്‍സണ്‍ നേരത്തെ അംഗീകരിച്ചിരുന്നു. ലേബര്‍ പാര്‍ട്ടിയുള്‍പ്പെടെയുള്ള പ്രതിപക്ഷകക്ഷികള്‍ ഭരണകൂടത്തിനെതിരെ രംഗത്തെത്തുകയും ചെയ്തു. പൊതുജനങ്ങള്‍ക്ക് പിഴയുള്‍പ്പെടെയുള്ള ശിക്ഷാനടപടികള്‍ ചുമത്തുമ്പോള്‍ ഹാന്‍കോക്കിന് മാപ്പനുവദിച്ചതില്‍ പ്രതിപക്ഷം ശക്തമായി പ്രതിഷേധിക്കുകയും ചെയ്തു. 

മാര്‍ത്ത ഹോയര്‍ മില്ലറാണ് ഹാന്‍കോക്കിന്റെ ഭാര്യ. ഇവര്‍ക്ക് മൂന്ന് മക്കളുണ്ട്. 

 

 

Content Highlights: UK Minister Resigns After Kissing Photos Trigger Covid Violation Row