ഇസ്താംബുൾ: തുർക്കിയിൽ ഭൂചലനം അനുഭവപ്പെട്ടു. റിക്ടർ സ്കെയിലിൽ 5.2 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് ഉണ്ടായതെന്ന് യൂറോപ്യൻ-മെഡിറ്ററേനിയൻ സീസ്മോളജിക്കൽ സെന്റർ (ഇ.എം.എസ്.സി) റിപ്പോർട്ട് ചെയ്തു.

To advertise here,

വ്യാഴാഴ്ച വൈകീട്ട് 3:46-നാണ് ഭൂചലനം അനുഭവപ്പെട്ടത്. തുർക്കിയിലെ കുളുവിന് 14 കിലോമീറ്റർ വടക്കുപടിഞ്ഞാറായാണ് ഭൂകമ്പം ഉണ്ടായതെന്ന് ഇ.എം.എസ്.സി വ്യക്തമാക്കി. ഭൂചലനത്തിന്റെ പ്രകമ്പനം തുർക്കിയുടെ തലസ്ഥാനമായ അങ്കാറയിലും ശക്തമായി അനുഭവപ്പെട്ടതായാണ് റിപ്പോർട്ട്. നാശനഷ്ടങ്ങളോ ആളപായമോ സംബന്ധിച്ച് ഇതുവരെ വിവരങ്ങൾ ലഭ്യമായിട്ടില്ല. 

ഇക്കഴിഞ്ഞ ഏപ്രിൽ 23-നും തുർക്കിയിൽ ഭൂചലനമുണ്ടായിരുന്നു. റിക്ടർ സ്‌കെയിലിൽ 6.2 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം തലസ്ഥാനമായ ഇസ്താംബൂളിലാണ് അനുഭവപ്പെട്ടത്. 

2023 ഫെബ്രുവരി ആറിന് തുർക്കിയിലും സിറിയയിലുമുണ്ടായ ശക്തമായ ഭൂകമ്പം വലിയ നാശനഷ്ടങ്ങളുണ്ടാക്കിയിരുന്നു. റിക്ടർ സ്‌കെയിലിൽ 7.8 രേഖപ്പെടുത്തിയ ഭൂചലനത്തിന് പിന്നാലെ മണിക്കൂറുകൾക്ക് ശേഷം മറ്റൊരു വലിയ ഭൂകമ്പവുമുണ്ടായി. തുർക്കിയിലെ 11 പ്രവിശ്യകളെ ബാധിച്ച ദുരന്തത്തിൽ 53,000 ആളുകളാണ് മരിച്ചത്.