
കാരക്കാസ്: വെനസ്വേലയ്ക്ക് പിന്നാലെ മെക്സിക്കോ, ക്യൂബ, കൊളംബിയ എന്നീ രാജ്യങ്ങൾക്കും മുന്നറിയിപ്പ് നൽകി യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. മയക്കുമരുന്ന് നിർമ്മാണവും കടത്തും തടഞ്ഞില്ലെങ്കിൽ ഈ രാജ്യങ്ങളും സമാനമായ നടപടികൾ നേരിടേണ്ടി വരുമെന്നാണ് ഭീഷണി.
അമേരിക്കയ്ക്ക് ഭീഷണിയുയർത്തുന്ന "പ്രശ്നക്കാരായ അയൽക്കാർ" എന്ന് വിശേഷിപ്പിച്ചുകൊണ്ട് അയൽരാജ്യങ്ങൾക്ക് മേൽ ട്രംപ് സമ്മർദ്ദം കടുപ്പിച്ചിരിക്കുകയാണ്. പരാജയപ്പെട്ടുകൊണ്ടിരിക്കുന്ന ഒരു രാഷ്ട്രമാണ് ക്യൂബയെന്ന് അദ്ദേഹം പറഞ്ഞു. മെക്സിക്കോയിലെ ഭരണം നിയന്ത്രിക്കുന്നത് മയക്കുമരുന്ന് മാഫിയകളാണെന്ന് ട്രംപ് ആരോപിച്ചു. അവിടെ ഞങ്ങൾക്ക് എന്തെങ്കിലും ചെയ്യേണ്ടി വരുമെന്ന ഭീഷണിയും അദ്ദേഹം ഉയർത്തിയിട്ടുണ്ട്. കൊളംബിയയിൽ മൂന്ന് പ്രധാന കൊക്കെയ്ൻ ഫാക്ടറികളുണ്ടെന്ന് ആരോപിച്ച ട്രംപ്, പ്രസിഡന്റ് ഗുസ്താവോ പെട്രോ മയക്കുമരുന്ന് നിർമ്മാണത്തിൽ പങ്കാളിയാണെന്നും ആരോപിച്ചു.
ട്രംപ് വെനസ്വേലൻ ഭരണകൂടത്തിന് മേൽ ചുമത്തിയതിന് സമാനമായ ആരോപണങ്ങളാണ് ഇവ. വെനസ്വേലയിൽ സ്വീകരിച്ച നടപടി മെക്സിക്കോ, ക്യൂബ, കൊളംബിയ രാജ്യങ്ങളോടും ആവർത്തിക്കുമെന്നുള്ള സൂചനകളാണിതെന്നാണ് വിലയിരുത്തൽ.
അതേസമയം, അമേരിക്കൻ സൈനിക നടപടിയിലൂടെ വെനസ്വേലൻ പ്രസിഡന്റ് നിക്കോളാസ് മഡുറോ പുറത്താക്കപ്പെട്ടതിനെത്തുടർന്ന് രാജ്യം വലിയ രാഷ്ട്രീയ അനിശ്ചിതത്വത്തിലൂടെയാണ് കടന്നുപോകുന്നത്. ശനിയാഴ്ച പുലർച്ചെ 2 മണിയോടെ കാരക്കാസിലെ ഫോർട്ട് ടിയുന സൈനിക സമുച്ചയത്തിലുള്ള പ്രസിഡന്റിന്റെ വസതിയിൽ യുഎസ് സൈന്യത്തിന്റെ എലൈറ്റ് ഡെൽറ്റ ഫോഴ്സ്, എഫ്ബിഐ, സിഐഎ എന്നിവർ സംയുക്തമായി നടത്തിയ നീക്കത്തിലൂടെയാണ് നിക്കോളാസ് മഡുറോയെയും ഭാര്യ സിലിയ ഫ്ലോറസിനെയും പിടികൂടിയത്. 'ഓപ്പറേഷൻ അബ്സൊല്യൂട്ട് റിസോൾവ്' എന്ന് പേരിട്ടിരിക്കുന്ന ഈ സൈനിക നടപടിയുടെ ഭാഗമായി കാരക്കാസിലെ വിവിധ ഇടങ്ങളിൽ അമേരിക്ക ബോംബാക്രമണം നടത്തി. ഈ ആക്രമണത്തിൽ രാജ്യത്തെ വൈദ്യുത ശൃംഖലയുൾപ്പെടെയുള്ള അടിസ്ഥാന സൗകര്യങ്ങൾ തകരുകയും കുറഞ്ഞത് 40 പേർ കൊല്ലപ്പെടുകയും ചെയ്തു.
മയക്കുമരുന്ന് കടത്ത് ശൃംഖലയ്ക്ക് നേതൃത്വം നൽകി അമേരിക്കൻ ജനതയെ നശിപ്പിക്കാൻ ശ്രമിച്ചു എന്ന 'നാർക്കോ-ടെററിസം' കുറ്റമാണ് മഡുറോയ്ക്കും ഭാര്യയ്ക്കും മേൽ അമേരിക്ക ചുമത്തിയിരിക്കുന്നത്. ടൺ കണക്കിന് കൊക്കെയ്നും ഫെന്റനൈലും അമേരിക്കയിലേക്ക് കടത്താൻ മഡുറോ ഗൂഢാലോചന നടത്തിയതായി അമേരിക്ക ആരോപിക്കുന്നു. നിലവിൽ കസ്റ്റഡിയിലുള്ള മഡുറോയെ തിങ്കളാഴ്ച മാൻഹട്ടൻ ഫെഡറൽ കോടതിയിൽ ഹാജരാക്കുമെന്നാണ് കരുതുന്നത്.
Content Highlights: Following Venezuela, Trump issues stern warnings to Mexico, Cuba, and Colombia over drug trafficking. Potential US actions are highlighted. Learn more.
Published: 04 Jan 2026, 10:00 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented