വാഷിങ്ടൺ: യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിനെ വധിക്കാൻ ഇറാൻ ആസൂത്രണം നടത്തുന്നുവെന്ന ആരോപണങ്ങൾക്കിടെ, മുന്നറിയിപ്പുമായി യു.എസ് പ്രസിഡന്റ്. തന്നെ വധിക്കാൻ ഇറാൻ ശ്രമിച്ചാൽ ആ രാജ്യത്തെ ലക്ഷ്യമിട്ട് 1000 മസൈലുകൾ സജ്ജമാണെന്ന് ട്രംപ് പറഞ്ഞു. അത്തരമൊരു നീക്കമുണ്ടായാൽ ഇറാനെതിരെ വൻ സൈനിക ആക്രമണം നടത്താൻ യുഎസ് സൈന്യത്തിന് മുൻകൂട്ടി നിർദേശം നൽകിയിട്ടുണ്ടെന്ന് ട്രംപ് ട്രൂത്ത് സോഷ്യലിൽ കുറിച്ചു.
'അമേരിക്കൻ പ്രസിഡന്റിനെ വധിക്കാനോ, വധിക്കാൻ ശ്രമിക്കാനോ ഇറാൻ ഒരുങ്ങിയാൽ 1000 മിസൈലുകൾ ഇറാനെ ലക്ഷ്യമിട്ട് സജ്ജമാണ്. ആദ്യ ആക്രമണത്തിന് പിന്നാലെ ആയിരക്കണക്കിന് മിസൈലുകൾ കൂടി പ്രയോഗിക്കും' ട്രംപ് കുറിച്ചു.
ഇതിനോടകം ഉത്തരവുകൾ നൽകിയിട്ടുണ്ട്, യുഎസ് സൈന്യം സുസജ്ജമാണെന്നും ട്രംപ് കൂട്ടിച്ചേർത്തു.
ഇറാനെ പൂർണമായും തകർക്കാൻ ആവശ്യമായ നിർദേശങ്ങൾ യുഎസ് സൈന്യത്തിന് നേരത്തേ നൽകിയിട്ടുണ്ടെന്ന് അറിയിച്ച ട്രംപ് ഒരു വർഷത്തേക്ക് ആ നിർദേശം പ്രാബല്യത്തിലായിരിക്കുമെന്നും ആവശ്യമെങ്കിൽ അത് ദീർഘിപ്പിക്കുമെന്നും വ്യക്തമാക്കി.
ട്രംപിനെ വധിക്കാൻ ഇറാൻ പുതിയ പദ്ധതി ആസൂത്രണം ചെയ്‌തെന്ന രഹസ്യാന്വേഷണവിവരം ഇസ്രയേൽ അമേരിക്കയ്ക്ക് കൈമാറിയതായി യുഎസ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു.
ഈയാഴ്ചയാണ് ഇസ്രയേൽ ഇതുസംബന്ധിച്ച് അമേരിക്കയ്ക്ക് മുന്നറിയിപ്പ് നൽകിയത്. യുദ്ധം ശാശ്വതമായി അവസാനിപ്പിക്കാനുള്ള സാധ്യതതേടി സമാധാനചർച്ചകൾ പുരോഗമിക്കവേ ബുധനാഴ്ച പുലർച്ചെ ഇറാനെ അമേരിക്ക അപ്രതീക്ഷിതമായി ആക്രമിച്ചത് ഇക്കാരണത്താലാണെന്ന് റിപ്പോർട്ടുകൾ പറയുന്നു. എന്നാൽ ട്രംപ് ഇത് സംബന്ധിച്ച് സ്ഥിരീകരണം നൽകിയിട്ടില്ല. തന്നെ വധിക്കാൻ ഇറാൻ പുതിയ ഗൂഢാലോചന നടത്തുന്നുവെന്ന് രഹസ്യവിവരമൊന്നും ലഭിച്ചിട്ടില്ലെന്നാണ് അദ്ദേഹം പറയുന്നത്. എന്നാൽ ഏറെക്കാലമായി ഇറാന്റെ പട്ടികയിൽ ഒന്നാം സ്ഥാനത്താണ് താനെന്നും അദ്ദേഹം അവകാശപ്പെടുകയും ചെയ്തിട്ടുണ്ട്.
2020-ൽ ട്രംപിന്റെ നിർദേശപ്രകാരം അമേരിക്ക നടത്തിയ ഡ്രോൺ ആക്രമണത്തിൽ ഇറാന്റെ ഉന്നത സൈനിക കമ്മാൻഡറായ ഖാസിം സുലൈമാനി ബാഗ്ദാദിനടുത്ത് കൊല്ലപ്പെട്ടിരുന്നു. അതിനുശേഷം പ്രതികാരം ചെയ്യുമെന്ന് ഇറാൻ പലതവണ പ്രഖ്യാപിച്ചിട്ടുണ്ട്. കഴിഞ്ഞ ദിവസം ആയത്തുള്ള അലി ഖമനേയിയുടെ സംസ്‌കാര ചടങ്ങിൽ ട്രംപിന്റെ മരണത്തിനായി ആഹ്വാനങ്ങളും മുറവിളികളും ഉയർന്നിരുന്നു. ഇത് ചൂണ്ടിക്കാട്ടിയാണ് ട്രൂത്ത് സോഷ്യലിലൂടെയുള്ള ട്രംപിന്റെ നിലവിലെ പ്രതികരണമെന്നാണ് സൂചന.
Content Highlights: Trump warns of military retaliation following assassination threats at Khamenei's funeral., Iran claims exclusive control over the Strait of Hormuz, contradicting international law., Ceasefire negotiations are buckling as hard-liners attempt to sabotage diplomatic efforts., Global energy security remains at risk due to disputes over the vital maritime corridor.
Published: 11 Jul 2026, 10:35 am IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented