ന്യൂയോര്‍ക്ക്:  പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ പകരച്ചുങ്ക പ്രഖ്യാപനത്തിന്റെ അലയൊലികള്‍ ഒടുങ്ങാതെ ലോകം. സാമ്പത്തിക മാന്ദ്യഭീഷണി ഭയന്ന് ഓഹരികള്‍ നിക്ഷേപകര്‍ കൂട്ടത്തോടെ വിറ്റൊഴിക്കാന്‍ തുടങ്ങിയതോടെ ആഗോള ഓഹരിവിപണികളില്‍ 'ചോരപ്പുഴ' ഒഴുകി.  ന്യൂയോര്‍ക്ക് സ്‌റ്റോക്ക് മാര്‍ക്കറ്റില്‍ മൂന്ന് ശതമാനം ഇടിവാണ് രേഖപ്പെടുത്തിയത്. അമേരിക്കന്‍ ജനതയോട് ക്ഷമയോടെ ധൈര്യത്തോടെ ഇരിക്കണമെന്ന് ട്രംപ് ആഹ്വാനം ചെയ്തിരുന്നു. എന്നാല്‍ ട്രംപിന്റെ ആഹ്വാനം നിക്ഷേപകര്‍ ചെവിക്കൊണ്ടില്ലെന്ന് കരുതാം. മറ്റ് വിപണികളിലെന്നപോലെ യുഎസിലെ ഓഹരിവിപണിയും കനത്ത വില്‍പ്പന സമ്മര്‍ദ്ദമാണ് നേരിടുന്നത്. 

To advertise here,

വില്‍പ്പന ആരംഭിച്ച സമയത്ത് എസ് ആന്‍ഡ് പി, ഡൗ ജോണ്‍സ്, നാസ്ഡാക് എന്നിവയില്‍ 5 ശതമാനം ഉയര്‍ച്ചയാണ് കാണിച്ചത്. തീരുവ ചുമത്തുന്നതില്‍ 90 ദിവസത്തെ ഇടവേള ട്രംപ് ഏര്‍പ്പെടുത്തിയേക്കുമെന്നുള്ള അഭ്യൂഹം വില്‍പ്പന തുടങ്ങുന്നതിന് മുമ്പ് പ്രചരിച്ചിരുന്നു. എന്നാല്‍ മിനിറ്റുകള്‍ക്കകം അത്തരം വാര്‍ത്തകള്‍ സര്‍ക്കാര്‍ വൃത്തങ്ങള്‍ നിഷേധിച്ചതിന് പിന്നാലെ ഓഹരികള്‍ കൂട്ടത്തോടെ വിറ്റൊഴിക്കുന്നത് തുടങ്ങി.  ആളുകള്‍ സര്‍ക്കാര്‍ കടപ്പത്രങ്ങളുള്‍പ്പെടെയുള്ള സുരക്ഷിത നിക്ഷേപങ്ങളിലാണ് താത്പര്യം കാണിക്കുന്നത്. 

ലോകമെമ്പാടുമുള്ള ഓഹരിവിപണികളും ട്രംപിന്റെ നീക്കങ്ങളില്‍ ആടിയുലഞ്ഞു.  ലണ്ടണ്‍ സ്‌റ്റോക്ക് എക്‌സ്‌ചേഞ്ചിലും കനത്ത ഇടിവാണ് രേഖപ്പെടുത്തിയത്. ഫ്രാങ്ക്ഫര്‍ട്ട് വിപണിയില്‍ 10 ശതമാനം ഇടിവ് രേഖപ്പെടുത്തി. ഹോങ്‌കോങ് സ്‌റ്റോക്ക് എക്‌സേഞ്ച് 13.2 ശതമാനമാണ് ഇടിഞ്ഞത്. കഴിഞ്ഞ മൂന്ന് പതിറ്റാണ്ടിനിടെ ആദ്യമായാണ് ഇത്തരമൊരു നഷ്ടം രേഖപ്പെടുത്തുന്നത്.  തായ്‌പെയ് ഓഹരി വിപണി 9.7 ശതമാനവും ടോക്കിയോ വിപണിയില്‍ എട്ടുശതമാനവും ഇടിവാണ് രേഖപ്പെടുത്തിയത്. സഹസ്രകോടികളാണ് ലോകമെമ്പാടുമുള്ള ഓഹരിവിപണികളില്‍ നിന്ന് നിക്ഷേപകര്‍ക്ക് നഷ്ടപ്പെട്ടത്. ഇന്ത്യയില്‍ തിങ്കളാഴ്ച രാവിലത്തെ വ്യാപാരത്തിനിടെ സെന്‍സെക്സിന് മൂവായിരത്തോളം പോയന്റ് നഷ്ടമായി. നിഫ്റ്റി 21,800 പോയിന്റ് താഴെയെത്തി. ചൈനീസ്, മലേഷ്യന്‍ ഓഹരിവിപണികളും ആഘാതം നേരിട്ടു. 

ചൈനയിലെ സിഎസ്ഐ 300 ബ്ലുചിപ്പ് സൂചിക 4.5 ശതമാനം താഴന്നു. മലേഷ്യന്‍ സൂചികകള്‍ 16 മാസത്തിലെ താഴ്ന്ന നിലവാരത്തിലെത്തി. നാല് ശതമാനത്തിലധികമാണ് ഇടിവ്. തയ്വാന്‍ വിപണിയില്‍ 10 ശതമാനവും തകര്‍ച്ചയുണ്ടായി.യുഎസിലെ മാന്ദ്യഭീതിയിലുണ്ടായ കനത്ത വില്പന സമ്മര്‍ദമാണ് വിപണികളെ ബാധിച്ചത്.മിക്കരാജ്യങ്ങള്‍ക്കും 10 ശതമാനം അടിസ്ഥാന ഇറക്കുമതിയാണ് ട്രംപ് ഭരണകൂടം ചുമത്തിയത്. ചിലരാജ്യങ്ങള്‍ക്ക് 20 മുതല്‍ 34 ശതമാനം വരെ നികുതി ചുമത്തി. അമേരിക്കയ്ക്ക് വ്യാപാരക്കമ്മിയുണ്ടാക്കുന്ന വിഷയം പരിഹരിക്കപ്പെടാതെ തീരുവ ചുമത്തുന്ന നടപടിയില്‍ നിന്ന് പന്നോട്ടില്ലെന്നാണ് ട്രംപിന്റെ നിലപാട്. ചില സംഗതികള്‍ ശരിയാക്കാന്‍, ചില സമയത്ത് മരുന്നുകഴിക്കേണ്ടിവരുമെന്ന് അദ്ദേഹം പറഞ്ഞു.

വിപണികളുടെ തകര്‍ച്ച താന്‍ കരുതിക്കൂട്ടി ആസൂത്രണം ചെയ്യുകയായിരുന്നില്ലെന്നാണ് ട്രംപ് പറയുന്നത്. 'ഒന്നും നശിച്ചുകാണാന്‍ ആഗ്രഹിക്കുന്നയാളല്ല ഞാന്‍. പക്ഷേ, ചിലസമയത്ത് ചിലത് ശരിയാക്കാന്‍ മരുന്നുകഴിക്കേണ്ടിവരും. വിപണികളില്‍ എന്താണ് സംഭവിക്കാന്‍ പോകുന്നതെന്ന് എനിക്ക് പറയാനാകില്ല. പക്ഷേ, നമ്മുടെ രാജ്യം കരുത്തേറിയതാണ്'- ട്രംപ് പറഞ്ഞു. വിവിധ രാജ്യങ്ങള്‍ക്കുമേല്‍ അമേരിക്ക പകരച്ചുങ്കംചുമത്തിയതും, ചൈന തിരിച്ച് യുഎസിനു മേല്‍ തീരുവ ചുമത്തിയതും ആഗോള ഓഹരിവിപണികളെ കാര്യമായി ബാധിച്ചിട്ടുണ്ട്. ഇതോടെ യുഎസില്‍ സാമ്പത്തിക മാന്ദ്യ ഭീഷണിയും ഉയര്‍ന്നുകഴിഞ്ഞു.