വാഷിങ്ടണ്‍: വൈറ്റ് ഹൗസിന് സമീപം ബുധനാഴ്ച നടന്ന വെടിവെപ്പിനെച്ചൊല്ലി മാധ്യമങ്ങള്‍ക്കെതിരെ യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ രൂക്ഷപ്രതികരണം. വെടിവെപ്പിന് ഉത്തരവാദികളായി ജോ ബൈഡന്‍ ഭരണകൂടത്തെയാണ് ട്രംപ് കുറ്റപ്പെടുത്തിയത്. ബൈഡന്‍ ഭരണകൂടം അവരെ അകത്ത് കയറ്റിവിട്ടുവെന്നും അവര്‍ (കുടിയേറ്റക്കാര്‍) ഒരിക്കല്‍ രാജ്യത്ത് പ്രവേശിച്ചാല്‍ പിന്നെ പുറത്താക്കാനാകില്ലെന്നും ട്രംപ് പറഞ്ഞു.
ബൈഡന്‍ ഭരണകൂടത്തെ എന്തിന് കുറ്റപ്പെടുത്തുന്നുവെന്ന് ചോദിച്ച റിപ്പോര്‍ട്ടറോട് ട്രംപ് തട്ടിക്കയറി. നിങ്ങള്‍ ഒരു വിഡ്ഢിയായതു കൊണ്ടാണ് ഇത്തരം ചോദ്യങ്ങള്‍ ചോദിക്കുന്നത് എന്നായിരുന്നു ട്രംപിന്റെ പ്രതികരണം.
''കാരണം അവര്‍ അവനെ അകത്തേക്ക് കടത്തിവിട്ടു. നിങ്ങള്‍ക്ക് വിവരമില്ലേ? നിങ്ങള്‍ ഒരു വിഡ്ഢിയാണോ? കാരണം, ഇവിടെ ഉണ്ടാകാന്‍ പാടില്ലാത്ത ആയിരക്കണക്കിന് ആളുകള്‍ക്കൊപ്പം അവരും വിമാനത്തില്‍ വന്നു. നിങ്ങള്‍ ഒരു വിഡ്ഢിയായതുകൊണ്ടാണ് ഇത്തരം ചോദ്യങ്ങള്‍ ചോദിക്കുന്നത്.'' ട്രംപ് പറഞ്ഞു.
''അവരെ പുറത്താക്കുന്നത് മിക്കവാറും അസാധ്യമാക്കുന്ന ഒരു നിയമം നിലവിലുണ്ട്. അവര്‍ ഒരിക്കല്‍ രാജ്യത്ത് പ്രവേശിച്ചാല്‍ പിന്നെ അവരെ പുറത്താക്കാനാകില്ല. അവര്‍ വന്നത് ഒരു പരിശോധനയും കൂടാതെയാണ്. അവരെ ആരും നിയന്ത്രിച്ചില്ല. അവരില്‍ ഒരുപാടു പേരുണ്ടായിരുന്നു. അവര്‍ വലിയ വിമാനങ്ങളിലാണ് വന്നത്. അത് അപമാനകരമായിരുന്നു.'' ബൈഡന്റെ കാലത്തെ സുരക്ഷാ പരിശോധനാ പ്രക്രിയയെ വിമര്‍ശിച്ച് ട്രംപ് പറഞ്ഞു.
അഫ്ഗാനിസ്ഥാനില്‍ നിന്നുള്ള പിന്മാറ്റത്തെക്കുറിച്ചും ട്രംപ് ബൈഡന്‍ ഭരണകൂടത്തെ കുറ്റപ്പെടുത്തി. ''സത്യം പറഞ്ഞാല്‍, അതെല്ലാം ആകെ കുഴപ്പമായിരുന്നു. അഫ്ഗാനിസ്ഥാനിലെ സാഹചര്യം മുഴുവന്‍ താറുമാറായി. പിന്മാറാനായിരുന്നു തീരുമാനമെങ്കില്‍ അത് ഇങ്ങനെയല്ല നടക്കേണ്ടിയിരുന്നത്. ഞങ്ങള്‍ പിന്മാറുമായിരുന്നു, കാരണം ഞാന്‍ എല്ലാവരെയും അതിന് തയ്യാറാക്കി നിര്‍ത്തിയിരുന്നു. ശക്തിയോടും അന്തസ്സോടും കൃത്യതയോടും കൂടി പിന്മാറാനായിരുന്നു ഞങ്ങളുടെ പദ്ധതി.''
ബഗ്രാം വ്യോമതാവളം അമേരിക്ക നിലനിര്‍ത്തണമായിരുന്നു എന്ന വാദം ട്രംപ് ആവര്‍ത്തിച്ചു. ''ചൈനയുമായുള്ള അതിന്റെ സാമീപ്യവും അവര്‍ മിസൈലുകള്‍ നിര്‍മ്മിക്കുന്ന സ്ഥലവും പരിഗണിച്ച് അത് ആവശ്യമായിരുന്നു. എന്നാല്‍ ആയിരക്കണക്കിന് ആളുകളെ ഇങ്ങനെ രാജ്യത്തേക്ക് കടത്തിവിട്ടതിലൂടെ അവര്‍ ഭീകരമായ തെറ്റാണ് ചെയ്തത്. അവര്‍ കഴിവുകെട്ടവരായിരുന്നു.''
ബുധനാഴ്ചത്തെ വെടിവെപ്പിലെ പ്രതിയായ ഇരുപത്തൊമ്പതുകാരനായ റഹ്‌മാനുള്ള ലകന്‍വാള്‍ അഫ്ഗാനിസ്ഥാനില്‍ നിന്നുള്ള യുഎസ് പിന്മാറ്റത്തിന് ശേഷം ആരംഭിച്ച പുനരധിവാസ പദ്ധതിയായ 'ഓപ്പറേഷന്‍ അലൈസ് വെല്‍ക്കം' പ്രകാരം 2021 സെപ്റ്റംബര്‍ എട്ടിനാണ് അമേരിക്കയില്‍ പ്രവേശിച്ചത്. ലകന്‍വാള്‍ ഇതിനുമുമ്പ് അഫ്ഗാനിസ്ഥാനില്‍ സിഐഎയ്‌ക്കൊപ്പം പ്രവര്‍ത്തിച്ചിരുന്നതായും റിപ്പോര്‍ട്ട് ഉണ്ട്.
വൈറ്റ് ഹൗസില്‍നിന്ന് ഏതാനും ബ്ലോക്കുകള്‍ അകലെ, ഐസന്‍ഹോവര്‍ എക്സിക്യൂട്ടീവ് ഓഫീസ് കെട്ടിടത്തിനടുത്തായി 17-ാം സ്ട്രീറ്റ് എന്‍ഡബ്ല്യു, ഐ സ്ട്രീറ്റ് എന്‍ഡബ്ല്യു എന്നിവയ്ക്ക് സമീപം ബുധനാഴ്ച ഉച്ചകഴിഞ്ഞാണ് വെടിവെപ്പ് നടന്നത്. സംഭവത്തില്‍ ഒരു നാഷണല്‍ ഗാര്‍ഡ് അംഗം കൊല്ലപ്പെടുകയും മറ്റൊരാള്‍ക്ക് ഗുരുതരമായി പരിക്കേല്‍ക്കുകയും ചെയ്തു.
Content Highlights: Donald Trump criticizes Biden`s immigration policies, calling them a "terrible mistake." He also slams the Afghanistan withdrawal as a mess. Read more.
Published: 28 Nov 2025, 01:30 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented