അങ്കാറ: റഷ്യൻ മിസൈൽ പ്രതിരോധ സംവിധാനം വാങ്ങിയതിനെത്തുടർന്ന് തുർക്കിക്കുമേൽ ഏർപ്പെടുത്തിയിരുന്ന ഉപരോധങ്ങൾ പിൻവലിക്കുമെന്ന് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. ഇതോടെ എഫ്-35 യുദ്ധവിമാനം വാങ്ങുന്നതിന് തുർക്കിക്ക് മുന്നിൽ വഴിതുറക്കും.

To advertise here,

2019-ലാണ് റഷ്യൻ മിസൈൽ സംവിധാനം വാങ്ങിയതിന്റെ പേരിൽ എഫ്-35 പദ്ധതിയിൽനിന്ന് പുറത്താക്കിക്കൊണ്ട് തുർക്കിക്കുമേൽ യുഎസ് ഉപരോധമേർപ്പെടുത്തിയത്. നാറ്റോ ഉച്ചകോടിക്കായി അങ്കാറയിൽ ഇറങ്ങിയതിന് ശേഷം തുർക്കി പ്രസിഡന്റ് റജബ് ത്വയ്യിബ് ഉർദുഗാനുമായി സംസാരിക്കവെയാണ് ട്രംപ് ഉപരോധം നീക്കുന്ന കാര്യം അറിയിച്ചത്.

'ഞങ്ങൾ ഉപരോധങ്ങൾ നീക്കാൻ പോവുകയാണ്' അങ്കാറയിലെ പ്രസിഡൻഷ്യൽ കൊട്ടാരത്തിൽ ട്രംപ് പറഞ്ഞു. ഇക്കാര്യത്തിൽ കാബിനറ്റ് ഉദ്യോഗസ്ഥർ പ്രവർത്തിച്ചുവരികയാണെന്നും അദ്ദേഹം വ്യക്തമാക്കി. തുർക്കിക്ക് എഫ്-35 വിമാനങ്ങൾ വിൽക്കുന്നതിനുള്ള സാധ്യത 'തീർച്ചയായും പരിഗണിക്കും' എന്നും യുഎസ് പ്രസിഡന്റ് അറിയിച്ചു.

എഫ് 35 പദ്ധതിയിൽ പുനഃപ്രവേശനം നേടുന്നതിനും അമേരിക്കൻ ഉപരോധങ്ങൾ നീക്കുന്നതു സംബന്ധിച്ചുള്ള പ്രശ്‌നം പരിഹരിക്കാനും തുർക്കി ഏറെക്കാലമായി ശ്രമിക്കുന്നുണ്ട്. 'ഈ വിഷയത്തിൽ ട്രംപ് ഞങ്ങൾക്ക് വ്യക്തിപരമായി വാക്ക് നൽകിയിട്ടുണ്ട്, ട്രംപ് എപ്പോഴും തന്റെ വാക്കിന് വിലകൽപ്പിക്കുന്നു. ഇവിടെയും, ദൈവം ഇച്ഛിച്ചാൽ, ഈ നേതാക്കളുടെ ഉച്ചകോടിയിൽനിന്ന് എഫ്35-നെ സംബന്ധിച്ച് അനുകൂലമായ ഒരു തീരുമാനമുണ്ടാകുമെന്ന് ഞാൻ വിശ്വസിക്കുന്നു', ഉർദുഗാൻ പറഞ്ഞു.

ഈ ആഴ്ച ആദ്യം, ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു, നാറ്റോ സഖ്യകക്ഷിയായ തുർക്കിക്ക് യുഎസ് വിമാനങ്ങൾ വിൽക്കരുതെന്ന് അഭ്യർത്ഥിച്ചിരുന്നു. ഇത് മേഖലയിലെ സന്തുലിതാവസ്ഥയെ താളം തെറ്റിക്കുമെന്നും നെതന്യാഹു പറയുകയുണ്ടായി. ഇതിന് പിന്നാലെയാണ് ട്രംപിന്റെ വിഭിന്നമായ പ്രതികരണം.

തുർക്കി പ്രസിഡന്റുമായി തനിക്കുള്ള അടുത്ത ബന്ധം ട്രംപ് പലതവണ എടുത്തുപറഞ്ഞു. ഇറാനുമായുള്ള യുദ്ധസമയത്ത് തുർക്കി കാണിച്ച വിശ്വസ്തതയെ അദ്ദേഹം പ്രശംസിച്ചു. ഉർദുഗാനുമായുള്ള തന്റെ സൗഹൃദം കാരണമാണ് താൻ ഈ ഉച്ചകോടിയിൽ പങ്കെടുക്കുന്നതെന്നും ട്രംപ് വ്യക്തമാക്കി.