വാഷിങ്ടൺ: ചൈന സന്ദർശനത്തിന് പിന്നാലെ യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ഇറാനെതിരെ ശക്തമായ സൈനിക നടപടികൾക്ക് ഒരുങ്ങുന്നതായി റിപ്പോർട്ട്. ഇറാൻ മുന്നോട്ടുവെച്ച സമാധാന നിർദ്ദേശങ്ങൾ തള്ളിക്കളഞ്ഞ ട്രംപ്, 'ഓപ്പറേഷൻ എപിക് ഫ്യൂറി' വീണ്ടും ആരംഭിക്കാനുള്ള തയ്യാറെടുപ്പിലാണെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. ആണവായുധങ്ങൾ കൈവശം വെക്കുന്നതിൽനിന്നും ഹോർമുസ് കടലിടുക്ക് തടയുന്നതിൽനിന്നും ഇറാനെ പിന്തിരിപ്പിക്കാൻ അമേരിക്കയും ചൈനയും ധാരണയിലെത്തിയതായും സൂചനയുണ്ട്.

To advertise here,

നയതന്ത്ര സ്തംഭനാവസ്ഥ സൈനികശക്തിയിലൂടെ മറികടക്കാനാണ് ട്രംപിന്റെ തീരുമാനമെന്നും അതിന്റെ ഭാഗമായി വ്യോമാക്രമണം പുനരാരംഭിക്കാൻ പദ്ധതിയിടുന്നതായും ദ ന്യൂയോർക്ക് ടൈംസ് റിപ്പോർട്ട് ചെയ്തു. ചൈന സന്ദർശനം കഴിഞ്ഞ് മടങ്ങിയെത്തി തൊട്ടടുത്ത ദിവസമാണ് ട്രംപ് പുതിയ നീക്കങ്ങളെ സംബന്ധിച്ചുള്ള ചർച്ചകൾക്ക് തുടക്കമിട്ടിരിക്കുന്നത്.

തന്ത്രപ്രധാനമായ ഹോർമുസ് കടലിടുക്ക് വീണ്ടും തുറക്കുന്നതിനും അതുവഴി ആഗോള എണ്ണവിപണിയിൽ നിലനിൽക്കുന്ന സ്തംഭനാവസ്ഥ അവസാനിപ്പിക്കുന്നതിനുമായി യുഎസ്-ഇറാൻ സമാധാന കരാറിനായി മറ്റ് രാജ്യങ്ങൾ കാര്യമായി ശ്രമം തുടരുകയാണ്. യുഎസ് തിരഞ്ഞെടുപ്പിന് മുന്നോടിയായി രാഷ്ട്രീയ വിജയത്തിന് സാഹചര്യങ്ങൾ അനുകൂലമാക്കുക എന്നത് ട്രംപിന്റെ അനുയായികളുടേയും ആവശ്യമാണ്.

എന്നാൽ, ട്രംപ് തന്റെ നിലപാടിൽനിന്ന് പിന്നോട്ടുപോകാൻ തയ്യാറായിട്ടില്ല. പുതിയ സമാധാന ഉടമ്പടി സംബന്ധിച്ച്, 'ഞാനത് വായിച്ചുനോക്കാം, പക്ഷേ, ആദ്യത്തെ വാചകംതന്നെ എനിക്ക് ഇഷ്ടപ്പെടാത്ത തരത്തിലുള്ളതാണെങ്കിൽ ഞാൻ അത് വലിച്ചെറിയും.' ബീജിങിൽനിന്ന് മടങ്ങുന്നതിനിടെ എയർഫോഴ്‌സ് വണ്ണിൽ വെച്ച് മാധ്യമപ്രവർത്തകരോട് ട്രംപ് പറഞ്ഞു.

ചൈനീസ് പ്രസിഡന്റ് ഷീ ജിൻപിങ്ങുമായുള്ള ചർച്ചകൾക്ക് പിന്നാലെയാണ് ട്രംപ് തീരുമാനങ്ങൾ കടുപ്പിച്ചിരിക്കുന്നത്. ഇറാന്റെ തന്ത്രപ്രധാന പങ്കാളിയായ ചൈന, ഹോർമുസ് കടലിടുക്കിലൂടെയുള്ള ഊർജ്ജ വിതരണത്തെയാണ് പ്രധാനമായും ആശ്രയിക്കുന്നത്. ചൈനീസ് പ്രസിഡന്റ് ഷിയുമായി ഇറാന്റെ കാര്യം ചർച്ച ചെയ്തതായി ട്രംപ് സ്ഥിരീകരിച്ചിട്ടുണ്ട്. എന്നാൽ, ഇറാനെ സമ്മർദ്ദത്തിലാക്കാൻ താൻ ചൈനയോട് ആവശ്യപ്പെട്ടിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

അതേസമയം, അണിയറയിൽ പെന്റഗൺ എല്ലാ സാഹചര്യങ്ങൾക്കുമായി തയ്യാറെടുക്കുകയാണെന്ന്‌ അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. കഴിഞ്ഞ മാസത്തെ വെടിനിർത്തലിന് ശേഷം 'ഓപ്പറേഷൻ എപ്പിക് ഫ്യൂറി' പുതിയ പേരിൽ പുനരാരംഭിക്കാൻ സൈനിക ആസൂത്രകർ തയ്യാറെടുക്കുന്നതായി ദ ന്യൂയോർക്ക് ടൈംസ് അറിയിച്ചു. മേഖലയിലെ രഹസ്യാന്വേഷണ വിവരങ്ങൾ സംഘർഷം വർധിക്കാനുള്ള സാധ്യതയിലേക്കാണ് വിരൽ ചൂണ്ടുന്നത്.

യുഎസ്, ഇസ്രയേൽ സേനകൾ വെടിനിർത്തലിന് ശേഷമുള്ള തങ്ങളുടെ ഏറ്റവും വലിയ സംയുക്ത തയ്യാറെടുപ്പുകളിൽ ഏർപ്പെട്ടിരിക്കുകയാണെന്നും അടുത്ത ആഴ്ച തന്നെ ആക്രമണങ്ങൾ ഉണ്ടായേക്കാമെന്നും രണ്ട് മിഡിൽ ഈസ്റ്റ് ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് അമേരിക്കൻ പത്രം റിപ്പോർട്ട് ചെയ്തു. ഇറാന്റെ കൈവശം ആണവായുധങ്ങൾ ഉണ്ടാകാൻ പാടില്ലെന്നും ഹോർമുസ് കടലിടുക്ക് തുറക്കണമെന്നും അമേരിക്കയും ചൈനയും തമ്മിൽ നടത്തിയ ചർച്ചയിൽ ധാരണയായതായി വാർത്താ ഏജൻസിയായ എഎൻഐ റിപ്പോർട്ട് ചെയ്തു.

'എനിക്ക് അദ്ദേഹത്തോട് (ഷി ജിൻ പിങ്) വലിയ ബഹുമാനമുണ്ട്. ഇറാൻ ആണവായുധം കൈവശം വെക്കാൻ പാടില്ലെന്ന് അദ്ദേഹത്തിന് അഭിപ്രായമുണ്ട്.' ട്രംപ് പറഞ്ഞു. ഹോർമുസ് കടലിടുക്ക് നിയന്ത്രിക്കുന്നത് അമേരിക്കയാണെന്നും കഴിഞ്ഞ രണ്ടാഴ്ചയായി ഇറാൻ അവിടെ ഒന്നും നടത്തുന്നില്ലെന്നും ട്രംപ് കൂട്ടിച്ചേർത്തു.

അതേസമയം, തായ്‌വാൻ വിഷയത്തിൽ ചൈനയുടെ താൽപര്യങ്ങൾ പരിഗണിക്കുമെന്ന് ട്രംപ് ഉറപ്പു നൽകിയതായും സ്രോതസ്സുകൾ വ്യക്തമാക്കുന്നു. ചർച്ചകളിൽ ചൈനയെ സംബന്ധിച്ചിടത്തോളം തായ്‌വാൻ തന്നെയായിരുന്നു ഏറ്റവും പ്രധാനപ്പെട്ട വിഷയം. തായ്‌വാനെച്ചൊല്ലിയുള്ള അഭിപ്രായവ്യത്യാസങ്ങൾ യുഎസും ചൈനയും തമ്മിലുള്ള ഏറ്റുമുട്ടലിലേക്കോ സംഘർഷത്തിലേക്കോ നയിച്ചേക്കാമെന്ന് ട്രംപിന് ഷി മുന്നറിയിപ്പ് നൽകിയതായി റോയിട്ടേഴ്‌സ് റിപ്പോർട്ട് ചെയ്തു.