വാഷിങ്ടൺ: റഷ്യൻ പ്രസിഡന്റ് വ്ളാദിമിർ പുതിൻ തന്നെ നിരാശപ്പെടുത്തിയെന്ന് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. റഷ്യ- യുക്രൈൻ യുദ്ധം അവസാനിക്കാൻ യുഎസ് സഖ്യകക്ഷികൾ റഷ്യയിൽനിന്ന് എണ്ണ വാങ്ങുന്നത് നിർത്തണമെന്നും ട്രംപ് ആവശ്യപ്പെട്ടു. യുകെ സന്ദർശിക്കുന്ന ട്രംപ് ബ്രിട്ടീഷ് പ്രധാനമന്ത്രി കെയർ സ്റ്റാർമറുമായി ചേർന്ന് നടത്തിയ സംയുക്ത വാർത്താസമ്മേളനത്തിലാണ് ഇക്കാര്യം ആവശ്യപ്പെട്ടത്.

To advertise here,

'പുതിൻ എന്നെ നിരാശപ്പെടുത്തി. അദ്ദേഹം ഒരുപാട് ആളുകളെ കൊല്ലുന്നുണ്ട്, കൊല്ലുന്നതിനേക്കാൾ കൂടുതൽ ആളുകളെ അദ്ദേഹത്തിന് നഷ്ടപ്പെടുന്നുമുണ്ട്. വളരെ ലളിതമായി പറഞ്ഞാൽ, എണ്ണവില കുറഞ്ഞാൽ പുതിൻ പിന്മാറും. അദ്ദേഹത്തിന് മറ്റ് വഴികളുണ്ടാകില്ല. സഖ്യകക്ഷികൾ റഷ്യൻ ഊർജ്ജം വാങ്ങുന്നത് അവസാനിപ്പിച്ചാൽ മാത്രമേ അതു നടക്കൂ. ഞാൻ മറ്റു കാര്യങ്ങളിൽ ചർച്ച ചെയ്യാൻ തയ്യാറാണ്, പക്ഷേ, എന്റെ കൂടെ നിൽക്കുന്നവർ റഷ്യയിൽനിന്ന് എണ്ണ വാങ്ങുമ്പോൾ അതിനു കഴിയില്ല' ട്രംപ് പറഞ്ഞു. പുതിനെ ശിക്ഷിക്കാൻ മറ്റ് വഴികൾ പരിഗണിക്കാൻ  താൻ തയ്യാറാണെന്നും ട്രംപ് പറഞ്ഞു.

'സമീപ ദിവസങ്ങളിൽ, പുതിൻ തന്റെ യഥാർത്ഥ മുഖം കാണിച്ചു. അധിനിവേശം ആരംഭിച്ചതിന് ശേഷമുള്ള ഏറ്റവും വലിയ ആക്രമണം നടത്തി. കൂടുതൽ രക്തച്ചൊരിച്ചിലുകൾക്കും കൂടുതൽ നിരപരാധികളുടെ കൊലപാതകങ്ങൾക്കും നാറ്റോയുടെ വ്യോമാതിർത്തിയുടെ ലംഘനങ്ങൾക്കും കാരണമായി. ഇതൊന്നും സമാധാനം ആഗ്രഹിക്കുന്ന ഒരാളുടെ പ്രവൃത്തികളല്ല.' സ്റ്റാർമർ പറഞ്ഞു. 

റഷ്യൻ ദ്രവീകൃത പ്രകൃതിവാതക ഇറക്കുമതി വേഗത്തിൽ ഘട്ടംഘട്ടമായി നിർത്തലാക്കാനുള്ള വഴികൾ യൂറോപ്യൻ യൂണിയൻ ആലോചിക്കുന്നുണ്ട്. ഈ പശ്ചാത്തലത്തിലാണ് ട്രംപിന്റെ പരാമർശങ്ങൾ. അടുത്തയാഴ്ച ന്യൂയോർക്കിൽ നടക്കുന്ന ഐക്യരാഷ്ട്രസഭയുടെ പൊതുസഭയ്ക്കിടെ ട്രംപ് യുക്രൈൻ പ്രസിഡന്റ് വൊളോഡിമിർ സെലെൻസ്‌കിയുമായി കൂടിക്കാഴ്ച നടത്താനും സാധ്യതയുണ്ട്.

എന്നാൽ, യൂറോപ്യൻ യൂണിയൻ റഷ്യൻ എണ്ണ വാങ്ങുന്നത് പൂർണമായും തടയാൻ ട്രംപിന് കഴിയില്ലെന്നാണ് വിലയിരുത്തൽ. യൂറോപ്യൻ യൂണിയനകത്തുതന്നെ ഇതിനെച്ചൊല്ലി വ്യത്യസ്ത അഭിപ്രായങ്ങളാണ് ഉള്ളത്. ചില യൂറോപ്യൻ രാജ്യങ്ങൾ റഷ്യൻ ഊർജ്ജ വിതരണത്തെ ആശ്രയിക്കുന്നത് കുറയ്ക്കാൻ മുൻകരുതലുകൾ വേണ്ടത്ര ചെയ്തിട്ടില്ലെന്ന് യുകെ പ്രധാനമന്ത്രി കെയർ സ്റ്റാർമറും സൂചിപ്പിച്ചു. 'ഇത് യൂറോപ്പിന് ഒരു വെല്ലുവിളിയാണെന്ന് ഞാൻ കരുതുന്നു. റഷ്യയിൽനിന്നുള്ള ഊർജ്ജത്തെ വളരെയധികം ആശ്രയിക്കുന്ന നിരവധി യൂറോപ്യൻ രാജ്യങ്ങളുണ്ട്.' അദ്ദേഹം പറഞ്ഞു.

യുകെയിൽനിന്നു മടങ്ങുമ്പോഴും ട്രംപ് തന്റെ വാദം ആവർത്തിച്ചു. റഷ്യൻ എണ്ണ വാങ്ങുന്ന കാര്യത്തിൽ സ്റ്റാർമറിന്റെ യുകെ കുറ്റക്കാരിൽ ഒരാളല്ലെന്നാണ് ട്രംപ് പറഞ്ഞത്. സഖ്യകക്ഷികൾ റഷ്യയിൽനിന്ന് എണ്ണ വാങ്ങുന്നത് നിർത്തേണ്ടതുണ്ടെന്ന് സ്റ്റാർമർ സമ്മതിച്ചതായും അദ്ദേഹം കൂട്ടിച്ചേർത്തു. യൂറോപ്യൻ രാജ്യങ്ങളും നാറ്റോ അംഗങ്ങളും റഷ്യയിൽനിന്ന് എണ്ണ വാങ്ങുന്നത്' താൻ കൈയോടെ പിടികൂടിയെന്ന് സ്റ്റാർമറോട് പറഞ്ഞതായി ട്രംപ് സൂചിപ്പിച്ചു. 

2022-ൽ യുക്രൈൻ യുദ്ധം ആരംഭിച്ചതു മുതൽ മിക്ക യൂറോപ്യൻ രാജ്യങ്ങളും റഷ്യയിൽനിന്ന് നേരിട്ട് എണ്ണ വാങ്ങുന്നത് നിർത്തിയിട്ടുണ്ട്. എങ്കിലും, ഹംഗറി ഉൾപ്പെടെ കിഴക്കൻ യൂറോപ്പിലെ രാജ്യങ്ങളിലേക്ക് ചെറിയ അളവിൽ എണ്ണ എത്തുന്നുണ്ട്.