
ഒരു വശത്ത് യുക്രൈനുമായുള്ള യുദ്ധം അവസാനിപ്പിക്കാന്‍ ട്രംപ് റഷ്യയെ വിടാതെ പിടിച്ചിരിക്കുകയാണ്, മറ്റൊരിടത്ത് അമേരിക്കയുടേയും യൂറോപ്യന്‍ യൂണിയന്റേയും ഉപരോധങ്ങള്‍ റഷ്യന്‍ സമ്പദ്വ്യവസ്ഥയെ ആകെ പിടിച്ചുകുലുക്കുന്നു. സമ്മര്‍ദങ്ങള്‍ക്കിടയിലും പുതിയ ആണവ മിസൈല്‍ പരീക്ഷിച്ചുകൊണ്ട് ശക്തിപ്രകടനം നടത്തിയിരിക്കുകയാണ് റഷ്യ. ബൂരിവ്യെസ്നീക് എന്നാണ് ആണവ എഞ്ചിനില്‍ പ്രവര്‍ത്തിക്കുന്ന മിസൈലിന്റെ പേര്. ഏതൊരു പ്രതിരോധത്തെയും മറികടക്കാന്‍ ശേഷിയുള്ളതാണ് തങ്ങള്‍ പരീക്ഷിച്ച പുതിയ മിസൈല്‍ എന്നാണ് റഷ്യയുടെ വാദം, ലോകത്ത് ഒരു രാജ്യത്തിനും ഇത്തരമൊരു ആയുധമില്ലെന്ന് പുതിന്‍ അവകാശപ്പെടുന്നു. റഷ്യയെ നേരിടാന്‍ അത്യാധുനിക ശേഷിയുള്ള ടോമഹോക്ക് മിസൈല്‍ വേണമെന്ന യുക്രൈന്റെ ആവശ്യം ട്രംപ് പരിഗണിച്ചിട്ടില്ല. യുദ്ധം അവസാനിപ്പിക്കാന്‍ റഷ്യയെ സമ്മര്‍ദത്തിലാക്കണമെന്നും അതിന് ആയുധങ്ങള്‍ കൂടിയേ തീരൂവെന്നുമുള്ള സെലന്‍സ്‌കിയുടെ പിടിവാശിക്കിടെയാണ് റഷ്യയുടെ മിസൈല്‍ പരീക്ഷണം. ഉപരോധമടക്കമുള്ള പാശ്ചാത്യ സമ്മര്‍ദങ്ങള്‍ക്കിടെ റഷ്യ നടത്തിയ ഈ മിസൈല്‍ പരീക്ഷണം അക്ഷരാര്‍ഥത്തില്‍ ലോകത്തെ ഞെട്ടിച്ചിരിക്കുകയാണ്. ഇതിന് പിന്നിലെന്താണ്? യുക്രൈനെ മാത്രം ഭയപ്പെടുത്തുകയാണോ പുതിന്റെ ലക്ഷ്യം
ബൂരീവ്യെസ്നീക്- റഷ്യയ്ക്ക് മാത്രം
റഷ്യ പുതിയതായി വികസിപ്പിച്ച ആണവോര്‍ജത്തില്‍ പ്രവര്‍ത്തിക്കുന്ന, ആണവായുധം വഹിക്കാന്‍ ശേഷിയുള്ള ഒരു ക്രൂയിസ് മിസൈലാണ് ബൂരിവ്യെസ്നീക്. പരിമിതികളില്ലാത്ത ദൂരപരിധിയാണ് ഇതിന്റെ ഏറ്റവും വലിയ പ്രത്യേകത. ചെറിയ ആണവ റിയാക്ടറാണ് മിസൈലില്‍ ഉപയോഗിച്ചിരിക്കുന്നത്. ഇതിന്റെ ന്യൂക്ലിയര്‍ പ്രൊപ്പല്‍ഷന്‍, വളരെ ദീര്‍ഘനേരം വായുവില്‍ തങ്ങാന്‍ സഹായിക്കുന്നു. മിസൈല്‍ പ്രതിരോധ സംവിധാനങ്ങളെയും റഡാര്‍ നിരീക്ഷണങ്ങളെയും മറികടക്കുന്നതിനായി വളരെ താഴ്ന്ന ഉയരത്തില്‍ (50 മുതല്‍ 100 മീറ്റര്‍ വരെ) പറക്കാനാണ് ഇത് രൂപകല്‍പന ചെയ്തിരിക്കുന്നത്.
ഒക്ടോബര്‍ 21നാണ് പുതിയ മിസൈല്‍ റഷ്യ ആദ്യമായി പരീക്ഷിച്ചതെങ്കിലും 2018ലാണ് ഇത് ആദ്യമായി അവതരിപ്പിച്ചത്. 1972ലെ ആന്റി-ബാലിസ്റ്റിക് മിസൈല്‍ ഉടമ്പടിയില്‍ നിന്ന് അമേരിക്ക പിന്‍വാങ്ങുകയും മിസൈല്‍ വികസനം ആരംഭിക്കുകയും ചെയ്തതിന് പിന്നാലെ അമേരിക്കയ്ക്കുള്ള മറുപടിയായാണ് റഷ്യ ബൂരിവ്യെസ്നീക് മിസൈല്‍ അവതരിപ്പിച്ചത്. സ്റ്റോം പെട്രോള്‍ എന്നും നാറ്റോ SSCX9 സ്‌കൈഫാള്‍ എന്നും ഇതിന് പേരുണ്ട്. പ്രവചിക്കാന്‍ കഴിയാത്ത സഞ്ചാരപാതയും ദീര്‍ഘദൂര പരിധിയുമാണ് ഇതിനെ സവിശേഷമാക്കുന്നത്. അതുകൊണ്ടുതന്നെ ഒരിക്കലും കീഴ്പ്പെടുത്താന്‍ കഴിയാത്ത ഒന്ന് എന്നാണ് റഷ്യ ഈ മിസൈലിനെ വിശേഷിപ്പിക്കുന്നത്. സൈനിക ജനറല്‍മാരുമായുള്ള കൂടിക്കാഴ്ചയില്‍ ലോകത്ത് ആര്‍ക്കുമില്ലാത്ത ആയുധം എന്നാണ് പുതിന്‍ മിസൈലിനെ കുറിച്ച് പരാമര്‍ശിച്ചത്. റഷ്യന്‍ വിദഗ്ധര്‍ക്ക് പോലും ഒരുകാലത്ത് ഈ പദ്ധതിയെക്കുറിച്ച് സംശയമുണ്ടായിരുന്നു, ഈ ആയുധം ഒരിക്കലും സാധ്യമാകാന്‍ സാധ്യതയില്ലെന്ന് റഷ്യന്‍ വിദഗ്ധര്‍ എന്നോട് പറഞ്ഞിരുന്നു, എന്നാല്‍ ഇപ്പോള്‍, അതിന്റെ നിര്‍ണായകമായ പരീക്ഷണങ്ങള്‍ പൂര്‍ത്തിയായി എന്ന് പുതിന്‍ കൂടിക്കാഴ്ചയില്‍ പറഞ്ഞു.
ജെറ്റ് ഇന്ധനം ഉപയോഗിക്കുന്ന സാധാരണ ക്രൂയിസ് മിസൈലുകളില്‍ നിന്ന് വ്യത്യസ്തമായി, ബൂരിവ്യെസ്നീക് പ്രവര്‍ത്തിക്കുന്നത് ആണവോര്‍ജത്തിലാണ്. മിസൈലിലുള്ള ചെറിയ ആണവ റിയാക്ടര്‍ ഉത്പാദിപ്പിക്കുന്ന ഊര്‍ജം ഉപയോഗിച്ച് ടര്‍ബൈനുകള്‍ കറങ്ങും. ഈ ടര്‍ബൈനുകള്‍ അന്തരീക്ഷത്തില്‍നിന്ന് കൂടുതല്‍ വായു വലിച്ചെടുക്കുകയും പുറത്തേയ്ക്ക് അതിശക്തിയായി തള്ളുകയും ചെയ്യും. ഈ സംവിധാനം ബുറെവെസ്‌നിക് മിസൈലിനെ ഇന്ധനം ഉപയോഗിച്ചുള്ള പ്രൊപ്പല്‍ഷന്‍ സംവിധാനത്തിലൂടെ ലഭിക്കുന്നതിന് പുറമെയുള്ള അധിക തള്ളല്‍ നല്‍കുന്നു. ഇതിലൂടെ മിസൈലിന് കുറഞ്ഞ ഇന്ധനം ഉപയോഗിച്ച് വളരെ ദൂരം സഞ്ചരിക്കാം. മിസൈല്‍ വിക്ഷേപിച്ച് നിശ്ചിത വേഗം കൈവരിച്ചതിന് ശേഷമാകും ആണവ എന്‍ജിന്‍ പ്രവര്‍ത്തനക്ഷമമാകുക. അതിനാല്‍ മിസൈലിന് വളരെയധികം ദൂരത്തില്‍ പോകാന്‍ സാധിക്കും.
ഖര ഇന്ധനം ഉപയോഗിക്കുന്ന ഒരു ബൂസ്റ്റര്‍ ഉപയോഗിച്ചാണ് മിസൈല്‍ വിക്ഷേപിക്കുന്നത്, തുടര്‍ന്ന് ന്യൂക്ലിയര്‍ തെര്‍മല്‍ എഞ്ചിന്‍ ഉപയോഗിച്ച് ഇത് സഞ്ചരിക്കും. ഉയര്‍ന്ന സബ്സോണിക് പരിധിയിലാണ് ഇതിന്റെ വേഗത. താഴ്ന്നു പറന്നും വളഞ്ഞ വഴി ഉപയോഗിച്ചും പ്രതിരോധ സംവിധാനങ്ങളെ മറികടക്കാന്‍ ഇതിന് കഴിയുമെങ്കിലും പ്രവര്‍ത്തന സുരക്ഷ, ചെലവ്, സഞ്ചാരപാതയിലെ റേഡിയേഷന്‍ അപകടസാധ്യതകള്‍ എന്നിവയെക്കുറിച്ചുള്ള ആശങ്കകള്‍ ചൂണ്ടിക്കാട്ടി പാശ്ചാത്യ വിദഗ്ധര്‍ ഈ മിസൈലിനെ ചോദ്യം ചെയ്യുന്നുണ്ട്. ഇത് ലഭ്യമായ വിവരങ്ങള്‍ മാത്രമാണ്, മിസൈലിന്റെ പ്രവര്‍ത്തന വിശദാംശങ്ങള്‍ ഇപ്പോഴും റഷ്യ രഹസ്യമായി സൂക്ഷിക്കുകയാണ്.
ബുറെവ്യെസ്നീക് മിസൈല്‍, പറക്കും ചെര്‍ണോബില്‍?
ദൂരപരിധികളുടെ തടസ്സമില്ലാതെ എത്ര ദൂരത്തേയ്ക്കും ചെല്ലാന്‍ കഴിയുന്നതാണ് ബൂരിവ്യെസ്നീക് മിസൈല്‍. ബാലിസ്റ്റിക് മിസൈലുകളെ അപേക്ഷിച്ച് കുറഞ്ഞ വേഗതയിലാണ് ഇത് സഞ്ചരിക്കുക. മണിക്കൂറില്‍ ശരാശരി 900 കിലോമീറ്ററായിരുന്നു ബുറെവെസ്‌നികിന്റെ വേഗം. പരീക്ഷണത്തിനിടെ 15 മണിക്കൂര്‍ തുടര്‍ച്ചയായി 14,000 കിലോമീറ്റര്‍ വിജയകരമായി മിസൈല്‍ സഞ്ചരിച്ചതായി റഷ്യ വ്യക്തമാക്കിയിട്ടുണ്ട്. 9എം730 എന്ന കോഡിലാണ് റഷ്യന്‍ സേന മിസൈല്‍ രേഖപ്പെടുത്തിയിരിക്കുന്നത്. പരമ്പരാഗത പോര്‍മുനകള്‍ക്കൊപ്പം ആണവ പോര്‍മുനകളും വഹിക്കാന്‍ ശേഷിയുള്ളതാണ് ബുറെവെസ്‌നിക്. ലോകത്തെവിടെയും റഷ്യയ്ക്ക് ഈ മിസൈല്‍ ഉപയോഗിച്ച് ആക്രമണം നടത്താനാകും. മറ്റ് രാജ്യങ്ങളുടെ വ്യോമപ്രതിരോധ സംവിധാനങ്ങളെ മറികടക്കാന്‍ താഴ്ന്ന സഞ്ചാരപാത തിരഞ്ഞെടുക്കാന്‍ സാധിക്കുമെന്നതാണ് ഇതിനെ അപകടകാരിയാക്കുന്നത്.
മിസൈലിന് തടസ്സങ്ങളില്ലാത്ത ദൂരപരിധി നല്‍കുന്നുണ്ടെങ്കിലും ബൂരിവ്യെസ്നീകിന്റെ സാങ്കേതികവിദ്യയ്ക്ക് വലിയ എഞ്ചിനീയറിംഗ് വെല്ലുവിളികളും റേഡിയേഷന്‍ അപകടങ്ങളുമുണ്ട്. 2018ലാണ് ഈ മിസൈല്‍ ആദ്യമായി അവതരിപ്പിക്കുന്നത്. 2019-ല്‍ ബുറെവെസ്നികിന്റെ പരീക്ഷണഘട്ടത്തിലുണ്ടായ സ്ഫോടനത്തില്‍ അഞ്ച് ആണവശാസ്ത്രജ്ഞര്‍ മരണപ്പെട്ടിരുന്നു, മാത്രമല്ല, റഷ്യയിലെ വൈറ്റ് സീയുടെ വടക്കുപടിഞ്ഞാറന്‍ തീരത്തെ റേഡിയേഷന്റെ അളവ് താല്‍ക്കാലികമായി ഉയരുകയും ചെയ്തു. അക്കാലത്ത് റഷ്യയ്ക്ക് പുറത്തുള്ള, എന്നാല്‍ റഷ്യയുടെ പരീക്ഷണങ്ങള്‍ ശ്രദ്ധാപൂര്‍വം പിന്തുടരുന്ന നിരീക്ഷകസംഘം 'പറക്കുന്ന ചെര്‍ണോബില്‍' എന്നാണ് ഈ മിസൈലിനെ വിളിച്ചിരുന്നത്.
ഒക്ടോബര്‍ 21ന് നടത്തിയ പരീക്ഷണത്തിന് മുന്‍പായി നേരത്തെ പരീക്ഷണങ്ങള്‍ നടന്ന ആര്‍ട്ടിക് പ്രദേശത്തെ നോവയ സെംല്യ ദ്വീപസമൂഹത്തിന് ചുറ്റുമുള്ള വ്യോമ, സമുദ്ര പാതകള്‍ റഷ്യ അടച്ചതായി റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. എന്നാല്‍, റേഡിയേഷന്‍ അളവില്‍ വര്‍ധനവ് കണ്ടെത്തിയിട്ടില്ലെന്ന് നോര്‍വീജിയന്‍ റേഡിയേഷന്‍ ആന്‍ഡ് ന്യൂക്ലിയര്‍ സേഫ്റ്റി അതോറിറ്റി പിന്നീട് അറിയിച്ചു. മിസൈലിന്റെ പുതിയ രൂപകല്‍പന ആണവ റിയാക്ടറിനെ സുരക്ഷിതമായി ഉള്‍ക്കൊള്ളാന്‍ പര്യാപ്തമാണെന്ന സൂചനകളാണ് ഇതിലൂടെ ലഭിക്കുന്നത്.
ഭീഷണി അമേരിക്കയ്ക്ക് മാത്രമോ?
അമേരിക്കയുള്‍പ്പെടെയുള്ള യൂറോപ്യന്‍ രാജ്യങ്ങളുടെ സമ്മര്‍ദത്തില്‍ കുരുങ്ങിയിരിക്കുകയാണ് റഷ്യ. അതിനിടെ വിജയകരമായി പരീക്ഷിച്ച ബുറെവെസ്നിക് പരീക്ഷണം ഒരു സാങ്കേതിക നാഴികക്കല്ല് മാത്രമല്ല, തന്ത്രപരമായ സന്ദേശം കൂടിയാണ്. ഡൊണാള്‍ഡ് ട്രംപ് ഉപരോധങ്ങള്‍ കര്‍ശനമാക്കുകയും ബുഡാപെസ്റ്റില്‍ നടക്കേണ്ടിയിരുന്ന പുതിനുമായുള്ള ഉച്ചകോടി മരവിപ്പിക്കുന്നതടക്കമുള്ള നയതന്ത്ര തിരിച്ചടികള്‍ നേരിടുന്നതിനിടെയായിരുന്നു മിസൈല്‍ പ്രഖ്യാപനം വന്നത്. മിസൈല്‍ വിവരങ്ങള്‍ പുറത്തുവിടാന്‍ റഷ്യ ഈ സമയം തിരഞ്ഞെടുത്തത് യാദൃച്ഛികമായിരുന്നില്ലെന്ന് സാരം. കര, കടല്‍, ആകാശം എന്നിവിടങ്ങളില്‍ റഷ്യയുടെ സമ്പൂര്‍ണ പ്രതിരോധ ശേഷി പ്രകടമാക്കുന്ന വിപുലമായ ആണവ അഭ്യാസങ്ങള്‍ക്ക് പുതിന്‍ നേരിട്ട് മേല്‍നോട്ടം വഹിച്ച് ദിവസങ്ങള്‍ക്ക് ശേഷമാണ് ഈ പ്രഖ്യാപനം വന്നത്. റഷ്യയെ സംബന്ധിച്ചിടത്തോളം, സമ്മര്‍ദത്തിന് വഴങ്ങി യുക്രൈനുമായുള്ള യുദ്ധത്തില്‍ നിന്ന് പിന്മാറാനില്ലെന്നും തങ്ങള്‍ ഇപ്പോഴും എന്തിനും സജ്ജരായ ആണവ എതിരാളിയും തുല്യശക്തരുമാണെന്ന് ലോകത്തെ, പ്രത്യേകിച്ച് അമേരിക്കയെ ഓര്‍മിപ്പിക്കുക കൂടിയാണ് പുതിന്‍ പുതിയ മിസൈലിലൂടെ ചെയ്തത്.
റഷ്യയുടെ മിസൈല്‍ പരീക്ഷണത്തെ കുറിച്ച് ട്രംപോ വൈറ്റ് ഹൗസ് പെട്ടന്ന് പ്രതികരണമൊന്നും നല്‍കിയില്ലെങ്കിലും അമേരിക്കയുടെ പ്രതിരോധശക്തിയെ കുറിച്ച് പരോക്ഷമായി സൂചിപ്പിച്ചുകൊണ്ടുള്ള മറുപടി വൈകാതെ പുറത്തുവന്നിരുന്നു. 'ഒരാഴ്ച കൊണ്ട് തീരേണ്ടിയിരുന്ന യുദ്ധം ഇപ്പോള്‍ നാലാം വര്‍ഷത്തിലേക്ക് കടന്നിരിക്കുന്നു, മിസൈലുകള്‍ പരീക്ഷിക്കുന്നതിന് പകരം യുദ്ധം അവസാനിപ്പിക്കുകയാണ് റഷ്യ ചെയ്യേണ്ടതെന്ന് പറഞ്ഞ ട്രംപ്, ലോകത്തിലെ ഏറ്റവും വലിയ ആണവ അന്തര്‍വാഹിനി റഷ്യന്‍ ജലാതിര്‍ത്തിക്ക് സമീപം പ്രവര്‍ത്തിക്കുന്നുണ്ടെന്നും കൂട്ടിച്ചേര്‍ത്തു. അമേരിക്കയുടെ പ്രതിരോധശേഷിയെക്കുറിച്ചുള്ള പരോക്ഷമായ ഓര്‍മ്മപ്പെടുത്തല്‍ ട്രംപ് നല്‍കി. അമേരിക്ക വിന്യസിച്ച അത്യാധുനിക ശേഷിയുള്ള അന്തര്‍വാഹിനികളെക്കുറിച്ചുള്ള സൂചനകളാണ് അദ്ദേഹം ഇതിലൂടെ നല്‍കിയത്.
യുക്രൈന്‍ യുദ്ധത്തില്‍ വെടിനിര്‍ത്തല്‍ സാധ്യമാക്കുന്നതിനായി യു.എസ് റഷ്യയ്ക്കുമേല്‍ സമ്മര്‍ദം ചെലുത്തുകയാണ്. സംഘര്‍ഷം അവസാനിപ്പിക്കാന്‍ റഷ്യ തയ്യാറായില്ലെങ്കില്‍ യുദ്ധത്തിന്റെ ഗതിമാറ്റാന്‍ ശേഷിയുള്ള ദീര്‍ഘദൂര ടോമാഹോക്ക് മിസൈലുകള്‍ യുക്രൈന് കൈമാറുമെന്ന് യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് നേരത്തെ മുന്നറിയിപ്പ് നല്‍കിയിരുന്നു. അതേസമയം, പാശ്ചാത്യ സമ്മര്‍ദങ്ങള്‍ക്ക് മുന്നില്‍ തല കുനിക്കില്ലെന്ന വ്യക്തമായ സന്ദേശമാണ് മിസൈല്‍ വിക്ഷേപണത്തിലൂടെ റഷ്യ നല്‍കുന്നതെന്നാണ് വിലയിരുത്തല്‍. ഇതിനുള്ള മറുപടിയായി കൂടിയാണ് വാഷിങ്ടണ്‍ ഉള്‍പ്പെടെ ആക്രമണപരിധിയില്‍ വരുന്ന ആണവ മിസൈല്‍ റഷ്യ പരീക്ഷിച്ചതെന്നും നിരീക്ഷകര്‍ ചൂണ്ടിക്കാട്ടുന്നു. പുതിയ മിസൈലിന്റെ പ്രവര്‍ത്തന രീതികള്‍ പരസ്യമല്ലെങ്കിലും സമ്മര്‍ദങ്ങള്‍ക്കിടയിലുള്ള മിസൈല്‍ ശക്തിപ്രകടനം ട്രംപിനടക്കമുള്ളവര്‍ക്കുള്ള അപായ മുന്നറിയിപ്പ് തന്നെയാണ്.
മുന്നറിയിപ്പോ തിരിച്ചടിയോ?
ബൂരിവ്യെസ്നീക് മിസൈലിന്റെ ദൂരപരിധി ലോകശക്തികളുടെ തന്ത്രപരമായ കണക്കുകൂട്ടലുകളെ ബാധിക്കുന്നു. കൂടാതെ, ആഗോള സുരക്ഷ ഉള്‍പ്പെടെയുള്ള വിഷയങ്ങളില്‍ ആശങ്കകളും ഉയര്‍ത്തുന്നു. വിവിധ ദിശകളില്‍ നിന്ന് ആക്രമിക്കാനും പ്രതിരോധ സംവിധാനങ്ങളെ മറികടക്കാനും ഇതിന് ശേഷിയുണ്ട്. ഇത് രാജ്യങ്ങള്‍ തമ്മിലുള്ള ആയുധമത്സരം ഗുരുതരമായി വര്‍ധിപ്പിക്കുകയാണ്.
അതീവസുരക്ഷിതമെന്ന് കരുതുന്ന അമേരിക്കന്‍ മണ്ണുള്‍പ്പെടെ ലോകത്തെ ഏത് മേഖലയെയും ലക്ഷ്യമിടാന്‍ റഷ്യയ്ക്ക് പുതിയ ആയുധത്തിലൂടെ സാധിക്കും. അതിനാല്‍ ബുറെവെസ്നിക് ഉയര്‍ത്തുന്ന സുരക്ഷാ വെല്ലുവിളിയും വലുതാണ്. ഇത് പരമ്പരാഗത അമേരിക്കന്‍ സുരക്ഷാസംവിധാനങ്ങളെയും നാറ്റോ പ്രതിരോധ സംവിധാനങ്ങളെയും ചോദ്യം ചെയ്യുന്നു. അമേരിക്ക അവരുടെ സഖ്യകക്ഷികള്‍ക്ക് നല്‍കുന്ന സുരക്ഷാ ഉറപ്പുകളെ പോലും റഷ്യയുടെ ഒരൊറ്റ മിസൈല്‍ ദുര്‍ബലപ്പെടുത്തുകയാണ്. ആവശ്യമെങ്കില്‍ ശത്രുക്കള്‍ക്ക് അമേരിക്കയെ നേരിട്ട് ഭീഷണിപ്പെടുത്താന്‍ സാധിക്കും. ഇത് അമേരിക്കയുമായുള്ള സഖ്യത്തിന്റെ കെട്ടുറപ്പിനെയും ബാധിച്ചേക്കാം.
അതിനൂതനമായ സംവിധാനങ്ങള്‍ റഷ്യ സ്വായത്തമാക്കുമ്പോള്‍ സ്വന്തം സംവിധാനങ്ങള്‍ പുനഃപരിശോധിക്കാനും കൂടുതല്‍ മത്സരസജ്ജമാക്കാനും ശത്രുരാജ്യങ്ങള്‍ ഒരുങ്ങും. ഇത് ആയുധമത്സരത്തിനാണ് വഴിയൊരുക്കുന്നത്. ആണവോര്‍ജത്തില്‍ പ്രവര്‍ത്തിക്കുന്ന സംവിധാനങ്ങള്‍ വികസിപ്പിക്കാന്‍ ഉത്തര കൊറിയയും ഇറാനും ചിലപ്പോള്‍ പ്രചോദിപ്പിക്കപ്പെട്ടേക്കാം. ഏതെങ്കിലും സാഹചര്യത്തില്‍ ഇവര്‍ റഷ്യയുമായി കരാറിലെത്തുകയും സാങ്കേതികവിദ്യാ കൈമാറ്റം നടക്കുകയും ചെയ്താല്‍ ഇത് പ്രാദേശിക സന്തുലിതാവസ്ഥയെ പോലും പാടെ തകര്‍ക്കും. റഷ്യയുടെ പുതിയ മിസൈല്‍ ഒരേസമയം ആയുധമായും ഒരു നയതന്ത്ര ഉപാധിയായും പ്രവര്‍ത്തിക്കുന്നു. അന്താരാഷ്ട്ര ചര്‍ച്ചകളില്‍ തങ്ങളുടെ വിലപേശല്‍ ശക്തി ഉറപ്പിക്കാന്‍ റഷ്യയ്ക്ക് പുതിയ സംവിധാനത്തെ ഉപയോഗിക്കാം.
റിയാക്ടര്‍ ഉപയോഗിച്ച് പ്രവര്‍ത്തിക്കുന്ന ഈ മിസൈല്‍ തകരുകയോ തകരാറിലാവുകയോ ചെയ്താല്‍ റേഡിയോ ആക്ടീവ് മലിനീകരണത്തിന്റെ സാധ്യതകളുമുണ്ട്. ഇത്തരം സാങ്കേതിക വെല്ലുവിളികള്‍ റഷ്യയ്ക്ക് തന്നെ ചിലപ്പോള്‍ തിരിച്ചടിയായേക്കാം. ചുരുക്കത്തില്‍, ബുറെവെസ്‌നിക്കിന്റെ സാധ്യതകള്‍ ഭൗമരാഷ്ട്രീയരംഗത്ത് അസ്ഥിരത സൃഷ്ടിക്കുന്ന ഒന്നാണ്. അതേസമയം, റഷ്യയുടെ തന്ത്രപരമായ സ്വാധീനം വര്‍ധിപ്പിക്കാന്‍ ശക്തിയേറിയ ഉപകരണമായി പ്രവര്‍ത്തിക്കുകയും ചെയ്യും.
Content Highlights: Russia tests Burevestnik nuclear-powered cruise missile amidst sanctions & Ukraine war. Unmatched range, challenges global defense. Is this a threat to the world?
Published: 29 Oct 2025, 02:34 pm IST
ABOUT THE AUTHOR

Aswathy Anil
aswathyanil@mpp.co.inRelated Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

Most Commented