വാഷിങ്ടൺ: എഫ്‌ബിഐ ഡയറക്ടർ സ്ഥാനത്തുനിന്ന് ഇന്ത്യൻ-അമേരിക്കൻ വംശജനായ കാഷ് പട്ടേലിനെ നീക്കം ചെയ്തേക്കുമെന്ന റിപ്പോർട്ടുകൾ നിഷേധിച്ച് യു.എസ്. പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. മികച്ച രീതിയിലാണ് കാഷ് പട്ടേൽ പ്രവർത്തിക്കുന്നതെന്ന് ട്രംപ് കൂട്ടിച്ചേർത്തു. കാഷ് പട്ടേലിനെ ചുറ്റിപ്പറ്റി തുടർച്ചയായ വരുന്ന പ്രതികൂല വാർത്തകളിൽ ട്രംപും അദ്ദേഹത്തിന്റെ ഉന്നത സഹായികളും അസ്വസ്ഥരാണെന്ന് റിപ്പോർട്ടുകൾ വന്നതോടെയാണ് അഭ്യൂഹങ്ങൾ ശക്തമായത്. ബ്യൂറോയുടെ വിഭവങ്ങൾ ദുരുപയോഗം ചെയ്തതിനും തന്റെ കാമുകിക്ക് സ്വാറ്റ്( SWAT) സുരക്ഷ നൽകിയതിനും പട്ടേൽ അന്വേഷണം നേരിടുകയാണ്.

To advertise here,

പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് എഫ്‌ബിഐ ഡയറക്ടർ കാഷ് പട്ടേലിനെ നീക്കം ചെയ്യാൻ ആലോചിക്കുന്നുവെന്ന മാധ്യമ റിപ്പോർട്ടുകൾ വൈറ്റ് ഹൗസ് ചൊവ്വാഴ്ച തള്ളി. പട്ടേലിന്റെ ഔദ്യോഗിക പെരുമാറ്റത്തെക്കുറിച്ചുള്ള സൂക്ഷ്മപരിശോധനകൾക്കിടയിൽ ഉയർന്നുവന്ന ഈ വാദങ്ങൾ വൈറ്റ് ഹൗസ് നിഷേധിച്ചു. ഈ വാർത്ത പൂർണ്ണമായും കെട്ടിച്ചമച്ചതാണ് എന്ന് വിശേഷിപ്പിച്ചുകൊണ്ട് വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറി കരോലിൻ ലെവിറ്റ്, അഭ്യൂഹങ്ങൾക്കെതിരെ സാമൂഹികമാധ്യമത്തിലൂടെ ശക്തമായി പ്രതികരിച്ചു.

പ്രസിഡന്റ് ട്രംപിന്റെയും പട്ടേലിന്റെയും ഒരു ഫോട്ടോ പോസ്റ്റ് ചെയ്ത ലെവിറ്റ്, ഇരുവരും ഓവൽ ഓഫീസിൽ നിയമപാലകരുമായി കൂടിക്കാഴ്ച നടത്തുന്നതിനിടെയാണ് ഈ കിംവദന്തി പ്രചരിച്ചതെന്ന് വിശദീകരിച്ചു. വാർത്തയുടെ തലക്കെട്ട് ഉറക്കെ വായിച്ചതിന് ശേഷം, പ്രസിഡന്റ് ട്രംപ് ചിരിച്ചുകൊണ്ട്, "അത് തികച്ചും തെറ്റാണ്. വരൂ കാഷ്, നിങ്ങൾ മികച്ച രീതിയിൽ പ്രവർത്തിക്കുന്നുവെന്ന് അവരെ കാണിക്കാൻ നമുക്കൊരു ചിത്രമെടുക്കാം!" എന്ന് പറഞ്ഞതായും അവർ കൂട്ടിച്ചേർത്തു.

പട്ടേലിനെ നീക്കം ചെയ്യണമോ വേണ്ടയോ എന്ന് യുഎസ് പ്രസിഡന്റ് ആലോചിക്കുന്നതായി ട്രംപും വൈറ്റ് ഹൗസ് ഉദ്യോഗസ്ഥരും തങ്ങളുടെ അടുത്ത വൃത്തങ്ങളോട് വെളിപ്പെടുത്തിയതായാണ് പല റിപ്പോർട്ടുകളും നൽകുന്ന സൂചന. അതേസമയം, ബ്യൂറോയുടെ പുതിയ ഡയറക്ടറായി മുതിർന്ന എഫ്‌ബിഐ ഉദ്യോഗസ്ഥനായ ആൻഡ്രൂ ബെയ്‌ലിയെ യുഎസ് പ്രസിഡന്റ് പരിഗണിച്ചേക്കാമെന്നും റിപ്പോർട്ടുകളുണ്ട്. ആൻഡ്രൂ ബെയ്‌ലിയാണ് പകരക്കാരനാകാൻ ഏറ്റവും സാധ്യത കൽപ്പിക്കപ്പെടുന്നത് എന്നതിനാൽ, പട്ടേലിന്റെ സ്ഥാനം പരുങ്ങലിലാണെന്നും അഭ്യൂഹമുണ്ട്.