വാഷിങ്ടൺ: യുഎസ് പ്രസിഡന്റ് പദവിയിൽ രണ്ടാമൂഴത്തിൽ ഒരു വർഷം തികയുന്ന വേളയിൽ തന്റെ നിലപാടുകളെ ന്യായീകരിച്ച് ഡൊണാൾഡ് ട്രംപ്. തന്റെ ഭരണകൂടം പണപ്പെരുപ്പം കുറച്ചെന്നും സാമ്പത്തിക വളർച്ച വർദ്ധിപ്പിച്ചെന്നും 'ക്രൂരരായ കുറ്റവാളികളെ' രാജ്യത്തുനിന്ന് പുറത്താക്കിയെന്നും ട്രംപ് അവകാശപ്പെട്ടു. പ്രതിസന്ധികൾക്ക് കാരണക്കാരൻ മുൻ പ്രസിഡന്റ് ജോ ബൈഡനാണെന്ന് കുറ്റപ്പെടുത്തുകയും ചെയ്തു.

To advertise here,

'അമേരിക്കൻ സമ്പദ്‌വ്യവസ്ഥ തിളങ്ങുകയാണ്. മുൻ ഭരണകൂടത്തിന്റെ തെറ്റായ നിലപാടുകളിൽനിന്നു മാറിയപ്പോൾ പണപ്പെരുപ്പം ഗണ്യമായി കുറഞ്ഞു. ഞങ്ങളുടെ കയ്യിൽ കിട്ടുമ്പോൾ എല്ലാം കുഴപ്പത്തിലായിരുന്നു. ഇപ്പോൾ ഞങ്ങൾ പണപ്പെരുപ്പം വളരെ കുറച്ചിരിക്കുന്നു. സാമ്പത്തിക വളർച്ച അവിശ്വസനീയമാണ്.' ട്രംപ് കൂട്ടിച്ചേർത്തു.

നാലാം പാദ ജിഡിപി വളർച്ച അഞ്ച് ശതമാനത്തിൽ കൂടുതലാകുമെന്നും രാജ്യത്തുടനീളം ആയിരക്കണക്കിന് ഫാക്ടറികൾ നിർമ്മിക്കുമെന്നും അദ്ദേഹം അവകാശപ്പെട്ടു. ആപ്പിൾ, എൻവിഡിയ, ഫോർഡ്, ജനറൽ മോട്ടോഴ്‌സ്, ഹ്യുണ്ടായ് തുടങ്ങിയ പ്രധാന ആഗോള കമ്പനികളിൽനിന്നുള്ള റെക്കോർഡ് നിക്ഷേപങ്ങൾ അദ്ദേഹം ചൂണ്ടിക്കാട്ടി. സ്റ്റോക്ക് മാർക്കറ്റുകളും പെൻഷൻ

അക്കൗണ്ടുകളും റെക്കോർഡ് ഉയരത്തിലെത്തിയെന്നും തന്റെ പ്രസിഡന്റ് കാലത്ത് അമേരിക്കക്കാരുടെ വരുമാനം വർദ്ധിച്ചതായും ട്രംപ് അവകാശപ്പെട്ടു.

'ഒരുപക്ഷേ എന്റെ പബ്ലിക് റിലേഷൻസ് ആളുകൾക്ക് മോശമായിരിക്കാം, പക്ഷേ ഞങ്ങൾ സ്വയം അത് പ്രചരിപ്പിക്കുന്നില്ല.' തന്റെ ഭരണകൂടത്തിന്റെ നേട്ടങ്ങൾ വേണ്ടത്ര പ്രചാരണം നടത്താത്തതിൽ ട്രംപ് പരാതിപ്പെട്ടു. മുൻ ഭരണകൂടം അക്രമികളെ രാജ്യത്തേക്ക് പ്രവേശിക്കാൻ അനുവദിച്ചെന്ന് ആരോപിച്ച് വാർത്താസമ്മേളനത്തിനിടെ, ഇമിഗ്രേഷൻ ആൻഡ് കസ്റ്റംസ് എൻഫോഴ്‌സ്‌മെന്റ് പിടികൂടിയ വ്യക്തികളുടെ ചിത്രങ്ങൾ ഉയർത്തിക്കാട്ടി.

വെനസ്വേലൻ പ്രതിപക്ഷ നേതാവ് മരിയ കൊറിന മാച്ചാഡോയുമായി പ്രവർത്തിക്കാൻ താൻ തയ്യാറാണെന്ന് ട്രംപ് പറഞ്ഞു. 'ഞങ്ങൾ അവരുമായി സംസാരിക്കുന്നുണ്ട്. ഒരുപക്ഷേ ഞങ്ങൾ അവരെ ഏതെങ്കിലും രീതിയിൽ ഉൾപ്പെടുത്താൻ കഴിഞ്ഞേക്കും. എനിക്കത് ചെയ്യാൻ കഴിയുമെങ്കിൽ സന്തോഷം.' ട്രംപ് പറഞ്ഞു.