വാഷിങ്ടൺ: അമേരിക്കയിൽ വിദ്യാഭ്യാസം പൂർത്തിയാക്കിയ ശേഷം അവിടെത്തന്നെ ജോലി ചെയ്യാൻ ആഗ്രഹിക്കുന്ന വിദേശ വിദ്യാർഥികൾക്ക് വൻ വെല്ലുവിളിയാകുന്ന പുതിയ നിർദേശങ്ങളുമായി ട്രംപ് ഭരണകൂടം. പഠനാനന്തരം അമേരിക്കയിൽ ജോലി ചെയ്യാൻ ആഗ്രഹിക്കുന്ന വിദേശ ബിരുദധാരികളിൽനിന്ന് $1,00,000 (ഏകദേശം 95 ലക്ഷത്തോളം ഇന്ത്യൻ രൂപ) ഫീസ് ഈടാക്കുന്നത് ട്രംപ് ഭരണകൂടം പരിഗണിക്കുന്നതായി റിപ്പോർട്ട്. നിർദേശം നടപ്പിലാക്കാൻ തീരുമാനിക്കുന്ന പക്ഷം എച്ച് 1 ബി വിസ പ്രകാരം അമേരിക്കയിൽ കരിയർ സ്വപ്‌നം കാണുന്ന ഇന്ത്യക്കാരടക്കമുള്ള വിദേശികൾക്ക് അത് ഏറക്കുറേ അസാധ്യമായി മാറിയേക്കും
ഹോംലാൻഡ് സെക്യൂരിറ്റി ഡിപ്പാർട്ട്‌മെന്റ് ഇതുസംബന്ധിച്ച ചർച്ചകൾ നടത്തുന്നുണ്ടെന്ന് ദ വാൾസ്ട്രീറ്റ് ജേണൽ റിപ്പോർട്ട് ചെയ്തു. എന്നാൽ ഇക്കാര്യത്തിൽ അന്തിമ തീരുമാനം ഉണ്ടായിട്ടില്ല. പഠനം പൂർത്തിയാക്കിയ ശേഷം അമേരിക്കയിൽത്തന്നെ തുടരാൻ ആഗ്രഹിക്കുന്ന വിദേശ വിദ്യാർഥികൾക്ക് നിർദിഷ്ട ഫീസ് ബാധകമാകുമെന്നാണ് വാൾസ്ട്രീറ്റ് ജേണൽ റിപ്പോർട്ട് ചെയ്യുന്നത്.
എഫ്-1 വിസയിലുള്ള വിദേശ വിദ്യാർഥികൾക്ക് ബിരുദാനന്തരം അവരുടെ മേഖലകളുമായി ബന്ധപ്പെട്ട് താത്കാലിക ജോലിപരിചയം നേടാൻ അനുവദിക്കുന്ന ഓപ്ഷണൽ പ്രാക്ടിക്കൽ ട്രെയിനിങ് (ഒപിടി) പ്രോഗ്രാമിനെ ഈ നീക്കം ബാധിച്ചേക്കും. നേരത്തെയും ഒപിടിക്കെതിരെ ട്രംപ് ഭരണകൂടം രംഗത്തുവന്നിരുന്നു. വിസാ തട്ടിപ്പിനും കാലാവധി കഴിഞ്ഞുള്ള താമസത്തിനും വേണ്ടി ഒപിടി പ്രോഗ്രാം ദുരുപയോഗം ചെയ്യപ്പെടാമെന്നായിരുന്നു ട്രംപ് ഭരണകൂടത്തിന്റെ ആരോപണം.
അമേരിക്കയിൽ പഠനം പൂർത്തിയാക്കിയ ശേഷം എച്ച്-1 ബി അല്ലെങ്കിൽ മറ്റു ജോലി വിസകളിലേക്ക് കടക്കുന്നതിനായി ആയിരക്കണക്കിന് ഇന്ത്യൻ വിദ്യാർഥികളാണ് ഒപിടിയെ പ്രയോജനപ്പെടുത്തുന്നത്. പുതിയ നിർദേശം നടപ്പിലാക്കിയാൽ വലിയ തോതിൽ ഇന്ത്യൻ വിദ്യാർഥികൾക്ക് ഇത് തിരിച്ചടിയാകും. ജോലി നേടണമെങ്കിൽ വൻ തുക അധികമായി നൽകേണ്ടിവരും.
നിലവിൽ ഈ വിഷയം ഭരണകൂടത്തിന്റെ ആഭ്യന്തര ചർച്ചകളിൽ മാത്രമാണുള്ളതെന്നും അന്തിമ തീരുമാനം വൈറ്റ് ഹൗസ് ഇതുവരെ കൈക്കൊണ്ടിട്ടില്ലെന്നും അധികൃതർ വ്യക്തമാക്കുന്നു. ഫീസ് അടയ്‌ക്കേണ്ടത് വിദ്യാർഥികളാണോ, ജോലി നൽകുന്ന കമ്പനികളാണോ അതോ സർവകലാശാലകളാണോ എന്ന കാര്യത്തിലും വ്യക്തത വന്നിട്ടില്ല.
Content Highlights: Proposed $100,000 fee for international graduates post-study work., Impacts the Optional Practical Training (OPT) program for F-1 visa holders., Potential major financial burden for Indian students seeking H-1B transition., Policy remains under internal discussion by the Department of Homeland Security., Final decision on who bears the cost is currently pending.
Published: 31 Jul 2026, 11:04 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented