വാഷിങ്ടണ്‍: 'ദി റെസിസ്റ്റന്‍സ് ഫ്രണ്ടി(ടിആര്‍എഫ്)നെ ഭീകരസംഘടനയായി പ്രഖ്യാപിച്ച അമേരിക്കന്‍ നടപടിയില്‍ 'യുടേണ്‍' അടിച്ച് പാകിസ്താന്‍ ഉപപ്രധാനമന്ത്രിയും വിദേശകാര്യ മന്ത്രിയുമായ മുഹമ്മദ് ഇഷാഖ് ദാര്‍. കഴിഞ്ഞയാഴ്ച അമേരിക്കന്‍ നടപടിയെ എതിര്‍ത്ത പാക് പ്രതിരോധമന്ത്രി, യുഎസ് സന്ദര്‍ശനത്തിനിടെയാണ് നിലപാടില്‍ മലക്കംമറിഞ്ഞത്. വാഷിങ്ടണില്‍ നടന്ന ചടങ്ങില്‍ ടിആര്‍എഫിനെ ഭീകരസംഘടനയായി പ്രഖ്യാപിച്ച യുഎസ് നടപടിയെ അദ്ദേഹം പിന്തുണയ്ക്കുകയുംചെയ്തു.
ഏപ്രില്‍ 22-ലെ പഹല്‍ഗാം ഭീകരാക്രമണത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്ത ഭീകരസംഘടനയാണ് ടിആര്‍എഫ്. ലഷ്‌കറെ തൊയിബയുമായി ബന്ധമുള്ള ടിആര്‍എഫിനെ ഒരാഴ്ച മുന്‍പാണ് വിദേശ തീവ്രവാദസംഘടനയായി യുഎസ് പ്രഖ്യാപിച്ചത്. ഇതിനുപിന്നാലെയാണ് ടിആര്‍എഫിനെ പിന്തുണച്ച് പാക് ഉപപ്രധാനമന്ത്രി രംഗത്തെത്തിയത്. പഹല്‍ഗാമില്‍ ആക്രമണം നടത്തിയത് ടിആര്‍എഫ് അല്ലെന്നായിരുന്നു പാക് ഉപപ്രധാനമന്ത്രിയുടെ ന്യായീകരണം. എന്നാല്‍, ഒരാഴ്ചയ്ക്കുള്ളില്‍ യുഎസില്‍ സന്ദര്‍ശനത്തിനെത്തിയ പാക് ഉപപ്രധാനമന്ത്രി മുന്‍നിലപാടില്‍നിന്ന് 'യുടേണ്‍' അടിക്കുകയായിരുന്നു.
''ടിആര്‍എഫിനെ ഭീകരസംഘടനായി പ്രഖ്യാപിച്ചത് യുഎസിന്റെ പരമാധികാരപരമായ തീരുമാനമാണ്. ഞങ്ങള്‍ക്ക് അതില്‍ ഒരുപ്രശ്‌നവുമില്ല. അവരുടെ പക്കല്‍ തെളിവുകളുണ്ടെങ്കില്‍ ഞങ്ങള്‍ അതിനെ സ്വാഗതംചെയ്യുന്നു'', മുഹമ്മദ് ഇഷാഖ് ദാര്‍ വാഷിങ്ടണില്‍ പറഞ്ഞു. അതേസമയം, ടിആര്‍എഫിനെ ലഷ്‌കറെ തൊയിബയുമായി ബന്ധപ്പെടുത്തുന്നതിന്റെ അദ്ദേഹം എതിര്‍ത്തു. ലഷ്‌കറെ തൊയിബ ഭീകരസംഘടനയെ വര്‍ഷങ്ങള്‍ക്ക് മുന്‍പേ പാകിസ്താന്‍ തകര്‍ത്തതാണെന്നും ഇതില്‍ ഉള്‍പ്പെട്ടവരെയെല്ലാം അറസ്റ്റ് ചെയ്ത് ജയിലില്‍ അടച്ചതാണെന്നുമായിരുന്നു അദ്ദേഹത്തിന്റെ അവകാശവാദം.
2019-ലാണ് പാക് ഭീകരസംഘടനയായ ടിആര്‍എഫ് പ്രവര്‍ത്തനം ആരംഭിക്കുന്നത്. സാമൂഹികമാധ്യമങ്ങളിലൂടെയാണ് ലഷ്‌കറിന്റെ ഉപവിഭാഗമായി പ്രവര്‍ത്തിച്ചിരുന്ന ടിആര്‍എഫിന്റെ പ്രഖ്യാപനമുണ്ടായത്. ഇതിനുശേഷം ജമ്മുകശ്മീരിലെ വിവിധയിടങ്ങളിലുണ്ടായ ഭീകരാക്രമണങ്ങളുടെ ഉത്തരവാദിത്വം ടിആര്‍എഫ് ഏറ്റെടുത്തിരുന്നു. തുടര്‍ന്ന് 2023-ല്‍ ടിആര്‍എഫിനെ ഇന്ത്യ ഭീകരസംഘടനയായി പ്രഖ്യാപിച്ചു. അന്നുമുതല്‍ ടിആര്‍എഫിനെ ആഗോളഭീകരസംഘടനയായി പ്രഖ്യാപിക്കാന്‍ ഇന്ത്യ അന്താരാഷ്ട്രതലത്തില്‍ സമ്മര്‍ദം ആരംഭിച്ചിരുന്നു. ഇതിനുള്ള തെളിവുകളും ഇന്ത്യ യുഎന്നിന് കൈമാറിയിരുന്നു.
Content Highlights: Pakistan`s Deputy PM reverses stance, supports US designation of TRF as a terrorist organization
Published: 26 Jul 2025, 09:45 pm IST
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented