വാഷിങ്ടൺ: ട്രംപിനെതിരേ അമേരിക്കൻ തെരുവോരങ്ങളിൽ പ്രതിഷേധജ്വാല. പ്രസിഡന്റ് ഡോണാൾഡ് ട്രംപിന്റെയും, അദ്ദേഹത്തിന്‍റെ ഉപദേശകനും ടെസ്ല സിഇഒയുമായ ഇലോൺ മസ്കിന്റെയും നയങ്ങൾക്കെതിരേയാണ് ശനിയാഴ്ച യുഎസിലെ ഒട്ടുമിക്ക നഗരങ്ങളിലും പ്രതിഷേധം അരങ്ങേറിയത്. വാഷിങ്ടൺ, ന്യൂയോർക്ക്, ഹൂസ്റ്റൺ, ഫ്ലോറിഡ, കൊളറാഡോ, ലോസ് ആഞ്ജലീസ് തുടങ്ങിയ പ്രമുഖ നഗരങ്ങളുൾപ്പെടെ 50 സംസ്ഥാനങ്ങളിലെ തെരുവുകൾ പ്രതിഷേധക്കാർ കീഴടക്കി.
പൗരാവകാശസംഘടനകൾ, തൊഴിലാളി യൂണിയനുകൾ, എൽജിബിടിക്യു പ്രവർത്തകർ, തിരഞ്ഞെടുപ്പ് പരിഷ്കാരത്തിനായി വാദിക്കുന്നവർ തുടങ്ങിയവരുൾപ്പെടെ 150-ലേറെ സംഘങ്ങളുടെ നേതൃത്വത്തിലായിരുന്നു രാജ്യവ്യാപക പ്രതിഷേധം. ചെലവുചുരുക്കലിന്റെ ഭാഗമായുള്ള കൂട്ടപ്പിരിച്ചുവിടൽ, സാമ്പത്തികരംഗത്തെയും മനുഷ്യാവകാശമേഖലയിലെയും പ്രശ്നങ്ങൾ, ഉയർന്ന തീരുവ ചുമത്തൽ, ഗർഭച്ഛിദ്ര വിലക്ക് തുടങ്ങിയ വിഷയങ്ങൾ ഉയർത്തിയായിരുന്നു പ്രതിഷേധം. ട്രംപ് അധികാരത്തിലെത്തിയതിന് ശേഷം രാജ്യംകണ്ട ഏറ്റവും വലിയ പ്രതിഷേധത്തിനായിരുന്നു കഴിഞ്ഞ ദിവസം അമേരിക്ക സാക്ഷ്യംവഹിച്ചത്. യുഎസിന് രാജാവ് വേണ്ടെന്ന പ്ലക്കാർഡുകളും പ്രതിഷേധനിരയിൽ ഉയർന്നു.
ട്രംപിന്റെ നയങ്ങൾ സാമ്പത്തിക ഭ്രാന്താണെന്നും ഇത് ആഗോളസാമ്പത്തിക മാന്ദ്യത്തിലേക്ക് തള്ളിവിടുമെന്നും പ്രതിഷേധക്കാർ പറഞ്ഞു. ട്രംപ് ചിത്തഭ്രമം ബാധിച്ചയാളാണ്, അദ്ദേഹം ഭരണഘടനാ പ്രതിസന്ധി സൃഷ്ടിക്കുകയാണെന്നും പ്രതിഷേധക്കാർ പറഞ്ഞു. 'ഹാൻഡ്സ് ഓഫ്' എന്ന പേരിലായിരുന്നു രാജ്യത്തിന്റെ വിവിധ നഗരങ്ങളിൽ പ്രതിഷേധം സംഘടിപ്പിച്ചത്.
ഞാൻ വല്ലാതെ ദേഷ്യത്തിലാണ്. പ്രത്യേകാധികാരവും പീഡനാരോപണങ്ങളും നേരിടുന്ന ഒരു കൂട്ടം വെള്ളക്കാരാണ് രാജ്യം നിയന്ത്രിക്കുന്നത്- ന്യൂയോർക്കിൽ നടന്ന പ്രതിഷേധത്തിൽ പങ്കെടുത്ത ഷൈന കെസ്നർ എന്ന യുവതി പറഞ്ഞു.
അതേസമയം, രാജ്യത്തെമ്പാടും പ്രതിഷേധം ഉയർന്നെങ്കിലും തന്റെ നയങ്ങളിൽ മാറ്റംവരുത്താൻ പോകുന്നില്ലെന്ന് ട്രംപ് ആവർത്തിച്ചു. പ്രതിഷേധത്തെ വൈറ്റ് ഹൗസ് തള്ളിക്കളയുന്നെന്നും ട്രംപ് പ്രതികരിച്ചു.
Content Highlights: thousands protest against donald trump across US
Published: 06 Apr 2025, 11:24 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented