ന്യൂയോർക്ക്: അമേരിക്കയിൽ ട്രംപ് ഭരണകൂടത്തിനെതിരേ പ്രതിഷേധം കടുപ്പിച്ച് യു.എസ്. ജനത. പതിനായിരങ്ങളാണ് വീണ്ടും തെരുവിൽ പ്രതിഷേധിച്ചത്. ശനിയാഴ്ച വാഷിങ്ടൺ, ന്യൂയോർക്ക് അടക്കം നിരവധി നഗരങ്ങളിൽ പ്രതിഷേധം അരങ്ങേറി. 50 പ്രതിഷേധങ്ങൾ, 50 സംസ്ഥാനങ്ങൾ, ഒരു മുന്നേറ്റം എന്ന അർത്ഥത്തിൽ '50501' എന്ന പേരിലാണ് പ്രതിഷേധം അരങ്ങേറുന്നത്. അമേരിക്കൻ വിപ്ലവയുദ്ധത്തിന്റെ 250-ാം വാർഷികത്തെ അനുസ്മരിപ്പിക്കുംവിധത്തിലായിരുന്നു പ്രതിഷേധം.
വൈറ്റ് ഹൗസിനും ടെസ്‌ല ഡീലർഷിപ്പുകൾക്കും പുറത്ത് പ്രതിഷേധം അരങ്ങേറി. 'അമേരിക്കയിൽ രാജാക്കന്മാർ വേണ്ട', 'സ്വേച്ഛാധിപത്യത്തെ ചെറുക്കുക' തുടങ്ങിയ മുദ്രാവാക്യങ്ങളടങ്ങിയ പ്ലക്കാർഡുകളേന്തിയാണ് പ്രതിഷേധക്കാർ തെരുവിലിറങ്ങിയത്. രേഖകളില്ലാത്ത കുടിയേറ്റക്കാരെ ട്രംപ് നാടുകടത്തിയതിനേയും പ്രതിഷേധക്കാരിൽ ചിലർ വിമർശിക്കുന്നുണ്ട്. എൽ സാൽവദോറിലേക്ക് തെറ്റായി നാടുകടത്തപ്പെട്ട കിൽമർ അബ്രെഗോ ഗാർസിയയെ തിരിച്ചുകൊണ്ടുവരണമെന്നും പ്രതിഷേധക്കാർ ആവശ്യം ഉന്നയിച്ചതായി ബിബിസി റിപ്പോർട്ട് ചെയ്യുന്നു.
ട്രംപ് ഭരണകൂടം സർവകലാശാലകളിലും മറ്റും പ്രതിഷേധങ്ങളെ അടിച്ചമർത്തുന്ന രീതി തുടരുന്നതിനിടെയാണ് തെരുവുകളിൽ ജനം പ്രതിഷേധവുമായി ഇറങ്ങിയിരിക്കുന്നത്. ഏപ്രിൽ തുടക്കത്തിൽ ട്രംപ് ഭരണകൂടത്തിന്റെ ജനവിരുദ്ധ നയങ്ങൾക്കെതിരേ വിവിധ സംസ്ഥാനങ്ങളിൽ നടന്ന ഹാൻഡ്സ് ഓഫ് പ്രകടനത്തിൽ പതിനായിരക്കണക്കിനുപേരാണ് പങ്കെടുത്തത്.
അതേസമയം ട്രംപിന്റെ രണ്ടാംവരവിൽ ആദ്യപാദ അഭിപ്രായ വോട്ടെടുപ്പിൽ അദ്ദേഹത്തിന്റെ സ്വീകാര്യതയ്ക്ക് കോട്ടം തട്ടിയിട്ടില്ലെന്നാണ് സൂചിപ്പിക്കുന്നത്. ഗാലപ്പിയിൽ നിന്നുള്ള ഏറ്റവും പുതിയ വോട്ടെടുപ്പിൽ ട്രംപിന്റെ ആദ്യ പാദത്തെ പ്രകടനം 45 ശതമാനത്തോളം വോട്ടർമാർ അംഗീകരിക്കുന്നുവെന്നാണ് കണക്ക്. ട്രംപിന്റെ ആദ്യഭരണകാലത്ത് ഇതേ കാലയളവിൽ 41 ശതമാനത്തേക്കാൾ കൂടുതലാണിത്. എന്നാൽ, 1952 മുതൽ 2020 വരെ തിരഞ്ഞെടുക്കപ്പെടുന്ന എല്ലാ പ്രസിഡന്റുമാരുടേയും ആദ്യ പാദത്തിലെ ശരാശരി റേറ്റിങ്ങിനേക്കാൾ 60 ശതമാനം കുറവാണിത്.
രണ്ടാം ഡൊണാൾഡ് ട്രംപ് സർക്കാർ വിസ റദ്ദാക്കിയ 327 വിദേശവിദ്യാർഥികളിൽ പാതിപ്പേരും ഇന്ത്യക്കാരാണെന്ന് റിപ്പോർട്ട്. യുഎസിലെ കുടിയേറ്റക്കാർക്കുള്ള അഭിഭാഷകസംഘനയായ അമേരിക്കൻ ഇമിഗ്രേഷൻ ലോയേഴ്‌സ് അസോസിയേഷന്റേതാണ്(എഐഎൽഎ) വെളിപ്പെടുത്തൽ. സ്റ്റുഡന്റ്‌സ് ആൻഡ് എക്സ്‌ചേഞ്ച് വിസിറ്റർ ഇൻഫർമേഷൻ സംവിധാനത്തിൽ (സെവിസ്) വിദ്യാർഥി വിസാപദവി റദ്ദാക്കപ്പെട്ടവരുടെ വിവരങ്ങൾ ഉപയോഗിച്ചാണ് ഈ കണക്ക്. 14 ശതമാനം പേർ ചൈനയിൽനിന്നുള്ളവരാണ്. ബാക്കിയുള്ള വിദ്യാർഥികൾ ദക്ഷിണകൊറിയ, നേപ്പാൾ, ബംഗ്ലാദേശ് എന്നീ രാജ്യങ്ങളിൽനിന്നുള്ളവരും.
Content Highlights: Thousands Hold Anti-Trump Protests Across US
Published: 20 Apr 2025, 11:05 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented