വാഷിങ്ടണ്‍: അമേരിക്കയുടെ പരമോന്നത ബഹുമതിയായ 'പ്രസിഡന്‍ഷ്യല്‍ മെഡല്‍ ഓഫ് ഫ്രീഡം' ശതകോടീശ്വരനായ ജോര്‍ജ് സോറോസിന് നല്‍കിയതില്‍ വിമര്‍ശനവുമായി ടെസ്ല സി.ഇ.ഒ ഇലോണ്‍ മസ്‌ക്. അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്‍ സോറോസിന് മെഡല്‍ ഓഫ് ഫ്രീഡം നല്‍കുന്നത് പരിഹാസമായി തോന്നുന്നുവെന്ന് ഇലോണ്‍ മസ്‌ക് പ്രതികരിച്ചു. സാമൂഹികമാധ്യമമായ എക്‌സിലൂടെയായിരുന്നു ഇലോണ്‍ മസ്‌കിന്റെ പ്രതികരണം. 

To advertise here,

2025-ലെ പ്രസിഡന്‍ഷ്യന്‍ മെഡല്‍ ഓഫ് ഫ്രീഡം ജേതാക്കളെ അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്‍ പ്രഖ്യാപിച്ചത് ശനിയാഴ്ചയാണ്. ജനാധിപത്യത്തെ ശക്തിപ്പെടുത്താനുള്ള ശ്രമങ്ങൾ, മനുഷ്യാവകാശ പ്രവര്‍ത്തനങ്ങള്‍, വിദ്യാഭ്യാസരംഗത്തെ സംഭാവനകള്‍ എന്നിവ പരിഗണിച്ചാണ് ഓപ്പണ്‍ സൊസൈറ്റി ഫൗണ്ടേഷന്‍ സ്ഥാപകന്‍ കൂടിയായ സോറോസിന് മെഡല്‍ ഓഫ് ഫ്രീഡം നല്‍കുന്നതെന്നായിരുന്നു വൈറ്റ് ഹൗസ് പുറത്തിറക്കിയ പ്രസ്താവനയില്‍ വ്യക്തമാക്കിയിരുന്നത്.

കലാരംഗത്തെയും രാഷ്ട്രീയരംഗത്തെയും സംഭാവനകള്‍ പരിഗണിച്ച് 19 പേര്‍ക്കാണ് ഇത്തവണ മെഡല്‍ ഓഫ് ഫ്രീഡം പ്രഖ്യാപിച്ചത്. മുന്‍ സെക്രട്ടറി ഓഫ് സ്റ്റേറ്റ് ഹിലരി ക്ലിന്റണ്‍, ഫുട്‌ബോള്‍ ഇതിഹാസം ലയണല്‍ മെസ്സി, നടനായ ഡെന്‍സല്‍ വാഷിങ്ടണ്‍ എന്നിവരും ഇക്കുറി പുരസ്‌കാരത്തിന് അര്‍ഹരായി. എന്നാല്‍, പുരസ്‌കാരം ജോര്‍ജ് സോറോസിന് നല്‍കിയതിന് വിവിധ കോണുകളില്‍ നിന്ന് ജോ ബൈഡന്‍ വിമര്‍ശന ശരങ്ങളേറ്റുവാങ്ങുന്നുണ്ട്. 

മെയ്ക്ക് അമേരിക്ക ഗ്രേറ്റ് എഗെയ്ന്‍ (എംഎജിഎ) പ്രവര്‍ത്തകരും റിപബ്ലിക്കന്‍ പാര്‍ട്ടി നേതാക്കളും പ്രസിഡന്റ് ജോ ബൈഡനുനേരെ വിമര്‍ശനങ്ങള്‍ ഉന്നയിക്കുന്നുണ്ട്. ജോര്‍ജ് സോറോസിന് പ്രസിഡന്‍ഷ്യല്‍ മെഡല്‍ ഓഫ് ഫ്രീഡം നല്‍കിയത്, ബൈഡന്‍റെ മകന് ശിക്ഷാ ഇളവ് നൽകിയതുപോലെ അമേരിക്കയ്ക്ക് ഏറ്റ മറ്റൊരു തിരിച്ചടിയാണെന്ന് റിപബ്ലിക്കന്‍ പാര്‍ട്ടി നേതാവ് നിക്കി ഹാലി പ്രതികരിച്ചു.

അതേസമയം, അവാര്‍ഡിന് അര്‍ഹരായ എല്ലാവരും രാജ്യത്തിനും ലോകത്തിനും വ്യക്തമായ സംഭാവനകള്‍ നല്‍കിയവരാണെന്നായിരുന്നു ജോ ബൈഡന്റെ പ്രതികരണം. 

ശതകോടീശ്വരനായ നിക്ഷേപകനാണ് ജോര്‍ജ് സോറോസ്. വിവാദങ്ങള്‍ക്കിടെ സോറോസിന്റെ പേര് ഇടയ്ക്ക് ഉയര്‍ന്നുകേള്‍ക്കാറുമുണ്ട്. റിപബ്ലിക്കന്‍ പാര്‍ട്ടി പ്രവര്‍ത്തകരുടെ വിമര്‍ശനങ്ങള്‍ക്കും ജോര്‍ജ് സോറോസ് വിധേയമാകാറുണ്ട്. ജോര്‍ജ് സോറോസ് രാഷ്ട്രീയ ക്യാംപയിനുകള്‍ക്ക് ഫണ്ട് നൽകുന്നത് ജനാധിപത്യത്തിന്റെ ശക്തി ചോര്‍ത്തുന്നുവെന്നാണ് വിമര്‍ശകര്‍ പ്രധാനമായും ഉന്നയിക്കുന്ന ആരോപണം.