ന്യൂഡൽഹി: ലഷ്‌കര്‍ ഇ തൊയ്ബ നേതാവും പാക് ഭീകരനുമായ അബ്ദുൾ റഹ്‌മാൻ മക്കി മരിച്ചതായി റിപ്പോർട്ടുകൾ. ഹൃദയാഘാതംമൂലം വെള്ളിയാഴ്ച മക്കി മരിച്ചതായാണ് ദേശീയമാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. രാജ്യത്തെ നടുക്കിയ മുംബൈ ഭീകരാക്രമണത്തിന്റെ സൂത്രധാരകരിൽ ഒരാളായിരുന്നു കൊടുംകുറ്റവാളിയായ അബ്ദുൾ റഹ്‌മാൻ മക്കി. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ലാഹോറിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു ഇയാൾ.
2019 മേയിൽ പാകിസ്താൻ സർക്കാർ മക്കിയെ അറസ്റ്റ് ചെയ്ത് വീട്ടുതടങ്കലിലാക്കിയിരുന്നു. ഭീകരവാദത്തിന് സാമ്പത്തിക സഹായം നൽകിയതുമായി ബന്ധപ്പെട്ട കേസുകളിൽ പാക് കോടതി ഇയാളെ ജീവപര്യന്തത്തിന് ശിക്ഷിക്കുകയും ചെയ്തിരുന്നു. 2023 ജനുവരിയിലാണ് ഐക്യരാഷ്ട്രസഭ സുരക്ഷാ കൗൺസിൽ (യു.എൻ.എസ്.സി) മക്കിയെ ആഗോള ഭീകരവാദിയായി പ്രഖ്യാപിച്ചത്.
രാജ്യത്തെ ആഭ്യന്തര നിയമപ്രകാരം ഇന്ത്യയും അമേരിക്കയും നേരത്തെ തന്നെ ഇയാളെ ഭീകരവാദ ലിസ്റ്റിൽ ഉൾപ്പെടുത്തിയിരുന്നു. ഇന്ത്യയ്ക്കെതിരേ പ്രത്യേകിച്ചും ജമ്മു കശ്മീരിനെതിരേ ആക്രമണത്തിന് പദ്ധതി തയ്യാറാക്കുക, യുവാക്കളെ ആക്രമണങ്ങൾക്ക് പ്രേരിപ്പിക്കുക, റിക്രൂട്ട് ചെയ്യുക, ലഷ്‌കറെ തൊയ്ബയുടെ (എൽ.ഇ.ടി.) ഭീകരവാദ പ്രവർത്തനങ്ങൾക്ക് ധനസമാഹരണം നടത്തുക തുടങ്ങിയ കാര്യങ്ങളിൽ ഇയാൾ ഉൾപ്പെട്ടതായി നേരത്തെ റിപ്പോർട്ടുകളുണ്ടായിരുന്നു.
Content Highlights: Mumbai terror attack plotter Abdul Rehman Makki dies in Pakistan
Published: 27 Dec 2024, 03:32 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented