ധാക്ക: ബംഗ്ലാദേശിൽ മടങ്ങിയെത്തിയ ബംഗ്ലാദേശ് നാഷണലിസ്റ്റ് പാർട്ടി (ബിഎൻപി) ആക്ടിങ് ചെയർമാൻ താരിഖ് റഹ്മാനെ സ്വാഗതം ചെയ്യാനെത്തിയത് ആയിരക്കണക്കിനാളുകൾ. 17 വർഷത്തിലേറെയായി ലണ്ടനിൽ പ്രവാസത്തിലായിരുന്ന താരിഖ് വ്യാഴാഴ്ച ഉച്ചയോടെയാണ് എത്തിച്ചേർന്നത്. മുൻ പ്രസിഡന്റ് സിയാവുർ റഹ്മാന്റെയും മുൻ പ്രധാനമന്ത്രി ഖാലിദ സിയയുടെയും മകനായ താരിഖിന്റെ തിരിച്ചുവരവ് ഫെബ്രുവരിയിൽ നടക്കാനിരിക്കുന്ന പൊതുതിരഞ്ഞെടുപ്പിൽ നിർണായകമാകും.

To advertise here,

ഭാര്യ സുബൈദ റഹ്മാൻ, മകൾ സൈമ റഹ്മാൻ എന്നിവർക്കൊപ്പം എത്തിയ താരിഖിനെ സ്വാഗതംചെയ്യാൻ ബിഎൻപി പ്രവർത്തകരും പാർട്ടി നേതാക്കളും വിമാനത്താവളത്തിലേക്ക് കാൽനടയായാണെത്തിയത്. വളർത്തുപൂച്ച സീബുവിനെയും താരിഖ് കുടുംബം ഒപ്പം കൂട്ടിയിരുന്നു. അടുത്ത സഹായികളായ അബ്ദുർ റഹ്മാൻ സുനി, കമൽ ഉദ്ദീനും എന്നിവരും താരിഖിനെ യാത്രയിൽ അനുഗമിച്ചു. വിമാനമിറങ്ങിയ താരിഖിനെ ബിഎൻപി സ്റ്റാൻഡിങ് കമ്മിറ്റി അംഗങ്ങൾ സ്വീകരിച്ചു.

പ്രത്യേകം ഇറക്കുമതി ചെയ്ത രണ്ട് ബുള്ളറ്റ് പ്രൂഫ് വാഹനങ്ങളിൽ ഒന്നിലാണ് വിമാനത്താവളത്തിൽനിന്ന് താരിഖിന്‍റെ യാത്ര. പുർബാചൽ എക്സ്പ്രസ് വേയിൽ ഗംഭീര സ്വീകരണം നൽകുമെന്നും റിപപോർട്ടുകളുണ്ട്. ബിഎൻപിയുടെ മുതിർന്ന നേതാക്കളും പ്രമുഖ വ്യക്തികളും വേദിയിൽ ഉണ്ടാകുമെങ്കിലും താരിഖ് റഹ്മാൻ മാത്രമായിരിക്കും ജനക്കൂട്ടത്തെ അഭിസംബോധന ചെയ്യുന്നതെന്ന് ദ ഡെയ്‌ലി സ്റ്റാർ റിപ്പോർട്ട് ചെയ്തു. പരിപാടിയിൽ ഏകദേശം 50 ലക്ഷം ആളുകൾ പങ്കെടുക്കുമെന്ന് പാർട്ടി പ്രതീക്ഷിക്കുന്നതായും റിപ്പോർട്ടിൽ പറയുന്നു.

എവർകെയർ ഹോസ്പിറ്റലിൽ ചികിത്സയിൽ കഴിയുന്ന മാതാവിനെ താരിഖ് സന്ദർശിച്ചു. ഒരു മാസത്തിലേറെയായി ഖാലിദ സിയ അവിടെ ചികിത്സയിലാണ്. അമ്മയെ സന്ദർശിച്ച ശേഷം, താരിഖ് കുടുംബം ഗുൽഷൻ-2ലെ സിയ കുടുംബത്തിന്റെ വസതിയായ ഫിറോസ സന്ദർശിക്കും. അനിഷ്ട സംഭവങ്ങൾ തടയുന്നതിനായി പോലീസ് സുരക്ഷാ നടപടികൾ ശക്തമാക്കിയിട്ടുണ്ട്.

കഴിഞ്ഞ വർഷം നടന്ന വിദ്യാർഥി പ്രക്ഷോഭത്തിൽ സിയ കുടുംബത്തിന്റെ പ്രധാന ശത്രുവായിരുന്ന ദീർഘകാല പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയെ പുറത്താക്കിയതിന് ശേഷം ബിഎൻപി മുന്നേറ്റം നടത്തിക്കൊണ്ടിരിക്കുന്ന ഘട്ടത്തിലാണ് ലണ്ടനിൽ നിന്ന് റഹ്മാന്റെ തിരിച്ചുവരവ്. 1991 മുതൽ ഖാലിദ സിയയും ഷെയ്ഖ് ഹസീനയും അധികാരത്തിൽ മാറിമാറി വന്നിട്ടുണ്ട്.

യുഎസ് ആസ്ഥാനമായുള്ള ഇൻ്റർനാഷണൽ റിപ്പബ്ലിക്കൻ ഇൻസ്റ്റിറ്റ്യൂട്ടിന്റെ ഡിസംബറിലെ ഒരു സർവ്വേ അനുസരിച്ച്, ബിഎൻപി ഏറ്റവും കൂടുതൽ പാർലമെൻ്ററി സീറ്റുകൾ നേടാൻ സാധ്യതയുണ്ട്. ഇസ്ലാമിസ്റ്റ് ജമാഅത്തെ ഇസ്ലാമി പാർട്ടിയും മത്സരത്തിലുണ്ട്. തിരഞ്ഞെടുപ്പിൽ നിന്ന് വിലക്കപ്പെട്ട ഹസീനയുടെ അവാമി ലീഗ് പാർട്ടി, തിരഞ്ഞെടുപ്പ് താളം തെറ്റിക്കുമെന്ന ആശങ്കയും നിലനിൽക്കുന്നുണ്ട്.