കാബൂളിലെ താലിബാന്‍ കടന്നുകയറ്റം അന്താരാഷ്ട്ര സമൂഹത്തെ ഒന്നടങ്കം ആശങ്കയിലാഴ്ത്തിയിരിക്കുകയാണ്. ഒട്ടുമിക്ക രാജ്യങ്ങളും അവരുടെ നയതന്ത്ര പ്രതിനിധികളേയും പൗരന്മാരേയും അഫ്ഗാനിസ്ഥാനില്‍ നിന്ന് ഒഴിപ്പിക്കാനുള്ള നീക്കങ്ങള്‍ തുടരുകയാണ്. സുരക്ഷിതമായി അഫ്ഗാന്‍ വിടാന്‍ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് 60 രാജ്യങ്ങള്‍ സംയുക്ത പ്രസ്താവന പുറത്തിറക്കിയിട്ടുണ്ട്. അഫ്ഗാനിസ്ഥാനിലെ താലിബാന്‍ പ്രതിസന്ധി എങ്ങനെയൊക്കെയാണ് ഇന്ത്യയെ ബാധിക്കുക? 

പൗരന്മാരെ ഒഴിപ്പിക്കല്‍-പ്രഥമ പരിഗണന

അഫ്ഗാനിസ്ഥാനിലുള്ള ഇന്ത്യന്‍ പൗരന്മാരേയും നയതന്ത്ര പ്രതിനിധികളേയും സുരക്ഷിതമായി തിരിച്ചെത്തിക്കുകയാണ് ഇന്ത്യ സംബന്ധിച്ച് പ്രാഥമിക നടപടി. നിലവിലെ പ്രതിസന്ധി കണക്കിലെടുത്ത് അഫ്ഗാനിസ്ഥാനിലുള്ള ഇന്ത്യാക്കാരെ ഒഴിപ്പിക്കല്‍ തുടരുകയാണ്‌. നയതന്ത്ര പ്രതിനിധികളെ തിരിച്ചുവിളിച്ച് 48 മണിക്കൂറിനുള്ളില്‍ കാബൂളിലെ ഇന്ത്യന്‍ എംബസി ഒഴിപ്പിക്കുമെന്നും ഇന്ത്യ വ്യക്തമാക്കിയിട്ടുണ്ട്. എയര്‍ ഇന്ത്യ വിമാനം സര്‍വീസ് തുടരുമെന്നും ഇന്ത്യ വ്യക്തമാക്കി. കാബൂളിലേക്ക് താലിബാന്‍ പ്രവേശിക്കുന്നതിന് മുന്‍പ് തന്നെ അഫ്ഗാനിലെ ഇന്ത്യക്കാരെ ഒഴിപ്പിച്ചുതുടങ്ങിയിരുന്നു. 

നിര്‍മിതികളും നിക്ഷേപങ്ങളും​ സംരക്ഷിക്കേണ്ടത് ബാധ്യത

മുന്‍ പ്രസിഡന്റ് ഹമീദ് കര്‍സായിയുടെ ഭാരണകാലം മുതല്‍ കഴിഞ്ഞ 20 വര്‍ഷത്തിനിടെ ഇന്ത്യ അഫ്ഗാനിസ്ഥാനില്‍ വലിയ തോതിലുള്ള നിക്ഷേപമാണ് നടത്തിയിരിക്കുന്നത്. ഇന്ത്യ-അഫ്ഗാന്‍ സൗഹൃദ പദ്ധതിയായ സല്‍മ ഡാം, സരഞ്ച് ഡെലാറാം ഹൈവേ, പാര്‍ലമെന്റ് കെട്ടിടം, ഊര്‍ജം, ആരോഗ്യം തുടങ്ങി നിരവധി മേഖലകളില്‍ വലിയ നിക്ഷേപം ഇന്ത്യയ്ക്ക് അഫ്ഗാനിസ്ഥാനിലുണ്ട്. ഇവ സംരക്ഷിക്കേണ്ടത് ഇന്ത്യയുടെ ബാധ്യതയാണ്.  താലിബാന്‍ ഭരണത്തിനുകീഴില്‍ അഫ്ഗാനിസ്ഥാനിലൂടെയുള്ള വ്യാപാരം കറാച്ചി, ഗ്വാദര്‍ എന്നിവയിലൂടെ നടത്തേണ്ടിവരും. പാകിസ്താനെ മറികടക്കാന്‍ ഉദ്ദേശിച്ച് ഇറാനുമായും അഫ്ഗാനുമായി സഹകരിച്ച് ചബഹാര്‍ തുറമുഖത്ത്‌ ഇന്ത്യ നടത്താന്‍ ഉദ്ദേശിച്ച നിക്ഷേപ പദ്ധതി ഇനി നടന്നേക്കില്ല

സുരക്ഷാ ആശങ്ക

അതിര്‍ത്തി പ്രശ്‌നങ്ങള്‍, സുരക്ഷ തുടങ്ങി പാകിസ്താന്റെയും ചൈനയുടേയും ഭീഷണി ഇന്ത്യക്ക് മുന്നിലുണ്ട്‌. ഈ രണ്ട് രാജ്യങ്ങള്‍ക്കും വലിയ സ്വാധീനം താലിബാനില്‍ ഉണ്ട്. അതുകൊണ്ടുതന്നെ അഫ്ഗാനില്‍ അധികാരത്തിലേറുന്ന താലിബാനുമായി എങ്ങനെ മുന്നോട്ട് നീങ്ങണം എന്നത് ഇന്ത്യയെ സംബന്ധിച്ച് ഏറെ നിര്‍ണായകവുമാണ്‌. 

താലിബാന്‍ അധികാരത്തിലേറുമ്പോള്‍ പാകിസ്താന്‍-ചൈന-താലിബാന്‍ അച്ചുതണ്ടിനെയാണ്‌ ഇന്ത്യ ഭാവിയില്‍ നേരിടേണ്ടി വരിക. അതേസമയം അധികാരത്തിലേറുന്ന താലിബാന്‍ സര്‍ക്കാരുമായി ഇന്ത്യ എന്ത് നിലപാടിലെത്തുമെന്ന് വ്യക്തമല്ല

പാകിസ്താനുമായി ഇന്ത്യ അതിര്‍ത്തി പങ്കിടുന്ന ദക്ഷിണ പ്രവിശ്യകളില്‍ താവളങ്ങളും പരിശീലന സ്ഥലങ്ങളും സ്ഥാപിച്ചിട്ടുള്ള ലഷ്‌കര്‍-ഇ-തൊയ്ബ, ജെയ്ഷെ-മുഹമ്മദ് തുടങ്ങിയ ഭീകര ഗ്രൂപ്പുകള്‍ക്ക് ഇന്ത്യയ്ക്കെതിരെ ആക്രമണങ്ങള്‍ നടത്താന്‍ താലിബാന്റെ പിന്തുണ കൂടി അവര്‍ക്ക് ലഭിക്കുമോ എന്ന ആശങ്കയുമുണ്ട്‌.